സമസ്ത-ലീഗ് ബന്ധത്തിൽ വീണ്ടും കല്ലുകടിയായി പി.എം.എ സലാമിന്റെ പ്രസംഗം
text_fieldsമലപ്പുറം: സമസ്ത-ലീഗ് ബന്ധത്തിൽ വീണ്ടും കല്ലുകടിയായി മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിന്റെ പ്രസംഗം. എറണാകുളം ജില്ല ലീഗ് ക്യാമ്പിലെ സലാമിന്റെ പ്രസംഗമാണ് സമസ്ത നേതൃത്വത്തിനെതിരായ ഒളിയമ്പായി വ്യാഖ്യാനിക്കപ്പെട്ടതും എസ്.കെ.എസ്.എസ്.എഫ് ഉൾപടെ രംഗത്ത്‍വന്നതും. പ്രസംഗം സുന്നികളെ പരിഹസിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സമസ്ത ഷജറ വിഭാഗമുൾപടെ കടുത്ത വിമർശനവുമായി രംഗത്തുവന്നതോടെ സലാം പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ചു.
‘‘പാണക്കാട് സാദിഖലി തങ്ങൾ നേതൃത്വം നൽകുന്ന ഗ്രൂപിനപ്പുറം ഒരു ത്വരീഖത്തിന്റെ ഇമാമിനെയും നമുക്കാവശ്യമില്ല. എന്തിന് ഇത്രയധികം മുരീദുമാർ. നേരിട്ട് പടച്ചോനാട് പറഞ്ഞാൽ പോരെ? ഇടയാളൻമാർ വേണ്ട. ഞാനതിന്റെ ആളാണ്’’ ഇതായിരുന്നു സലാമിന്റെ പരാമർശം. ഇതിലെ പ്രയോഗങ്ങൾ സുന്നികളെ ഉദ്ദേശിച്ചാണെന്നാണ് വിമർശനമുയർന്നത്. വഹാബി പ്രസ്ഥാനത്തിന്റെ വക്താവായ സലാം ലീഗിന്റെ സുപ്രധാനപദവിയിലിരുന്ന് സുന്നികളെ പരിഹസിക്കുന്നുവെന്നായിരുന്നു പരാതി. ഇതിനു മുമ്പും സമസ്ത നേതൃത്വത്തിനെതിരെ സലാം ഒളിയമ്പുകൾ എയ്തത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയതാണ്. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ അടക്കം സലാമിനെ നിലക്ക് നിർത്തണമെന്ന് പരസ്യപ്രസതാവന നടത്തിയിരുന്നു. സമസ്തയിൽ പാണക്കാട് നേതൃത്വത്തിനെതിരായ നീക്കങ്ങൾ ഉണ്ടായത് വലിയ തലവേദനയാണ് ലീഗിലും സമസ്തയിലും ഉണ്ടാക്കിയത്. അതിനിടയിലായിരുന്നു സമസ്തയെ പ്രകോപിപ്പിക്കുന്ന വാക്ശരങ്ങൾ ലീഗ് ജനറൽ സെക്രട്ടറിയുടെ ഭാഗത്ത് നിന്നുണ്ടായത്. ലീഗ്-സമസ്ത ‘ഇഷ്യു’ തൽക്കാലം അടങ്ങിയ സാഹചര്യത്തിലാണ് സലാമിന്റെ പ്രസംഗം വീണ്ടും പ്രകോപനമുണ്ടാക്കിയിരിക്കുന്നത്.
കടുത്ത വിമർശനമാണ് സലാമിനെതിരെ സാമൂഹികമാധ്യമങ്ങളിൽ ഉയർന്നത്. സലാം ലീഗിനും സമസ്തക്കുമിടയിൽ വിള്ളലുണ്ടാക്കുന്ന പ്രസതാവനകൾ നടത്തിയതിനെതിരെ ലീഗിലെ മുതിർന്ന നേതാക്കളിലും അമർഷമുയർന്നു. സുന്നി ആദർശങ്ങളെയും നിലപാടുകളെയും ലീഗ് സംസ്ഥാന സെക്രട്ടറി പരസ്യമായി വിമർശിക്കുന്നത് പാർട്ടിക്ക് പ്രതിസന്ധിയുണ്ടാക്കുമെന്നാണ് ലീഗിലെ തന്നെ ഒരു വിഭാഗം നേതാക്കൾ പറയുന്നത്. കുവൈത്ത് കെ.എം.സി.സിയിൽ സലാം പങ്കെടുത്ത യോഗം സംഘർഷത്തിൽ കലാശിച്ചതും സമസ്ത നേതാക്കളെ നിരന്തരം പ്രകോപിപ്പിക്കുന്നതും പാർട്ടിക്ക് ദുഷ്പേരുണ്ടാക്കുന്ന നടപടിയായാണ് ലീഗിനുള്ളിൽ വിലയിരുത്തലുണ്ടായത്.
ലീഗിലെ വിഭാഗീയത അവസാനിപ്പിക്കാൻ വേണ്ടി പറഞ്ഞതാണ്; വ്യാഖ്യാനം വന്നതിൽ ഖേദിക്കുന്നു -പി.എം.എ സലാം
മലപ്പുറം: എറണാകുളം ജില്ലാ മുസ്‍ലിം ലീഗിലെ വിഭാഗീയത അവസാനിപ്പിക്കാനും സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളുടെ നേതൃത്വത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നുമുളള പാര്‍ട്ടി നിലപാട് വിശദീകരിച്ചാണ് ആലുവയില്‍ നടന്ന ജില്ലാ ലീഗ് ക്യാമ്പില്‍ സംസാരിച്ചത് എന്ന് പി.എം.എ സലാം. വ്യക്തികളെ കേന്ദ്രീകരിച്ചു ഗ്രൂപ്പ് പ്രവർത്തനം നടത്തുന്നതിനെ പാര്‍ട്ടി പ്രോല്‍സാഹിപ്പിക്കില്ല എന്നതിന് ഉപമയായാണ് പ്രാദേശികമായി അമീറന്മാരുടെ കീഴില്‍ മുരീദന്മാരാകരുതെന്ന പ്രയോഗത്തില്‍ ഉദ്ദേശിച്ചതും പറഞ്ഞതും.
മുസ്ലീം ലീഗിന് സാദിഖലി തങ്ങൾ എന്ന ഒരു ഇമാം മതി എന്നും വ്യക്തമായി പറഞ്ഞിട്ടുണ്ട്. അത് മുസ്‍ലിം ലീഗ് പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളെ ഉദ്ദേശിച്ചു മാത്രമാണെന്ന് സദസ്സിന് മുഴുവന്‍ അന്നേ വ്യക്തമായതാണ്. എന്നാൽ പ്രസംഗത്തിലെ സെക്കന്‍റുകള്‍ ദൈര്‍ഘ്യമുളള ഭാഗം മാത്രം പ്രചരിപ്പിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കാനുളള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരോട് തികച്ചും സദുദ്ദേശ്യത്തോടെ നടത്തിയ പ്രസംഗത്തിലെ പ്രയോഗങ്ങൾക്ക് മറ്റൊരു രീതിയിൽ വ്യാഖ്യാനം വന്നതിൽ ഖേദം പ്രകടിപ്പിക്കുന്നു. സലാം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.