കെ.എൻ.എ. ഖാദറിനെ തള്ളി പി.എം.എ. സലാം; സാദിഖലി തങ്ങൾ മതസൗഹാർദ വേദിയിൽ പോയപോലെയല്ല ഇത്
text_fieldsകോഴിക്കോട്: ആർ.എസ്.എസ് സഹകരണം ലീഗ് നയമല്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. കെ.എൻ.എ ഖാദർ ആർ.എസ്.എസ് വേദിയിൽ പോയത് സംബന്ധിച്ച് വിവിധ ഭാഗങ്ങളിൽ നിന്ന് വിമർശനം ഉയരുന്നുണ്ട്. പരിപാടിക്ക് ക്ഷണിച്ചാൽ, അത് ആര് സംഘടിപ്പിക്കുന്നതാണ്, അവിടെപോയി എന്ത് പറയണം തുടങ്ങിയ കാര്യങ്ങളെല്ലാം ആലോചിച്ചും പാർട്ടിയുമായി ചർച്ച ചെയ്തും വേണം പരിപാടിക്ക് പോകാൻ. ഇതൊക്കെ പാർട്ടി പ്രവർത്തകർക്കുള്ള മുന്നറിയിപ്പാണ്. കെ.എൻ.എ ഖാദറിനോട് പാർട്ടി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. വിശദീകരണം ലഭിച്ച ശേഷം ആവശ്യമായ നടപടിയെടുക്കുമെന്നും പി.എം.എ സലാം പറഞ്ഞു.
സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മത സൗഹാർദ വേദിയിൽ പോയതു പോലെയാണെന്ന് ആർ.എസ്.എസ് വേദിയിൽ പോയതെന്ന ഖാദറിന്റെ പരാമർശം ശരിയല്ല. സാദിഖലി തങ്ങൾ മതസൗഹാർദ യോഗം വിളിച്ചത് വിവിധ മത സംഘടനാ നേതാക്കളെയാണ്. അതിൽ ആർ.എസ്.എസിനെ ഉൾപ്പെടുത്താനാകില്ല. ആർ.എസ്.എസിനെ കുറിച്ച് വ്യക്തമായ നിലപാട് മുസ്ലിം ലീഗിനുണ്ട്.
ഇന്ത്യയുടെ മതസൗഹാർദം തകർക്കാനും ഏകപക്ഷീയമായി കാര്യങ്ങൾ അടിച്ചേൽപ്പിക്കാനും ശ്രമിക്കുന്നത് നാം ഇപ്പോഴും അനുഭവിക്കുകയാണ്. ഭക്ഷണം, വസ്ത്രം, ആരാധന തുടങ്ങിയ കാര്യങ്ങളിൽ ഏകപക്ഷീയമായ അടിച്ചമർത്തലുകളാണ് നടപ്പാക്കുന്നത്. അതിനൊക്കെ പിറകിൽ ആർ.എസ്.എസ് ആണ്. അവരുമായി ഒരു നിലക്കും സഹകരിക്കാൻ പാടില്ല എന്ന നിലപാടിൽ മാറ്റമില്ല.
ഖാദർ പോയത് ആർ.എസ്.എസ് യോഗത്തിനാണോ, എന്തായിരുന്നു അതിന്റെ സ്വഭാവം എന്നീകാര്യങ്ങൾ അദ്ദേഹത്തിന്റെ വിശദീകരണം ലഭിച്ചാൽ മാത്രമേ പറയാനാകൂവെന്നും പി.എം.എ. സലാം പറഞ്ഞു.
എം.എം. മണിക്കെതിരെയുള്ള പി.കെ. ബഷീറിന്റെ പ്രസംഗം ശ്രദ്ധയിൽ പെട്ടില്ലെന്നും സലാം പറഞ്ഞു. സാദിഖലി തങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന കേരള പര്യടനം ഇന്ന് കോഴിക്കോട്ട് അവസാനിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.