പൊലീസ് കസ്റ്റഡിയില്‍നിന്ന് കടന്ന പോക്സോ കേസ് പ്രതി പിടിയിൽ
text_fieldsപത്തനംതിട്ട: പൊലീസ് കസ്റ്റഡിയില്‍നിന്ന് കൈവിലങ്ങുമായി കടന്നുകളഞ്ഞ പോക്സോ കേസ് പ്രതി മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ പിടിയിലായി.ചിറ്റാര്‍ മീന്‍കുഴി സ്വദേശി ജിതിനാണ്(35) പിടിയിലായത്. ബുധനാഴ്ച വൈകീട്ട് അഞ്ചിന് തെളിവെടുപ്പിന് കൊണ്ടുവരുംവഴി വിലങ്ങുമായി ഇയാൾ കടന്നുകളയുകയായിരുന്നു. പതിനേഴുകാരിയുമായി വീട്ടിലെത്തിയ ജിതിനെ നാട്ടുകാര്‍ തടഞ്ഞുവെച്ച് ചിറ്റാര്‍ പൊലീസിന് കൈമാറുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച ജിതിനെ കഞ്ചാവ് ശേഖരം വീട്ടിലുണ്ടെന്ന സംശയത്തില്‍ തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെയാണ് ചാടിപ്പോയത്.
കൈ മുന്‍വശത്തേക്ക് ആക്കിയാണ് വിലങ്ങിട്ടിരുന്നത്. മൂത്രമൊഴിക്കണമെന്ന് പറഞ്ഞപ്പോള്‍ ഒപ്പമുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫിസര്‍ കൊണ്ടുപോകുന്നതിനിടെ താഴ്ചയിലേക്ക് ചാടി ഓടുകയായിരുന്നു. ഒപ്പം ചാടിയ പൊലീസുകാരനും പരിക്കേറ്റു. വനമേഖലയില്‍ അപ്രത്യക്ഷനായ ഇയാള്‍ക്ക് വേണ്ടി പൊലീസ് നാട്ടുകാരുടെ സഹായത്തോടെ രാത്രി മുഴുവന്‍ തിരച്ചില്‍ നടത്തി. കനത്ത മഴ അവഗണിച്ചായിരുന്നു തിരച്ചില്‍.
ഒരു കൈയിലെ വിലങ്ങ് അഴിഞ്ഞുപോയ അവസ്ഥയിലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് പൊലീസ് അന്വേഷിക്കും.വിവാഹിതനായ ഇയാൾ ഭാര്യയുമായി അകന്നാണ് കഴിഞ്ഞിരുന്നത്. ചിറ്റാര്‍ സ്റ്റേഷനില്‍ പെണ്‍കുട്ടിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനിടെയാണ് ഇയാള്‍ക്ക് കഞ്ചാവ് വില്പനയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് വീട് പരിശോധിക്കാന്‍ തീരുമാനിച്ചത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.