പി.എൻ.ബി തട്ടിപ്പ്: ഓൺലൈൻ റമ്മിക്കും പ്രതി ലക്ഷങ്ങൾ ചെലവിട്ടു
text_fieldsകോഴിക്കോട്: പഞ്ചാബ് നാഷനൽ ബാങ്ക് മുൻ സീനിയർ മാനേജർ എം.പി. റിജിൽ, കോഴിക്കോട് കോർപറേഷന്റെ അക്കൗണ്ടിൽനിന്നടക്കം തട്ടിപ്പ് നടത്തിയ തുക ഓൺലൈൻ റമ്മി കളിക്കാനും ഉപയോഗിച്ചതായി പൊലീസ്. 17 അക്കൗണ്ടുകളിൽനിന്ന് പണം തട്ടാൻ തുടങ്ങിയത് ഈ വർഷം ജനുവരി മുതലാണ്. ബുധനാഴ്ച അറസ്റ്റ് ചെയ്ത റിജിലിനെ സിറ്റി പൊലീസ് കമീഷണർ ആസ്ഥാനത്ത് എത്തിച്ച് മണിക്കൂറുകളോളം ചോദ്യംചെയ്തു. അന്വേഷണത്തോട് പ്രതി സഹകരിക്കുന്നതായി ഡെപ്യൂട്ടി സൂപ്രണ്ട് ടി.എ. ആന്റണി മാധ്യമങ്ങളോട് പറഞ്ഞു. കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ചൊവ്വാഴ്ച വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതി റിജിൽ അഡ്വ. എം. അശോകൻ മുഖേന നൽകിയ ജാമ്യാപേക്ഷയും അന്ന് പരിഗണിക്കും.10 ലക്ഷം മുതൽ 20 ലക്ഷം വരെ തുകയാണ് റിജിൽ ഓൺലൈൻ റമ്മി കളിച്ച് നഷ്ടം വരുത്തിയത്. വീട് നിർമാണത്തിനായി ബാങ്കിൽനിന്നെടുത്ത ലോൺ ഓഹരി വിപണിയിൽ മുടക്കി നഷ്ടം വന്നപ്പോൾ തട്ടിപ്പ് നടത്തിയ പണംകൊണ്ട് വീട് പണിതു. ബാക്കി തുക ഓഹരി വിപണിയിലെ ഊഹക്കച്ചവടത്തിലിറക്കുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.
ഇതുവരെ എത്ര തുകയാണ് തട്ടിപ്പ് നടത്തിയതെന്ന് കൃത്യമായി കണ്ടെത്താനാണ് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. തട്ടിപ്പിൽ മറ്റാരെങ്കിലും പങ്കാളികളായിട്ടുണ്ടോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പിതാവിന്റെ പേരിൽ തുടങ്ങിയ അക്കൗണ്ടിലേക്ക് തുക ആദ്യം മാറ്റിയ ശേഷമാണ് തട്ടിപ്പിന് തുടക്കമിട്ടത്.
നെറ്റ് ബാങ്കിങ് വഴിയാണ് ഓരോ ഇടപാടുകളും നടത്തിയത് എന്നതിനാൽ ഇടപാടിന്റെ വിശദാംശങ്ങൾ പരിശോധിച്ചാൽ കൂടുതൽ വ്യക്തത ലഭിക്കും. ബാങ്കും ഈ ദിശയിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഓരോ ഇടപാടുകളുടെയും കണക്കുകൾ കൃത്യമായി കണ്ടെത്തി, ട്രേഡിങ്ങിൽ എത്ര ചെലവഴിച്ചു, ബാക്കി എവിടെയെങ്കിലും നിക്ഷേപിച്ചിട്ടുണ്ടോ, ആർക്കെങ്കിലും കൊടുത്തിട്ടുണ്ടോ, പണമായി തന്നെ എടുത്തുവെച്ചിട്ടുണ്ടോ എന്നിവ പരിശോധിക്കും.
തട്ടിപ്പിൽ പുറമേക്ക് മറ്റാരെങ്കിലും പങ്കാളികളാണോ എന്ന് ആദ്യഘട്ട ചോദ്യംചെയ്യലിൽ പ്രതി സമ്മതിച്ചിട്ടില്ല. കൂടുതൽ പേരുണ്ടോ എന്നും തട്ടിപ്പിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും കൂടുതൽ ചോദ്യംചെയ്യലിലൂടെയേ വ്യക്തമാകൂ എന്നും ഡെപ്യൂട്ടി സൂപ്രണ്ട് പറഞ്ഞു. ബാങ്കിടപാടുകളും വസ്തുവകകൾ വാങ്ങിയിട്ടുണ്ടോ എന്നും മറ്റാരെങ്കിലും പങ്കാളികളായിട്ടുണ്ടോ എന്നും പരിശോധിക്കും. നിലവിൽ കോർപറേഷന്റേതടക്കം 17 അക്കൗണ്ടുകളിൽ തിരിമറി നടത്തിയ റിജിൽ 12.68 കോടിയാണ് തട്ടിയത്. ഇതിൽ കൂടുതൽ തുക തട്ടിയിട്ടുണ്ടോ എന്നും കണ്ടെത്തണം. റിജിൽ ജോലി ചെയ്ത മറ്റു ബ്രാഞ്ചുകളിൽ സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കും. റിജിലിനെ (31) ബുധനാഴ്ച ഏരിമലയിലെ ബന്ധുവിന്റെ വീട്ടിൽനിന്നാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.