സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തെ കുറ്റകരമാക്കാനുള്ളതല്ല പോക്സോ നിയമം -ഡൽഹി ഹൈകോടതി
text_fieldsന്യൂഡൽഹി: പ്രായപൂർത്തിയാകാത്തവരെ ലൈംഗികാതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കാനുള്ളതാണ് പോക്സോ നിയമമെന്നും, പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തെ കുറ്റകരമാക്കിത്തീർക്കാനുള്ളതല്ലെന്നും ഡൽഹി ഹൈകോടതി. പോക്സോ ചുമത്തപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന പ്രതിയായ യുവാവിന് ജാമ്യം നൽകിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. 17കാരിയുടെ പിതാവ് നൽകിയ കേസിലാണ് കുട്ടിയെ വിവാഹം ചെയ്തയാളായ യുവാവിനെ അറസ്റ്റ് ചെയ്തത്.
17കാരിയെ 2021 ജൂണിൽ രക്ഷിതാക്കൾ ബന്ധുവായ ഒരാൾക്ക് വിവാഹം ചെയ്ത് നൽകിയിരുന്നു. എന്നാൽ, ഈ വിവാഹത്തിൽ താൽപര്യമില്ലാതിരുന്ന പെൺകുട്ടി അവിടെനിന്ന് ഓടിപ്പോരുകയും സുഹൃത്തായ യുവാവിന്‍റെ വീട്ടിലേക്ക് വരികയും ചെയ്തു. തുടർന്ന് പഞ്ചാബിലേക്ക് പോയ ഇരുവരും വിവാഹിതരായി. എന്നാൽ, പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പോക്സോ പ്രകാരം കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
'എന്‍റെ അഭിപ്രായത്തിൽ പോക്സോ നിയമത്തിന്‍റെ ലക്ഷ്യം 18 വയസിൽ താഴെയുള്ളവരെ ലൈംഗിക ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുകയെന്നുള്ളതാണ്. യുവാക്കളായ വ്യക്തികൾ തമ്മിൽ പ്രണയത്തോടെയും പരസ്പര സമ്മതത്തോടെയുമുള്ള ബന്ധത്തെ കുറ്റകരമാക്കി മാറ്റാനുള്ളതല്ല. ഓരോ കേസിനെയും സാഹചര്യങ്ങളും വസ്തുതകളും അടിസ്ഥാനമാക്കി വേണം സമീപിക്കാൻ. കാരണം, ലൈംഗികാതിക്രമത്തിന് ഇരയായ വ്യക്തി ഒത്തുതീർപ്പിന് നിർബന്ധിക്കപ്പെടുന്ന സാഹചര്യവുമുണ്ടാകാം' -ജസ്റ്റിസ് ജസ്മീത് സിങ് പറഞ്ഞു.
കേസിൽ പ്രതിയായ യുവാവ് 2021 ഡിസംബർ 31 മുതൽ ജയിലിലാണ്. ഇയാളുടെ ഭാര്യയായ പെൺകുട്ടി രക്ഷിതാക്കളിൽ നിന്ന് സംരക്ഷണം തേടി കോടതിയെ സമീപിച്ച വിവരവും അഭിഭാഷകർ അറിയിച്ചു.
ഒക്ടോബർ 20ന് കോടതി പെൺകുട്ടിയുടെ മൊഴിയെടുത്തിരുന്നു. തന്‍റെ സ്വന്തം ഇഷ്ടപ്രകാരമാണ് സുഹൃത്തിന്‍റെ വീട്ടിലേക്ക് പോയതെന്നും വിവാഹിതയായതെന്നും പെൺകുട്ടി വ്യക്തമാക്കിയിരുന്നു. ശിഷ്ടകാലവും ഇയാളോടൊപ്പം ജീവിക്കാനാണ് താൽപര്യമെന്നും കുട്ടി വ്യക്തമാക്കി. തുടർന്നാണ് കോടതി യുവാവിന് ജാമ്യം നൽകിയത്.
അതേസമയം, പ്രായപൂർത്തിയാകാത്ത ഒരാളുടെ സമ്മതത്തിന് നിയമപരമായ സാധുതയില്ലെന്നും, എങ്കിലും പ്രണയത്തിന്‍റെ ഭാഗമായി പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്ന വസ്തുത ജാമ്യം നൽകുന്നതിനായി പരിഗണിക്കുകയാണെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യം അവഗണിച്ച് പെൺകുട്ടിയുടെ ഭർത്താവിനെ ജയിലിൽ തുടരാൻ വിധിക്കുന്നത് നീതിയെ വികൃതമാക്കലാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.