പോക്സോ കേസ് പ്രതിയായ അധ്യാപകന്റെ വീടിന് നേരെ ആക്രമണം; ഭാര്യക്ക് പരിക്ക്
text_fieldsകണ്ണൂർ: പോക്സോ കേസ് പ്രതിയായ അധ്യാപകന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ ഭാര്യക്ക് പരിക്ക്. കക്കയങ്ങാട് പാലാ ഗവ. സ്കൂളിലെ അധ്യാപകൻ എ.കെ ഹസന്റെ വീടിന് നേരെയാണ് ചൊവ്വാഴ്ച രാത്രി ആക്രമണം ഉണ്ടായത്. വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് അധ്യാപകനെതിരെ കേസ്.
ചൊവ്വാഴ്ചയാണ് അധ്യാപകനെതിരെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനികളായ നാലുപേർ ആരോപണം ഉയർത്തിയത്. അപമര്യാദയായി പെരുമാറുന്നു, അശ്ലീലച്ചുവയോടെ സംസാരിക്കുന്നു എന്നിങ്ങനെയായിരുന്നു പരാതി. തുടര്‍ന്ന് നടപടി ആവശ്യപ്പെട്ട് എസ്.എഫ്.ഐ സ്‌കൂളിന് മുന്നില്‍ പ്രതിഷേധിച്ചു. പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് വിദ്യാര്‍ഥിനികളുടെ മൊഴിയെടുത്തു. എന്നാൽ, നാലില്‍ ഒരു വിദ്യാര്‍ഥിനിയാണ് അധ്യാപകനെതിരെ മൊഴി കൊടുത്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്നാണ് രാത്രിയോടെ അധ്യാപകന്റെ വീടിന് നേരെയും ഭാര്യക്കു നേരെയും ആക്രമണം ഉണ്ടായത്. തലക്കടിയേറ്റ ഭാര്യ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.
അതേസമയം, പോക്സോ കേസ് രാഷ്ട്രീയ വിരോധം തീർക്കാൻ കെട്ടിച്ചമച്ചതാണെന്നും ആക്രമണത്തിന് പിന്നിൽ സി.പി.എം ആണെന്നും കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ ആരോപിച്ചു. ഭാര്യ മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റും അധ്യാപകന്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയായ കെ.പി.എസ്.ടി.എയുടെ ജില്ല നേതാവുമാണ്. നേരത്തെ തന്നെ അധ്യാപകനെതിരെ സി.പി.എം ആരോപണങ്ങള്‍ ഉയർത്തിയിരുന്നു.
സാലറി ചലഞ്ച് സമയത്ത് സര്‍ക്കാര്‍ ഉത്തരവ് കത്തിച്ചവരില്‍ ഒരാളായിരുന്നു ഹസൻ. അതിനു ശേഷമായിരുന്നു സി.പി.എം പ്രചാരണങ്ങൾ. അതിനാല്‍, ആസൂത്രിതമായി അധ്യാപകനെ കേസില്‍ കുടുക്കിയതാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.