പി.കെ ഫിറോസിന്റെ അറസ്റ്റ്: സർക്കാർ നടപടി തീക്കളി -പി.എം.എ. സലാം
text_fieldsകോഴിക്കോട്: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സേവ് കേരള മാർച്ചിനെ തുടർന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത സർക്കാർ നടപടി തീക്കളിയാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പ്രസ്താവിച്ചു.
ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി സമാധാനപരമായി സമരം ചെയ്ത യൂത്ത് ലീഗ് പ്രവർത്തകരെ തല്ലിച്ചതയ്ക്കുകയാണ് പോലീസ് ചെയ്തത്. കൂടാതെ കള്ളക്കേസെടുത്ത് മുപ്പതോളം പ്രവർത്തകരെ ജയലിലിടച്ചു. എന്നിട്ടും കലിയടങ്ങാതെയാണ് പി.കെ ഫിറോസിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതിഷേധിക്കാനുള്ള അവകാശം പോലും നിഷേധിക്കുന്ന കാട്ടാള ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവമെന്ന് അദ്ദേഹം പറഞ്ഞു.
ഇടത് സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനാധിപത്യ മാർഗത്തിലാണ് യൂത്ത് ലീഗ് സമരം സംഘടിപ്പിച്ചത്. തൊഴിലില്ലായ്മ ഉൾപ്പെടെ ജനകീയ പ്രശ്‌നങ്ങൾ ഉയർത്തിയായിരുന്നു സമരം. ന്യായമായ ഈ സമരത്തെ ടിയർ ഗ്യാസ് കൊണ്ടും ലാത്തി ഉപയോഗിച്ചുമാണ് പൊലീസ് നേരിട്ടത്.
സെക്രട്ടേറിയറ്റ് മാർച്ചിനിടെ പൊലീസ് ബോധപൂർവ്വം സംഘർഷമുണ്ടാക്കിയപ്പോൾ പ്രവർത്തകരെ സമാധാനിപ്പിക്കാൻ നിന്ന നേതാക്കളെ അറസ്റ്റ് ചെയ്യുന്ന പ്രവണത സംസ്ഥാനത്ത് കേട്ടുകേൾവിയില്ലാത്തതാണ്. സർക്കാർ നടപടി തീക്കളിയാണെന്ന് ഓർമ്മപ്പെടുത്തേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്. പൊലീസ് നടപടിയെ മുസ്‌ലിംലീഗ് ജനാധിപത്യപരമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനാധിപത്യ വിരുദ്ധം -മുനവ്വറലി തങ്ങള്‍
കോഴിക്കോട് : ജനവിരുദ്ധ നയങ്ങള്‍ കൈക്കൊളളുന്ന ഭരണകൂടങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരെ ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി കല്‍തുറുങ്കില്‍ അടക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജനാധിപത്യത്തില്‍ എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കുന്നത് ഫാസിസ്റ്റ് ചെയ്തിയാണെന്നും തങ്ങള്‍ തുടര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.