ലിംഗ സമത്വത്തിനല്ല, ലിംഗ നീതിക്കാണ് ലീഗ് പ്രാമുഖ്യം നൽകുന്നതെന്ന് പി.എം.എ സലാം
text_fieldsമലപ്പുറം: ലിംഗ സമത്വത്തിനല്ല, ലിംഗ നീതിക്കാണ് മുസ്‍ലിം ലീഗ് പ്രാമുഖ്യം നൽകുന്നതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. ഞങ്ങൾ തുല്യതയല്ല പറയുന്നത്. ജെൻഡർ ഇക്വാലിറ്റിക്കല്ല, തുല്യനീതി മുന്നോട്ടുവെക്കുന്ന ജെൻഡർ ജസ്റ്റിസിനാണ് ഞങ്ങൾ പ്രാധാന്യം നൽകുന്നത്. സ്ത്രീക്കും പുരുഷനും നീതിയിൽ വ്യത്യാസമുണ്ടാവാൻ പാടില്ല. അതാണ് ഞങ്ങൾ മുന്നോട്ടുവെക്കുന്നത്. അതിൽ യാതൊരു സംശയവുമില്ല. എത്ര പഴഞ്ചനെന്ന് പറഞ്ഞാലും പ്രകൃതിപരമായ ആ അഭിപ്രായത്തിൽനിന്ന് മാറാൻ ലീഗ് തയാറല്ലെന്നും സലാം പറഞ്ഞു.
സ്ത്രീയും പുരുഷനും ഇടകലര്‍ന്നുള്ള വ്യായാമമുറകള്‍ മതം അംഗീകരിക്കുന്നില്ലെന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരുടെ പ്രസ്താവനയോടുള്ള പ്രതികരണമായാണ് പി.എം.എ സലാം ഇങ്ങനെ പറഞ്ഞത്. മലപ്പുറം എടക്കരയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീയും പുരുഷനും എല്ലാ നിലക്കും തുല്യരാണെന്ന് പറയാൻ കഴിയുമോ? അത് ലോകം അംഗീകരിച്ചിട്ടുണ്ടോ? തുല്യരാണെന്ന് പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണ്. പ്രായോഗികമല്ലാത്ത വാദങ്ങൾ സമൂഹത്തിന്റെ കൈയടി കിട്ടാനാണ് ചിലർ കൊണ്ടുവരുന്നതെന്ന് പി.എം.എ സലാം പറഞ്ഞു.
എന്തിനാ ഒളിമ്പിക്സിലും മറ്റും പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെ മത്സരം നടത്തുന്നത്? രണ്ടും വ്യത്യസ്തമായത് കൊണ്ടല്ലേയെന്ന് സലാം ചോദിച്ചു. സ്ത്രീകൾക്ക് ബസിൽ വേറെ സീറ്റുകൾ എഴുതിവെക്കുന്നുണ്ടല്ലോ. എന്തിനാണത്? മൂത്രപ്പുരകൾ സ്ത്രീകൾക്ക് വേറെയല്ലേ? മനുഷ്യന്റെ യുക്തിക്കെതിരായ വാദങ്ങളാണ് ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകൾ പൊതു ഇടങ്ങളിൽ ഇറങ്ങരുത് എന്നത് പിന്തിരിപ്പൻ നിലപാടാണെന്ന് കാന്തപുരത്തിന് മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തിയതോടെയാണ് വിവാദം കനത്തത്. ശാഠ്യം പിടിക്കുന്നവർക്ക് പിടിച്ചു നിൽക്കാനാവില്ലെന്നും അത്തരക്കാർ പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ടു പോകേണ്ടി വരുമെന്നുമായിരുന്നു എം.വി. ഗോവിന്ദന്റെ പ്രതികരണം.
എം.വി. ഗോവിന്ദന്റെ വിമർശനത്തെ പരിഹസിച്ച് രംഗത്തെത്തിയ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ കണ്ണൂർ ജില്ലയിലെ 18 സി.പി.എം ഏരിയ സെക്രട്ടറിമാരിൽ ഒരു സ്ത്രീ പോലുമില്ലെന്നും ഇസ്‌ലാമിന്‍റെ നിയമങ്ങൾ പണ്ഡിതന്മാർ പറയുമെന്നും മറുപടി നൽകി. ഇതിനുപക്ഷേ, എം.വി. ഗോവിന്ദൻ മറുപടി പറഞ്ഞില്ല. കാന്തപുരത്തിന്‍റെ പ്രസ്താവന അദ്ദേഹത്തിന്റെ വിശ്വാസമാണെന്നായിരുന്നു സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം മന്ത്രി തോമസ് ഐസക്കിന്റെ പ്രതികരണം.
വിവാദങ്ങൾ ഏറക്കുറെ അവസാനിച്ച ഘട്ടത്തിലാണ് കഴിഞ്ഞ ദിവസം സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ കാന്തപുരത്തിന് പരോക്ഷ മറുപടി നൽകിയത്. കണ്ണൂരിൽ 18 സി.പി.എം ഏരിയ സെക്രട്ടറിമാരിൽ ഒരാൾ പോലും വനിതയില്ലെന്ന കാന്തപുരത്തിന്റെ പ്രസ്താവനക്കാണ് മറുപടി പറഞ്ഞത്. ജില്ലയിൽ ആകെ അംഗങ്ങളിൽ 32.99 ശതമാനം വനിതകളാണെന്ന് കണക്കുകൾ നിരത്തി ജയരാജൻ വ്യക്തമാക്കി. മൂന്ന് വർഷത്തിനിടെ സ്ത്രീകളുടെ അംഗത്വത്തിൽ അഞ്ച് ശതമാനം വർധിച്ചു. ആകെയുളള 4421 ബ്രാഞ്ചുകളിൽ 242 സെക്രട്ടറിമാരും വനിതകളാണെന്നും പറഞ്ഞെങ്കിലും കണ്ണൂരിലെ ഏരിയ കമ്മിറ്റി അംഗങ്ങളുടെ എണ്ണത്തിൽ മറുപടിയുണ്ടായില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.