ശുചീകരണത്തൊഴിലാളി കാറിടിച്ച് മരിച്ച സംഭവം: യുവാക്കൾക്കെതിരെ പോക്സോ കേസും
text_fieldsകൊച്ചി: കലൂരിൽ ഒരാളുടെ മരണത്തിനിടയാക്കിയ അപകടത്തിലെ കാർ ഓടിച്ച യുവാക്കൾക്കെതിരെ സ്കൂൾ വിദ്യാർഥിനികൾക്ക് ലഹരിവസ്തുക്കൾ നൽകി പീഡിപ്പിച്ചതിനും കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചതിന് പോക്സോ വകുപ്പ് ചുമത്തിയാണ് എറണാകുളം നോർത്ത് പൊലീസ് കേസെടുത്തത്. അരഞ്ഞാളിൽ വീട്ടിൽ ജിത്തു (29), തൃപ്പൂണിത്തുറ പെരുമ്പള്ളിൽ വീട്ടിൽ സോണി (25) എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
കഴിഞ്ഞദിവസം കലൂർ പാവക്കുളം ക്ഷേത്രത്തിനുസമീപം ഇവർ സഞ്ചരിച്ച കാറിടിച്ച് നഗരത്തിലെ ശുചീകരണത്തൊഴിലാളി മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഓട്ടോയും സ്കൂട്ടറും ഉൾപ്പെടെ ഇടിച്ചുതെറിപ്പിച്ച് നിർത്താതെപോയ ഇവരെ കലൂർ ദേശാഭിമാനി ജങ്ഷനിൽവെച്ച് നാട്ടുകാർ തടഞ്ഞുനിർത്തിയാണ് പിടികൂടിയത്. കാറിൽ യൂനിഫോം ധരിച്ച സ്കൂൾ വിദ്യാർഥിനികളുണ്ടായിരുന്നെന്ന് നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലഹരി നൽകിയുള്ള പീഡനവിവരം പുറത്തുവന്നത്.
അപകടത്തിന് ശേഷം കുട്ടികൾ കാറിൽനിന്ന് ഇറങ്ങി ഓടിയെന്നായിരുന്നു പൊലീസിന് ലഭിച്ച വിവരം. പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നെന്നും പൊലീസ് കണ്ടെത്തി. വാഹനം കടന്നുപോയ വഴിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പെൺകുട്ടികൾ കാറിലുണ്ടായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചത്. ഇവരെ കണ്ടെത്തി വനിത പൊലീസ് വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് പ്രതികൾ കഞ്ചാവ് നൽകി പീഡിപ്പിച്ചെന്ന് മൊഴി നൽകിയത്.
അപകടമുണ്ടായശേഷം നിർത്താതെ പോയ കാർ കുറച്ചുദൂരം മുന്നോട്ടുപോയശേഷം പെൺകുട്ടികളെ വേഗത്തിൽ ഇറക്കിവിടുകയായിരുന്നു. സമൂഹ മാധ്യമങ്ങൾ വഴി പെൺകുട്ടികളെ വലയിലാക്കുന്ന പ്രതികൾ പ്രണയം നടിച്ച് ലഹരി നൽകി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതികൾ മറ്റ് പെൺകുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.