പള്ളിയുടെ കാര്യമാണ് പള്ളികളിൽ പറയുന്നത്; തീരുമാനം മുസ്ലിം സംഘടനകളുടേതാണെന്ന് പി.എം.എ സലാം
text_fieldsവഖഫ് നിയമനം പി.എസ്.സിക്ക് വിടുന്നതിനെതിരെ ബോധവത്കരണം നടത്താനുള്ള തീരുമാനം മുസ്ലിം സംഘടനകളുടേതാണെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം. ലീഗിൽ ഇതിനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് സ്വത്തുക്കളുടെ കൈകാര്യകർതൃത്വം സംബന്ധിച്ചുള്ള വിഷയങ്ങളാണ് പള്ളിയിൽ ബോധവത്കരണം നടത്താൻ മുസ്ലിം സംഘടനകൾ തീരുമാനിച്ചത്. പള്ളിയുടെ കാര്യങ്ങൾ മറ്റെവിടെയാണ് പറയുക എന്നും അദ്ദേഹം ചോദിച്ചു.
മുസ്ലിം സംഘടനകളുടെ യോഗത്തിന്‍റെ കൺവീനർ എന്ന നിലക്കാണ് താൻ കാര്യങ്ങൾ മാധ്യമങ്ങളോട് വിശദീകരിച്ചതെന്നും കൂടെയുണ്ടായിരുന്നത് മുഴുവൻ മുസ്ലിം സംഘടനാ നേതാക്കളാണെന്നും അത് ലീഗിന്‍റെ തീരുമാനങ്ങളല്ലെന്നും സലാം പറഞ്ഞു.
ഇപ്പോൾ മുസ്ലിം ലീഗിനെ വിമർശിക്കുന്നവർ എക്കാലത്തും ലീഗിനെ വിമർശിച്ചവരായിരുന്നുവെന്നും ഒരു കാലത്തും ലീഗ് നല്ലത് ചെയ്തുവെന്ന് അവരാരും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആ എതിർപ്പുകൾ ലീഗ് കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് പള്ളികളെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുകയാണെന്ന കെ.ടി ജലീലിന്‍റെ വിമർശനത്തെ സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
എല്ലാ മത സമൂഹങ്ങളും അവരെ ബാധിക്കുന്ന കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയും പറയുകയും ചെയ്യും. മതസമൂഹങ്ങൾക്ക് അവരുടെ വിശ്വാസമനുസരിച്ച് പ്രവർത്തിക്കാനും പ്രബോധനം ചെയ്യാനുമൊക്കെ സ്വാതന്ത്ര്യമുണ്ട്. വിശ്വാസികളുടെയും ആഭ്യന്തര കാര്യങ്ങളിൽ സർക്കാർ എന്തിനാണ് കൈ കടത്തുന്നതെന്നും സലാം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.