കെ.എം. ഷാജിയെ തള്ളി ലീഗ്; ആരോഗ്യമന്ത്രിക്കെതിരായ പരാമർശം പാർട്ടി നിലപാടല്ലെന്ന് പി.എം.എ. സലാം
text_fieldsതിരുവന്തപുരം: ആരോഗ്യമന്ത്രി വീണ ജോർജിനെതിരായ കെ.എം.ഷാജിയുടെ പരാമർശം മുസ്‍ലിം ലീഗിന്റെ നിലപാടല്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറി പി.എം.എ സലാം. പൊതുയോഗത്തിൽ ഒരാൾ പ്രസംഗിക്കുന്നത് എങ്ങനെ പാർട്ടി നിലപാടാകും. മാധ്യമപ്രവർത്തകരുടെ മുന്നിൽ പ്രതികരിക്കുന്നത് പോലെയല്ല പൊതുയോഗത്തിൽ പറയുന്നത്. അതേസമയം, ഷാജിയുടെ ഭാഗത്ത് നിന്ന് അങ്ങനെയൊരു പ്രസ്താവനയുണ്ടാകാനിടയായ സാഹചര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ.എം ഷാജിയുടെ പ്രസ്താവനക്ക് മറുപടി പറയാനില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നിലപാടെടുത്തു. തനിക്ക് ഒരുപാട് ജോലി തിരക്കുണ്ടെന്നും അതിലാണ് ഇപ്പോൾ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും ഷാജിയുടെ പ്രസ്താവനയെ സംബന്ധിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അവർ മറുപടി നൽകി.
കെ.എം.ഷാജിയുടെ ആരോഗ്യമന്ത്രിക്കെതിരായ പ്രസ്താവനയിൽ വനിതകമീഷൻ കേസെടുത്തിട്ടുണ്ട്. മന്ത്രി വീണാ ജോര്‍ജിനെതിരെ നടത്തിയ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്ന് വനിത കമീഷൻ അധ്യക്ഷ പറഞ്ഞു. തന്റെ കര്‍മ രംഗത്ത് ശക്തമായ ഇടപെടലുകള്‍ നടത്തുകയും മികച്ച രീതിയില്‍ ജനപിന്തുണ നേടുകയും ചെയ്ത ഒരു സ്ത്രീയെയാണ് തികച്ചും മോശമായ രീതിയിലുള്ള പദപ്രയോഗങ്ങള്‍ ഉപയോഗിച്ചുകൊണ്ട് കെ.എം. ഷാജി അപമാനിച്ചിരിക്കുന്നത്. ഇത്തരത്തില്‍ രാഷ്ട്രീയ അശ്ലീലം വിളമ്പുന്ന ആളുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നു വരേണ്ടതുണ്ട്. അനുചിതമായ പ്രസ്താവനയില്‍ ഉപയോഗിച്ച 'സാധനം' എന്ന വാക്കു തന്നെ മതി അദ്ദേഹം ഏത് രീതിയിലാണ് സ്ത്രീ സമൂഹത്തെ കാണുന്നത് എന്ന് തെളിയിക്കാന്‍’.
‘മുന്‍പ് നമ്പൂതിരി സമുദായത്തിനിടയില്‍ ഉണ്ടായിരുന്ന സ്മാര്‍ത്തവിചാരം എന്ന മനുഷ്യത്വ വിരുദ്ധമായ വിചാരണ രീതിയില്‍ കുറ്റാരോപിതയായ സ്ത്രീയെ വിളിക്കുന്ന പേരായിരുന്നു 'സാധനം'എന്നത്. കെ.എം. ഷാജിയെ പോലെയുള്ളവരുടെ മനസില്‍ നിന്നും തികട്ടിവരുന്ന ഫ്യൂഡല്‍ മാടമ്പിത്തരത്തിന്റെ പ്രതിഫലനമാണ് ഇത്തരം സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍. ആധുനിക കാലത്തും പിന്തിരിപ്പന്‍ ചിന്താഗതി വച്ച് പുലര്‍ത്തുന്ന കെ.എം. ഷാജിയെ പോലുള്ളവരെ ഒറ്റപ്പെടുത്താന്‍ നമ്മുടെ സമൂഹം തയാറാവണ’മെന്നും വനിത കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
അന്തവും കുന്തവും തിരിയാത്ത ഒരു സാധനമാണ്’ കേരളത്തിലെ ആരോഗ്യമന്ത്രിയെന്ന അധിക്ഷേപ പരാമർശമാണ് കെ.എം.ഷാജി നടത്തിയത്. അവർ പൂര്‍ണ പരാജയമാണ്. വലിയ പ്രഗല്ഭയൊന്നുമല്ലെങ്കിലും കെ.കെ. ശൈലജക്ക് കാര്യങ്ങൾ ഏകോപിപ്പിച്ച് കൊണ്ടുപോകാനുള്ള കഴിവുണ്ടായിരുന്നു. അവരെ വെട്ടി.
എന്നാൽ, നിലവിലെ ആരോഗ്യമന്ത്രിയുടെ യോഗ്യതയെന്താണ്. ഈ കപ്പലിന് ഒരു കപ്പിത്താനുണ്ടെന്ന പ്രസംഗത്തിന് നല്‍കിയ സമ്മാനമാണ് വീണാ ജോർജിന്റെ മന്ത്രിപദവി. എന്ത് മാറ്റമാണ് സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിൽ ഉണ്ടായിട്ടുള്ളതെന്നും നിപയെക്കുറിച്ച് എന്ത് ശാസ്ത്രീയ റിപ്പോര്‍ട്ടാണ് സര്‍ക്കാറിന്റെ പക്കലുള്ളതെന്നും അദ്ദേഹം ചോദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.