‘സമസ്തക്കെതിരെ ഞാനൊന്നും പറഞ്ഞിട്ടില്ല’; തെളിയിക്കാൻ മാധ്യമങ്ങളെ വെല്ലുവിളിച്ച് പി.എം.എ സലാം
text_fieldsകോഴിക്കോട്: സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങൾക്കെതിരായ വിവാദ പരാമർശത്തിൽ കൂടുതൽ വിശദീകരണവുമായി മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. പാണക്കാട് സാദിഖലി തങ്ങളും ജിഫ്രി തങ്ങളും വളരെ സൗഹൃദത്തിലാണ്. സമസ്തയും ലീഗും തമ്മിലുള്ള ചെറിയ ആശയക്കുഴപ്പങ്ങൾ പറഞ്ഞവസാനിപ്പിച്ച് ഒത്തുതീർപ്പിലേക്ക് വരികയാണ്. അത് തകർക്കാനുള്ള ചില ആളുകളുടെ ബോധപൂർവമായ ശ്രമത്തിന്‍റെ ഭാഗമാണിതെന്നും സലാം പറഞ്ഞു.
ജിഫ്രി തങ്ങളെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കാറില്ല. വലിയ മതസംഘടനയുടെ ഉന്നതനായ നേതാവാണ്. മുഖ്യമന്ത്രി പിണറായി വിജയൻ പി. സരിന്‍റെ കൈ പിടിച്ച് ഉയർത്തുകയാണ് ചെയ്തത്. എന്നാൽ, ജിഫ്രി തങ്ങൾ തോളിൽ കൈവെക്കുകയാണ് ഉണ്ടായത്.
ജിഫ്രി തങ്ങളും സാദിഖലി തങ്ങളും സമസ്തയും ലീഗുമെല്ലാം ഒന്നുതന്നെയാണ്. രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള തർക്കം പറയുമ്പോൾ രാഷ്ട്രീയ പാർട്ടി നേതാക്കളെയാണ് ഉദ്ദേശിക്കുന്നത്. പറഞ്ഞ കാര്യത്തിൽ സംശയമുണ്ടെങ്കിൽ മാധ്യമങ്ങൾ ചോദിക്കണം. മാധ്യമങ്ങൾ പറഞ്ഞതാണ് ശരിയെന്ന് തെളിയിക്കാൻ കഴിയുമോ എന്ന് സലാം വെല്ലുവിളിച്ചു.
ദേശാഭിമാനിയിൽ കൊടുക്കാൻ പറ്റില്ലെന്ന് പറഞ്ഞ പരസ്യം വർഗീയതക്കായാണ് കൊടുത്തത്. സുപ്രഭാതം പരസ്യം കൊടുത്തതിൽ ലീഗ് അഭിപ്രായം പറയേണ്ടതില്ലെന്നും പി.എം.എ സലാം വ്യക്തമാക്കി.
വിവാദ പരാമർശത്തിൽ പി.എം.എ. സലാമിനെ തള്ളി മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഇന്നലെ രംഗത്തു വന്നിരുന്നു. പി.എം.എ സലാം പറഞ്ഞത് ലീഗിന്‍റെ നിലപാടല്ലെന്ന് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ ഉമർ ഫൈസി മുക്കം പ്രസ്താവന നടത്തിയപ്പോഴും ലീഗ് എതിർത്തിരുന്നു. പി.എം.എ സലാം തന്നെ ആരോപണം നിഷേധിച്ചിട്ടുണ്ട്. സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളും തള്ളിക്കളഞ്ഞിട്ടുണ്ട്. വിഷയത്തെ കുറിച്ച് പാർട്ടി ആലോചിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പാലക്കാട്ടെ സ്ഥാനാർഥികളായ രാഹുൽ മാങ്കൂട്ടത്തിൽ, പി. സരിൻ എന്നിവരെ കുറിച്ച് പറയുന്നതിനിടെയാണ് പി.എം.എ സലാം ജിഫ്രി തങ്ങൾക്ക് എതിരെ പരോക്ഷ പരാമർശം നടത്തിയത്. രാഹുൽ മങ്കൂട്ടത്തെ തലയിൽ കൈവെച്ചു അനുഗ്രഹിച്ചത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ്. ഇടത് സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്കു പോകുമ്പോൾ അദ്ദേഹത്തെ തലയിൽ കൈ വെച്ചു അനുഗ്രഹിച്ച മറ്റൊരു നേതാവ് ഉണ്ടായിരുന്നു. ആരുടെ കൂടെയാണ് കേരളീയ മുസ്‍ലിം സമൂഹം എന്ന് വ്യക്തമായി അംഗീകരിക്കപ്പെട്ട ഒരു സാഹചര്യമാണ് ഇത് എന്നായിരുന്നു പി.എം.എ. സലാമിന്റെ പ്രതികരണം.
സരിൻ തെരെഞ്ഞെടുപ്പിന് മുൻപ് ജിഫ്രി തങ്ങളെ കണ്ടതും അനുഗ്രഹം നേടിയതിനും എതിരായ ഒളിയമ്പായി ഇതിനെ വ്യാഖ്യാനിക്കപ്പെട്ടു. മുസ്‍ലിം സമുദായത്തെ പ്രധിനിധീകരിക്കുന്ന പത്രങ്ങൾ ഏതാണ് എന്നും ഈ തെരഞ്ഞെടുപ്പോടെ വ്യകതമായിരിക്കുകയാണ് എന്നും സുപ്രഭാതത്തിലും സിറാജിലും വന്ന പരസ്യങ്ങളെ പരോക്ഷമായി സൂചിപ്പിച്ചു സലാം വ്യക്തമാക്കി. ഏതുപത്രം പറയുന്നതാണ് കേരളത്തിലെ മുസ്‍ലിം സമൂഹം അംഗീകരിക്കുന്നതെന്ന് കൂടി തെളിയിക്കപ്പെട്ട സാഹചര്യമാണെന്നും പി.എം.എ. സലാം ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, പി.എം.എ സലാമിനെ വിമർശിച്ച് എസ്.വൈ.എസ് നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു. സമസ്തയെയും സമസ്ത നേതാക്കളെയും ഇടക്കിടെ കൊട്ടുന്നത് മുഖ്യ തൊഴിലാണെന്ന് ഫൈസി അമ്പലക്കടവ് ഫേസ്ബുക്കിൽ കുറിച്ചു.
സമസ്ത അധ്യക്ഷനെ നിരന്തരം വേട്ടയാടുന്നു. ലീഗ് നേതൃത്വത്തിൽ നുഴഞ്ഞു കയറി പാർട്ടി സ്ഥാനം ദുരുപയോഗം ചെയ്ത് സമസ്തയെ ആക്രമിക്കുകയാണ് ഇവരുടെ ലക്ഷ്യം. ആര് ചതി പ്രയോഗം നടത്തിയാലും സമസ്തക്ക് ഒന്നും സംഭവിക്കില്ലെന്നും ഫൈസി അമ്പലക്കടവ് പോസ്റ്റിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.