'പോയവർക്ക് തോന്നുന്നുണ്ടാകും പോകേണ്ടിയിരുന്നില്ലെന്ന്'; കെ.ടി ജലീലിന് മറുപടിയുമായി പി.എം.എ സലാം
text_fieldsമലപ്പുറം: ഡൽഹിയിലെ മുസ്ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരത്തിന്റെ നിർമാണത്തിലേക്ക് നടന്ന ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട് വിമർശനങ്ങൾ ഉന്നയിച്ച കെ.ടി.ജലീൽ എം.എൽ.എക്ക് മറുപടിയുമായി മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം. ഫണ്ട് സ്വരൂപിച്ചവർക്കറിയാം അതെങ്ങനെ മോണിറ്റർ ചെയ്യാമെന്ന്, ഇക്കാര്യത്തിൽ മേൽവിലാസമില്ലാത്തവർക്ക് മറുപടി പറയാൻ ഞങ്ങൾ തയാറല്ലെന്നും അദ്ദേഹം പറഞ്ഞു. വാർത്ത സമ്മേളനത്തിൽ മാധ്യമപ്രവർത്തരുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്. ജനങ്ങൾ വിശ്വസിച്ചാണ് പണം നൽകിയത്. അതിൽ പുറത്ത് നിന്നുള്ളവർ അസൂയപ്പെട്ടിട്ട് കാര്യമില്ല. ഇപ്പോൾ പോയവർക്ക് തോന്നുന്നുണ്ടാകും പോകേണ്ടിയിരുന്നില്ലായെന്നെന്നും സലാം ജലീലിനെ പരിഹസിച്ചു.
ആസ്ഥാന മന്ദിരത്തിന്റെ ഫണ്ട് സമാഹരണത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഘടകങ്ങളെ കോഴിക്കോട് വെച്ച് പാർട്ടി നേതൃത്വം ആദരിച്ചിരുന്നു. ഫണ്ട് സമാഹരണത്തിൽ അലസത കാണിച്ചവർക്കും വീഴ്ച വരുത്തിയവർക്കുമെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നടപടിയുടെ ആദ്യ ഘട്ടം എന്ന നിലയിൽ ക്വാട്ട പൂർത്തിയാക്കാത്തവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും. ഏഴു ദിവസത്തിനകം മറുപടി നൽകണം. മറുപടി തൃപ്തികരമല്ലാത്ത എല്ലാ ഘടകങ്ങൾക്കെതിരെയും ശക്തമായ നടപടിയെടുക്കുമെന്നും പി.എം.എ.സലാം പറഞ്ഞു. തുടർന്നാണ് ജലീലിന്റെ വിമർശനങ്ങൾ മാധ്യമ പ്രവർത്തകർ മുസ്ലീം ലീഗ് ജനറൽ സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.
"കെ.ടി.ജലീലിന് പാർട്ടി അംഗത്വമുണ്ടോ..? പുറത്തുള്ള ആളുകൾ, മേൽ വിലാസമില്ലാത്ത ആളുകൾ എന്തെങ്കിലും പറയും. അതിനൊന്നും മറുപടി പറയാൻ ഞങ്ങൾ തയാറല്ല. ഫണ്ട് ഉണ്ടാക്കിയവർക്കറിയാം അതെങ്ങനെ മോണിറ്റർ ചെയ്യാമെന്ന്, അതിന് പുറത്ത് നിന്ന് സഹായം ആവശ്യമില്ല. ആവശ്യമുണ്ടാകുമ്പോൾ ചോദിക്കാം.. ഫണ്ട് ഉണ്ടാക്കിയവർക്ക് അത് മോണിറ്റർ ചെയ്യാനുമറിയും. അതു കൊണ്ടല്ലേ ജനങ്ങൾ വിശ്വസിച്ച് തന്നത്. അതിന് പുറത്തുള്ളവർ അസൂയപ്പെട്ടിട്ട് വല്ല കാര്യവുമുണ്ടോ..? ഇപ്പോ പോയവർക്ക് തോന്നുന്നുണ്ടാകും പോകേണ്ടിയിരുന്നില്ലെന്ന് അതിന് ഞങ്ങൾ കുറ്റക്കാരല്ലല്ലോ.."
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.