ഹരിതക്ക് പരാതിയുണ്ടെങ്കിൽ അറിയിക്കേണ്ടത് ചാനലുകളെയല്ല, നേതൃത്വത്തെയെന്ന് പി.എം.എ സലാം
text_fieldsമലപ്പുറം: ഹരിത ഭാരവാഹികൾക്ക് പരാതിയുണ്ടെങ്കിൽ പാർട്ടി നേതൃത്വത്തെയാണ് അറിയിക്കേണ്ടതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. പകരം ഇവർ ചാനലുകളെയാണ് അറിയിച്ചിരുന്നത്. ഹരിതയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ട്. ഹരിത ഭാരവാഹികൾക്ക് നിഗൂഢമായ ഉദ്ദേശങ്ങൾ ഉണ്ടായിരുന്നു.
പാണക്കാട് കുടുംബത്തിന്‍റെ തീരുമാനം ലംഘിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വേങ്ങര മിനി ഊട്ടിയിൽ എം.എസ്.എഫ് പൊന്നാനി മണ്ഡലം നേതൃക്യാമ്പിൽ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. ഹരിത തർക്കത്തിന് കാരണം എം.എസ്.എഫ് പ്രസിഡൻറ് നവാസിൻറെ പരാമർശങ്ങളല്ല. തർക്കം മുമ്പ് തന്നെ തുടങ്ങിയിട്ടുണ്ട്.
ഹരിത ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചതോടെ ഇത് രൂക്ഷമായി. നവാസിൻറെ വാക്കുകൾ വീണ് കിട്ടിയത് ആയുധമാക്കുകയായിരുന്നു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകുന്ന ലീഗ് ജില്ലാ കമ്മിറ്റിയാണ് ഹരിത ജില്ലാ കമ്മിറ്റിയെ തീരുമാനിച്ചത്. ഇതിലെന്താണ് തെറ്റ്.
അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ പാർട്ടിയിലായിരുന്നു പറയേണ്ടത്. നാല് വർഷമായി ഹരിതയുടെ യോഗത്തിൽ പങ്കെടുക്കാത്തവർ വരെ വനിതാ കമീഷന് നൽകിയ പരാതിയിൽ ഒപ്പിട്ടു. പ്രശ്നങ്ങൾ പരിഹരിക്കാൻ നേതൃത്വം പലതവണ ചർച്ച നടത്തി. യോഗത്തിൽ പ്രശ്നം തീർത്തവർ ചാനലുകളിൽ എതിരെ വാർത്ത കൊടുക്കുകയായിരുന്നുവെന്നും സലാം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.