കരുതലാവേണ്ടവർ ക്രൂരരാകരുതേ....
text_fieldsതിരുവനന്തപുരം: മാനസികമായും ശാരീരികമായും വളർച്ച പ്രാപിക്കുന്നതിന് മുമ്പ് പിഞ്ചുകുഞ്ഞുങ്ങൾ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നത് സംസ്ഥാനത്ത് വ്യാപകമായ സാഹചര്യത്തിൽ അതിനെതിരെ സമൂഹ മനസ്സാക്ഷിയെ ഉണർത്തി പൊലീസ്. കുരുന്നുകളുടെ സംരക്ഷണം നമ്മുടെ കൂടി ഉത്തരവാദിത്തമാണെന്ന ഒാർമപ്പെടുത്തലാണ് കേരള പൊലീസ് സമൂഹമാധ്യമത്തിലൂടെ പങ്കുവെക്കുന്നത്. ആലപ്പുഴ പട്ടണക്കാട്ട് കുഞ്ഞിെൻറ ദാരുണ മരണവും തൊടുപുഴയിലും ആലുവയിലും കുരുന്നുകൾ കൊടുംക്രൂരതക്കിരയായതുമടക്കം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിലാണ് പൊലീസിെൻറ ഇൗ നീക്കം.
‘..ദുരൂഹ സാഹചര്യത്തില്‍ കുഞ്ഞുങ്ങള്‍ മരണപ്പെടുകയാണ്. അതും മാനസികമായും ശാരീരികമായും വളർച്ച പ്രാപിക്കുന്നതിന് മുമ്പ്. പ്രലോഭനത്തിലൂടെയോ ബലം പ്രയോഗിച്ചോ കുഞ്ഞുങ്ങൾ ക്രൂരതയുടെ ആഴക്കയങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്ന കാഴ്ചയാണത്..’. ചെറുപ്രായത്തിൽ ഇത്തരം ആഘാതമേല്ക്കുന്ന കുഞ്ഞുങ്ങള്‍ വളർച്ചയുടെ ഓരോ ഘട്ടത്തിലും കടുത്ത മാനസിക ശാരീരിക പ്രയാസങ്ങള്‍ അതിജീവിക്കേണ്ടിവരുന്നെന്ന് സമൂഹമാധ്യമത്തിൽ പങ്കുെവച്ച കുറിപ്പിൽ പൊലീസ് വ്യക്തമാക്കുന്നു. കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള മാർഗനിർദേശങ്ങളും പൊലീസ് മുന്നോട്ടുെവക്കുന്നുണ്ട്.
കുട്ടികളുടെ അവകാശം
ഐക്യരാഷ്ട്ര സംഘടനയുടെ കുട്ടികളുടെ അവകാശ ഉടമ്പടി പ്രകാരം (1989) കുട്ടികൾക്ക് അതിജീവനത്തിനും വികസനത്തിനും സംരക്ഷണത്തിനും പങ്കാളിത്തത്തിനും അവകാശമുണ്ട്. ആറു മുതൽ 14 വയസ്സുവരെയുള്ളവർക്ക് സൗജന്യ പ്രാഥമിക വിദ്യാഭ്യാസത്തിന് അവകാശമുണ്ട്. കുട്ടികളെ അപകടകരമായ ജോലികൾ ചെയ്യിക്കുന്നത് കുറ്റകരമാണ്. കുട്ടികൾക്കെതിരെ ഏതുതരത്തിലുള്ള ലൈംഗിക അതിക്രമങ്ങളും കുറ്റകരമാണ്.
േപാക്സോ: നടപടി ഇങ്ങനെ
പോക്സോ നിയമപ്രകാരം ആദ്യ റിപ്പോർട്ടിങ്ങിനല്ലാതെ തെളിവെടുപ്പിനോ മൊഴി കൊടുക്കലിനോ പൊലീസ് സ്റ്റേഷനിൽ കുട്ടി പോകേണ്ടതില്ല. കുട്ടികൾക്ക് സൗകര്യപ്രദമായ സ്ഥലത്ത് പൊലീസ് എത്തി മൊഴി രേഖപ്പെടുത്തും. ഇത്തരം കേസുകളിൽ കുട്ടികൾക്ക് വിശ്വാസമുള്ള ആളെ കേസിെൻറ എല്ലാ നടപടിക്രമങ്ങളിലും ആശുപത്രിയിലും സഹായിയായി നൽകണം. അഭിഭാഷകെൻറ സേവനമടക്കം സൗജന്യ നിയമസഹായത്തിന് അർഹതയുണ്ട്. ലീഗൽ സർവിസസ് അതോറിറ്റി, ചൈൽഡ് ലൈൻ ഏജൻസികൾ, ജുവനൈൽ ജസ്റ്റിസ് ബോർഡ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി, ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റ്, സ്പെഷൽ ജുവനൈൽ പൊലീസ് യൂനിറ്റ് തുടങ്ങിയ സംവിധാനങ്ങളുടെ സേവനവും കുട്ടികൾക്ക് ലഭ്യമാണ്.
അതിക്രമം അറിയിക്കാം
കുട്ടികൾക്കെതിരെയുള്ള ആക്രമണങ്ങൾ അറിയിക്കേണ്ടത് പൊലീസ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി, ജില്ലാ ശിശു സംരക്ഷണ ഓഫിസ് എന്നിവിടങ്ങളിലാണ്. ബന്ധുക്കൾ, സുഹൃത്തുക്കൾ, അധ്യാപകർ, അയൽവാസികൾ എന്നിങ്ങനെ ആർക്കും പരാതി നൽകാം. ചൈൽഡ് ലൈൻ ടോൾ ഫ്രീ നമ്പർ 1098. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ: 0471-2326603. വനിതാ പൊലീസ് ഹെൽപ് ലൈൻ-1091. പൊലീസ് ഹെൽപ് ലൈൻ-112.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.