പിഎൻബിയിൽ 17 അക്കൗണ്ടുകളിൽ നടന്നത് 21.5 കോടിയുടെ തിരിമറി
text_fieldsകോഴിക്കോട്: പഞ്ചാബ് നാഷനൽ ബാങ്കിന്റെ (പി.എൻ.ബി) കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ് ശാഖയിലെ വിവിധ അക്കൗണ്ടുകളിൽ നടന്നത് 21.50 കോടി രൂപയുടെ തിരിമറി.
ബാങ്ക് നടത്തിയ പ്രാഥമിക ഇന്റേണൽ ഓഡിറ്റിലാണ് മുൻ സീനിയർ മാനേജർ മലയമ്മ സ്വദേശി എം.പി. റിജിൽ 17 അക്കൗണ്ടുകളിലായി ഇത്രയും തുകയുടെ തിരിമറി നടത്തിയെന്ന് കണ്ടെത്തിയത്. കോഴിക്കോട് കോർപറേഷന്റെ അക്കൗണ്ടുകൾക്കു പുറമെ സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളിൽനിന്നും ലക്ഷക്കണക്കിന് രൂപയുടെ തിരിമറി നടത്തിയിരുന്നു. ചില അക്കൗണ്ടുകളിൽ പണം തിരികെ നിക്ഷേപിക്കുകയും ചെയ്തതിനാൽ ആകെ 12.68 കോടി രൂപ നഷ്ടമായി എന്നാണ് ബാങ്ക് കണക്കാക്കിയിരിക്കുന്നത്.
കോഴിക്കോട് കോർപറേഷന്റെ 14 അക്കൗണ്ടുകളിൽ ഏഴെണ്ണത്തിൽനിന്ന് 15.25 കോടി രൂപ നഷ്ടമായത് കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മറ്റ് ഏഴ് അക്കൗണ്ടുകളിൽനിന്നും പണം പിൻവലിക്കുകയോ തിരിമറി നടത്തുകയോ ചെയ്തിട്ടുണ്ടെന്ന് വ്യക്തമായത്. പണം പിൻവലിച്ച ചില അക്കൗണ്ടുകളിൽ തിരികെ നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്.
വിശദ പരിശോധനക്കുശേഷമേ അന്തിമ കണക്കുകൾ മനസ്സിലാകൂവെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി. പണം തട്ടിയ ചില അക്കൗണ്ടുകൾ സ്ഥിരനിക്ഷേപത്തിന്റേതാണ്. 18 ലക്ഷം രൂപ നഷ്ടമായയാൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കോർപറേഷന്റെ അക്കൗണ്ടുകളിലേത് കഴിഞ്ഞാൽ ഇതാണ് ഏറ്റവും വലിയ തട്ടിപ്പ്.
മറ്റു അക്കൗണ്ടുകളിൽനിന്ന് അഞ്ചും ആറും ലക്ഷമൊക്കെയാണ് കാണാതായത്. ഇടപാടുകളുടെ വിവരങ്ങൾ അക്കൗണ്ട് ഉടമയുടെ മൊബൈലിലേക്ക് എസ്.എം.എസ് ആയി വരുന്നത് മരവിപ്പിച്ചാണ് പണം തിരിമറി നടത്തിയത്. അതിനാൽ പണം നഷ്ടമായത് അക്കൗണ്ട് ഉടമകളിൽ പലരും അറിഞ്ഞിട്ടില്ല. നിലവിലെ തിരിമറികളുടെ വിശദാംശങ്ങൾ റിപ്പോർട്ടാക്കി കേസന്വേഷിക്കുന്ന ജില്ല ക്രൈംബ്രാഞ്ച് അസി. കമീഷണർ ടി.എ. ആന്റണിക്ക് ബാങ്ക് കൈമാറിയിട്ടുണ്ട്. തട്ടിയെടുത്ത തുകയിൽ ഏറിയപങ്കും വിവിധ ഓഹരികളിൽ നിക്ഷേപിക്കുകയാണ് റിജിൽ ചെയ്തത്. ഇതുസംബന്ധിച്ച വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരുകയാണ്.
കോടികളുടെ തട്ടിപ്പ് നടത്തിയിട്ടും റിജിലിന്റെ അക്കൗണ്ടിൽ നിലവിൽ ആയിരം രൂപയിൽ താഴെ മാത്രമാണുള്ളത്. അന്വേഷണ സംഘം തിങ്കളാഴ്ച കോർപറേഷൻ ഓഫിസിലും ബാങ്കിലുമെത്തി പരിശോധന നടത്തുകയും രേഖകൾ ശേഖരിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.