പോബ്സൺ പാർട്ടിക്ക് ‘സ്വന്തം’; ഭൂമി ഏറ്റെടുക്കൽ ന്യായീകരിക്കാൻ മടിച്ച് സർക്കാർ
text_fieldsതൊടുപുഴ: ഇടുക്കിയിൽ ആയിരക്കണക്കിന് ഏക്കർ തോട്ടം ഭൂമി സ്പെഷൽ ഒാഫിസറുടെ നേതൃത്വത്തിൽ വീണ്ടെടുത്തത് തിരിച്ചുപിടിക്കാൻ കച്ചകെട്ടിയ എസ്റ്റേറ്റ് ഉടമകളെ സഹായിക്കുന്ന നിലപാടുമായി സർക്കാർ. ഏറ്റെടുത്ത 6312 ഏക്കർ ഭൂമിയിൽനിന്ന് ഒഴിഞ്ഞുപോകാൻ അനുവദിച്ച സമയപരിധി കഴിഞ്ഞതോടെ ഹൈകോടതിയിൽനിന്ന് താൽക്കാലിക സ്റ്റേ സമ്പാദിച്ചാണ് ഉടമകൾ ഭൂമി നിലനിർത്തിയത്. ഇതിനെതിരെ സർക്കാർ സമർപ്പിക്കേണ്ട സത്യവാങ്മൂലം നൽകാതെയും സ്പെഷൽ ഒാഫിസറുടെ പ്രോസിക്യൂട്ടർക്ക് ബന്ധപ്പെട്ട ഫയൽ കൈമാറാതെയുമാണ് സർക്കാർ ഒത്താശ.
സ്പെഷൽ ഒാഫിസറുടെ പ്രോസിക്യൂട്ടർ പ്രേമചന്ദ്രപ്രഭുവിനെ കോടതിയിൽ ഹാജരാകാൻ അനുവദിക്കാതെ പാർട്ടി നോമിനിയായ സ്റ്റേറ്റ് അറ്റോർണിയെയാണ് ഇതിന് നിയോഗിച്ചത്. ഇദ്ദേഹമാകെട്ട സത്യവാങ്മൂലം സമർപ്പിക്കുന്നതിന് സാവകാശം ചോദിക്കുകയാണ് ചെയ്തത്. സ്റ്റേ വന്ന് ഒരാഴ്ചക്കുള്ളിൽ സ്പെഷൽ ഒാഫിസർ എം.ജി. രാജമാണിക്യം ഏറ്റെടുക്കലിന് നിയമപരമായി സ്വീകരിച്ച നടപടിക്രമങ്ങളും എസ്റ്റേറ്റ് ഉടമകളുടെ വാദം തള്ളുന്ന രേഖകളും സഹിതം റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് റിപ്പോർട്ട് കൈമാറിയിരുന്നു. ഇൗ റിപ്പോർട്ട് കിട്ടി 20 ദിവസത്തിനു ശേഷവും സത്യവാങ്മൂലം നൽകാതിരുന്ന സർക്കാർ നിലപാടോടെ കോടതി സ്റ്റേ നീട്ടിനൽകുകയായിരുന്നു. ഭൂമി ഏറ്റെടുക്കൽ നടപടിക്ക് പ്രേത്യകമായി നിയോഗിച്ച ഒാഫിസർക്കായി കോടതിയിൽ സർക്കാർ ഭാഗം പറയാൻ നിയമിച്ച പ്രോസിക്യൂട്ടറെ ഇതിന് അനുവദിക്കാത്തത് പിടിച്ചെടുത്ത ഭൂമിയിൽ മുഖ്യപങ്ക് കൈവശം വെച്ച പോബ്സൺ ഗ്രൂപ്പിനോട് സി.പി.എം പുലർത്തുന്ന മൃദുസമീപനം മൂലമാെണന്ന് ആരോപണമുണ്ട്.
തോട്ടം ഏറ്റെടുത്തതിെനതിരെ മന്ത്രി മണിയും സി.പി.എം സംസ്ഥാന സെക്രട്ടറിയും പരസ്യമായി രംഗത്തുവന്നിരുന്നു. നോട്ടീസ് കാലാവധി കഴിയുന്നതോടെ ഒഴിപ്പിക്കൽ എങ്ങനെ വേണമെന്ന് ചോദിച്ച് രാജമാണിക്യം നൽകിയ റിപ്പോർട്ടിൽ നടപടിയെടുക്കാതെയാണ് കോടതിയിൽനിന്ന് സ്റ്റേ വാങ്ങാൻ അവസരമൊരുക്കിയത്. സർക്കാറിനുമേൽ സി.പി.എമ്മിെൻറയും സംയുക്ത ട്രേഡ് യൂനിയെൻറയും സമ്മർദം മുറുകിയ സാഹചര്യത്തിൽ ഭൂമി ഏറ്റെടുക്കൽ മരവിപ്പിക്കുന്നതിന് മുന്നോടിയായാണ് ഇൗ നീക്കങ്ങളെന്നാണ് സൂചന.
ഒമ്പത് എസ്റ്റേറ്റുകളിലായാണ് 6312 ഏക്കർ ഏറ്റെടുത്തത്. 9327 ഏക്കറാണ് ആകെ ഏറ്റെടുക്കേണ്ടത്. ശേഷിച്ച 3015 ഏക്കറിന് നടപടിക്രമം പൂർത്തിയായെങ്കിലും കമ്പനി സ്റ്റേ വാങ്ങി. തോട്ടം ഏറ്റെടുത്തും ഒഴിയാൻ 15 ദിവസത്തെ സാവകാശം അനുവദിച്ചും നൽകിയ നോട്ടീസിെൻറ കാലാവധി കഴിഞ്ഞ 27നാണ് അവസാനിച്ചത്. നിയമവിധേയമല്ലാതെ റാം ബഹാദൂർ ഠാക്കൂർ കമ്പനി കൈവശം വെച്ച സർക്കാർ ഭൂമി 1957ലെ ഭൂസംരക്ഷണ ചട്ടം 11ാം വകുപ്പ് പ്രകാരം ഏറ്റെടുക്കുകയായിരുന്നു. പ്രോവിഡൻറ് ഫണ്ട് കമീഷണറുടെ ലേലനടപടിയിലൂടെ തിരുവല്ല ആസ്ഥാനമായ പോബ്സൺ ഗ്രൂപ്പാണ് ഇപ്പോൾ ഭൂമി കൈവശം വെച്ചിട്ടുള്ളത്. സ്വാതന്ത്ര്യാനന്തരം ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടപ്പോൾ അസാധുവായതാണ് നാട്ടുരാജാക്കന്മാരിൽനിന്ന് ബ്രിട്ടീഷുകാർ കൃഷി ആവശ്യത്തിന് വാക്കാൽ നടത്തിയ ഭൂമി ഇടപാടെന്നും അനധികൃതമായാണ് ഭൂമി കൈമാറ്റം ചെയ്തതെന്നും സർക്കാർ വക ഭൂമി നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് സ്പെഷൽ ഒാഫിസർ ഏറ്റെടുക്കൽ നടപടി സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.