പോക്സോ നിയമം ദുരുപയോഗം ചെയ്യുന്നു –വനിത കമീഷൻ
text_fieldsകണ്ണൂർ: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയുകയെന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന പോക്സോ നിയമം ദുരുപയോഗം ചെയ്യുന്ന പ്രവണത കൂടിവരുന്നതായി സംസ്ഥാന വനിത കമീഷൻ അംഗം അഡ്വ. നൂർബിന റഷീദ്. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിങ്ങിനു ശേഷം സംസാരിക്കുകയായിരുന്നു അവർ. ആലക്കോട് പൊലീസ് സ്റ്റേഷനിൽ നിന്ന് ഇത്തരമൊരു കേസ് വനിത കമീഷന് മുന്നിലെത്തി. 2006ൽ മൂന്നു വയസ്സുകാരിയെ അയൽവാസി പീഡിപ്പിച്ചെന്ന കേസിലെ കുറ്റാരോപിതെൻറ സഹോദരിയെ പരാതിക്കാരിയുടെ ബന്ധു പീഡിപ്പിച്ചെന്നാണു ഇപ്പോൾ കേസ് കൊടുത്തിട്ടുള്ളത്.
എന്നാൽ, ഇത്രയും കാലം പീഡനവിവരം പുറത്തുവിടാതിരുന്ന രക്ഷിതാക്കളും പോക്സോ നിയമപ്രകാരം കുറ്റക്കാരാണ്. റസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെയും പരാതികൾ വ്യാപിക്കുന്നത് കുടുംബാന്തരീക്ഷം മാത്രമല്ല അയൽപക്ക ബന്ധവും തകർച്ചയിലാണെന്നതിെൻറ ഉദാഹരണമാണ്. ഫ്ലാറ്റ്, വില്ല സംസ്കാരം വർധിച്ചതോടെ സ്വഭാവത്തിലും മാറ്റംവന്നു തുടങ്ങി. അണുകുടുംബങ്ങളിൽ കുടുംബാന്തരീക്ഷം തകർന്നുകൊണ്ടിരിക്കുകയാണ്. കുടുംബത്തിലെ മുതിർന്നവരെ ബഹുമാനിക്കാത്ത അവസ്ഥയാണ് പലപ്പോഴും കുറ്റകൃത്യം വർധിക്കാൻ കാരണം.
ഇൻറർനെറ്റിലെ അശ്ലീല സൈറ്റുകൾ നിരോധിക്കാൻ നടപടി വേണം. കോടതികളിൽ വിചാരണ നീണ്ടുപോവുന്നതിനാൽ പീഡനത്തിനിരയായ കുട്ടികൾ സംഭവം മറന്നുപോവും. ഇത് പ്രതിഭാഗം അഭിഭാഷകർ മുതലെടുക്കുന്നതാണ് ശിക്ഷ ലഭിക്കാതിരിക്കാൻ കാരണമെന്നും അവർ പറഞ്ഞു. സിറ്റിങ്ങിൽ ആകെ 56 പരാതികളാണ് ലഭിച്ചത്. 34 പരാതികൾ തീർപ്പാക്കി. 10 എണ്ണം പൊലീസിനു കൈമാറി. അഞ്ചെണ്ണം ജാഗ്രത സമിതിക്കും ഏഴെണ്ണം അടുത്ത സിറ്റിങ്ങിലേക്കും മാറ്റി. സിറ്റിങ്ങിൽ അഡ്വ. അനിത റാണി, അഡ്വ. ഒ.കെ. പത്്മപ്രിയ എന്നിവരും പങ്കെടുത്തു. അഡ്വ. നൂർബിന റഷീദ് അംഗമായ വനിത കമീഷെൻറ അവസാനത്തെ സിറ്റിങ്ങാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.