ചന്ദ്രികയുടെ അക്കൗണ്ടിലിട്ടത് പാര്‍ട്ടി പിരിച്ച പണമാണെന്ന് പി.എം.എ സലാം
text_fieldsചന്ദ്രികയുടെ അക്കൗണ്ടിലിട്ടത് പാര്‍ട്ടി പിരിച്ച പണമാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. പിരിച്ച പണമെല്ലാം ചന്ദ്രികയിലെത്തിയിട്ടുണ്ട്. സമീർ ഡയറക്ടറായ ചന്ദ്രിക കമ്മ്യൂണിക്കേഷനുമായി ലീഗിന് ബന്ധമില്ലെന്നും സലാം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കുഞ്ഞാലിക്കുട്ടിക്കെതിരെ മുഈന്‍ അലി തങ്ങൾ നടത്തിയ പരാമര്‍ശം തെറ്റാണെന്ന് പാണക്കാട് കുടുംബത്തിലെ എല്ലാവരും കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് കുടുംബത്തിന്‍റെ പാരമ്പര്യത്തിന് എതിരാണെന്നും എന്ത് നടപടി വേണമെങ്കിലും സ്വീകരിക്കാമെന്നും അവരെല്ലാം പറഞ്ഞു. ഈ വിഷയത്തില്‍ നടപടി സംബന്ധിച്ച് തീരുമാനം ഹൈദരലി തങ്ങളുടെ പരിഗണനക്ക് വിട്ടിരിക്കുകയാണ്. യോഗത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രികയിലെ പണം ആരും അപഹരിച്ചതായി പരാതിയില്ല. പിരിച്ചെടുത്ത പണം ചന്ദ്രികയിൽ നിക്ഷേപിച്ചത് സംബന്ധിച്ചാണ് ഇ.ഡി. കേസ് ഉള്ളത്. ശമ്പളമടക്കമുള്ള ചെലവുകൾക്കാണ് ഇങ്ങനെ പണം കണ്ടെത്തിയത്. ചന്ദ്രിക ഫിനാന്‍സ് ഡയറക്ടര്‍ സമീറിനെ മാറ്റാന്‍ തീരുമാനിച്ചിട്ടില്ലെന്നും സലാം പറഞ്ഞു.
ചന്ദ്രികയില്‍ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാനാവത്ത വിഷയങ്ങളെക്കുറിച്ച് പഠിക്കാനാണ് മുഈന്‍ അലി തങ്ങളെ ഹൈദരലി തങ്ങള്‍ ചുമതലപ്പെടുത്തിയത്. അത് പഠിച്ച് ഒരുമാസത്തിനകം പരിഹാരം കണ്ടെത്തണമെന്നും മുഈന്‍ അലി തങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് പരിഹരിക്കാന്‍ മുഈന്‍ അലി തങ്ങൾക്ക് കഴിഞ്ഞില്ലെന്നും സലാം പറഞ്ഞു.
ചില ജീവനക്കാരും പുറത്ത് നിന്നുള്ളവരും ചന്ദ്രിക പത്രത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ചന്ദ്രിക പൂട്ടില്ല. ഇപ്പോള്‍ ലീഗുമായി ബന്ധപ്പെട്ടുണ്ടായിരിക്കുന്ന വിവാദത്തിന് പിന്നില്‍ സി പി എമ്മാണ്. സച്ചാര്‍ വിഷയത്തില്‍ ന്യൂനപക്ഷ സംഘടനകള്‍ ഒരുമിച്ച് പ്രക്ഷോഭത്തിലേക്ക് നീങ്ങുകയായിരുന്നു. ഇതില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനാണ് സി.പി.എം വിവാദം സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.