പി.എം. അജയ് പദ്ധതിയിൽ സർവത്ര ആശയക്കുഴപ്പം
text_fieldsതൃശൂർ: പട്ടികജാതി മേഖലയിലെ കേന്ദ്രാവിഷ്കൃത പദ്ധതികളെ ഒന്നാക്കി നേരിട്ട് നിരീക്ഷിക്കുന്ന കേന്ദ്ര പദ്ധതിയായ പി.എം. അജയ് (പ്രധാനമന്ത്രി അനുശ്ചിത് ജാതി അഭ്യുദയ് യോജന) പദ്ധതിയിൽ സർവത്ര ആശയക്കുഴപ്പം.
സാമ്പത്തിക വർഷം അവസാനിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കേ പദ്ധതി അപേക്ഷകൾ പുതുക്കിയ ഓൺലൈൻ മാതൃകയിൽ നൽകാൻ കേന്ദ്ര സാമൂഹിക നീതി- ശാക്തീകരണ മന്ത്രാലയം സംസ്ഥാനങ്ങളോട് നിർദേശിച്ചു. ഇതോടെ പദ്ധതികൾ പുതുക്കിനൽകുന്ന പ്രവർത്തനത്തിലാണ് പട്ടികജാതി വകുപ്പും പട്ടികജാതി, പട്ടികവർഗ കോർപറേഷനും.
സംസ്ഥാനങ്ങളുടെ നിർദേശങ്ങൾ പരിഗണിച്ചാണ് മാറ്റം വരുത്തുന്നതെന്ന് ഇതുസംബന്ധിച്ച് നിർവഹണച്ചുമതലയുള്ള നാഷനൽ ഇൻഫോമിക് സെന്റർ അറിയിച്ചു. പട്ടികജാതിക്കാർക്കുള്ള തൊഴിൽ ദായക പദ്ധതിയിൽ നിലവിലുള്ള 10,000 രൂപയുടെ സബ്സിഡി 50,000 രൂപയാക്കി വർധിപ്പിച്ചതുൾപ്പെടെ ധാരാളം ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
നിലവിലെ കേന്ദ്രാവിഷ്കൃത പദ്ധതികളായ സ്പെഷൽ സെൻട്രൽ അസിസ്റ്റൻസ് ടു ഷെഡ്യൂൾഡ് കാസ്റ്റ്സ് സബ് പ്ലാൻ (എസ്.സി.എ എസ്.സി), ബാബു ജഗജീവൻ റാം ചത്രവസ് യോജന, പ്രധാൻമന്ത്രി ആദർശ് ഗ്രാം യോജന (പി.എംഎ.ജി.വൈ) എന്നീ പദ്ധതികളാണ് പുതു പദ്ധതി വരുന്നതോടെ ഇല്ലാതാകുക.
സബ്സിഡിയോടെ നൽകിവരുന്ന വ്യക്തിഗത സ്വയം പര്യാപ്ത തൊഴിൽ ദായക വായ്പകളുൾപ്പെടെയുള്ള പദ്ധതികളാണിവ. കൃഷി, മണ്ണ് സംരക്ഷണം, ഹോർട്ടികൾചർ, ചെറുകിട ജലസേചനം, മൃഗസംരക്ഷണം, ഫിഷറീസ്, കൈത്തറി, വ്യവസായം, സഹകരണം തുടങ്ങിയ മേഖലകളിൽ പട്ടിക ജാതിക്കാർക്ക് വരുമാനം ലഭ്യമാക്കുംവിധം പദ്ധതികൾ രൂപവത്കരിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് മാർഗരേഖയിൽ പറയുന്നു.
തൊഴിൽ നേടാനുള്ള നൈപുണി വികസനത്തിന് പദ്ധതിവഴി സഹായധനം നൽകും. പട്ടികജാതി ഭൂരിപക്ഷ ഗ്രാമങ്ങളെ കണ്ടെത്തി സമഗ്ര വികസന കാഴ്ചപ്പാടോടെ 'ആദർശ ഗ്രാമം' പദ്ധതി നടപ്പാക്കാനും നിർദേശിക്കുന്നു. 2026 മാർച്ച് 31 വരെയാണ് പി.എം. അജയ് പദ്ധതിയുടെ കാലാവധി.
എസ്.സി -എസ്.ടി കോർപറേഷനാണ് സംസ്ഥാനത്ത് പദ്ധതിയുടെ നോഡൽ ഏജൻസി. കോർപറേഷൻ ജീവനക്കാർക്കും പട്ടികജാതി വകുപ്പ് ജീവനക്കാർക്കും ഒരു മുന്നൊരുക്കമോ പരിശീലനമോ നൽകാതെയാണ് പദ്ധതി നടപ്പാക്കാനുള്ള നിർദേശം കേന്ദ്ര സർക്കാറിൽനിന്ന് എത്തിയത്.
ആകെ വന്നതാകട്ടെ, ഇതുസംബന്ധിച്ച മാർഗരേഖയും. ചുരുങ്ങിയ സമയത്തിനുള്ളിൽ 303 കോടി രൂപയുടെ പദ്ധതികൾ പട്ടികജാതി- പട്ടികവർഗ വികസന കോർപറേഷൻ സമർപ്പിച്ചിട്ടുണ്ട്.
അതേസമയം, പല ജില്ലകളും പദ്ധതികൾ സമർപ്പിക്കാനുണ്ട്. കഴിഞ്ഞ മാസം 20നകം പദ്ധതികൾ സമർപ്പിക്കാനായിരുന്നു ഇതുസംബന്ധിച്ച് ചേർന്ന ഓൺലൈൻ വകുപ്പുതല യോഗത്തിൽ തീരുമാനമായത്.
ആ യോഗത്തിന് ശേഷമായിരുന്നു വീണ്ടും പദ്ധതികൾ സമർപ്പിക്കാനുള്ള മാതൃക പുതുക്കി ഉത്തരവിട്ടത്. നാഷനൽ ഇൻഫോമാറ്റിക്സ് സെന്റർ (എൻ.ഐ.സി) തയാറാക്കിയ ഓൺലൈൻ സംവിധാനത്തിലാണ് പി.എം അജയ് പദ്ധതിയുടെ നിർവഹണ പുരോഗതി രേഖപ്പെടുത്തുന്നത്. ഇതോടെ സംസ്ഥാന സർക്കാറിന്റെ ഇടപെടലും പദ്ധതി പുരോഗതിയും കേന്ദ്രത്തിന് നേരിട്ട് നിരീക്ഷിക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.