പോക്സോ കേസ്: കുട്ടികളെ തിരിച്ചറിയുന്ന വിവരങ്ങൾ പ്രസിദ്ധീകരിച്ചാൽ ഒരു വർഷം വരെ ശിക്ഷയെന്ന് ജില്ല കോടതി ജഡ്ജി
text_fieldsകൊച്ചി: ലൈംഗീക അതിക്രമങ്ങൾക്ക് ഇരയായ കുട്ടികളെ തിരിച്ചറിയുന്ന രീതിയിൽ വാർത്തകളിൽ വിവരങ്ങൾ പ്രസിദ്ധീകരിച്ചാൽ പോക്സോ നിയമപ്രകാരം ആറുമാസം മുതൽ ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് പോക്സോ പ്രത്യേക കോടതി ജില്ലാ ജഡ്ജി കെ. സോമൻ. മാധ്യമങ്ങളും കുട്ടികളുടെ സംരക്ഷണവും പോക്സോ ബാലനീതി നിയമങ്ങളുടെ അടിസ്ഥാനത്തിൽ എന്ന വിഷയത്തിൽ കേരള സംസ്ഥാന ബാലാവകാശ കcrഷൻ എറണാകുളത്ത് സംഘടിപ്പിച്ച മാധ്യമ ബോധവത്കരണ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉപദ്രവിക്കപ്പെട്ട കുട്ടികളുടെ സ്വകാര്യത ഹനിക്കാത്ത രീതിയിൽ വാർത്തകൾ തയാറാക്കാൻ ജാഗ്രത പാലിക്കണം. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നിരവധി നിയമങ്ങൾ ഭരണഘടന വിഭാവനം ചെയ്യുന്നുണ്ട്. കുട്ടികൾ ഉൾപ്പെടുന്ന കേസുകൾ പ്രത്യേകമായി പരിഗണിക്കുന്നതിനായി ചിൽഡ്രൻസ് കോർട്ട് ഉൾപ്പെടെ അവരെ സംരക്ഷിക്കാൻ സർക്കാർ, സർക്കാർ അംഗീകൃത സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും കീഴിൽ ജുവനൈൽ ജസ്റ്റിസ് കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട്.
2015 ലെ ബാലനീതി ആക്ട് , 2012 ലെ പോക്സോ ആക്ട് പ്രകാരം കുട്ടികളെ സംബന്ധിച്ച റിപ്പോർട്ടുകൾ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുകയോ പ്രദർശിപ്പിക്കുകയോ ചെയ്യുമ്പോൾ അവരുടെ സ്വകാര്യത, അന്തസ്, ശാരീരികവും വൈകാരികവുമായ വികാസം എന്നിവ സംരക്ഷിക്കേണ്ടത് ഓരോ മാധ്യമങ്ങളുടെയും ഉത്തരവാദിത്തമാണ്. ആധികാരികമായ വിവരങ്ങൾ ലഭിക്കാതെ വാർത്ത നൽകരുത്. കുട്ടികൾക്ക് ഭരണഘടന നൽകുന്ന സംരക്ഷണം നൽകാനും മാധ്യമ പ്രവർത്തകർ ബാധ്യസ്ഥരാണെന്ന് അദ്ദേഹം പറഞ്ഞു.
മൊബൈൽ ഫോണിലൂടെയുള്ള ലൈംഗിക കുറ്റങ്ങളും കൂടി വരികയാണ്. ഇക്കാര്യത്തിൽ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. ലൈംഗിക അതിക്രമങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന നിയമത്തിലെ സെക്ഷൻ 20 പ്രകാരം കുട്ടികൾ ഉൾപ്പെടുന്ന കേസുകൾ മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെയോ ജുവനൈൽ സ്പെഷ്യൽ പൊലീസിനെയോ അറിയിക്കണം. മറച്ചുവെക്കുന്നത് പോക്സോ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം സാഹചര്യങ്ങളിൽ മറ്റു താൽപര്യങ്ങൾക്ക് വിധേയമായി പ്രവർത്തിക്കരുതെന്നും കുട്ടികളുടെ അവകാശങ്ങളെ സംബന്ധിച്ച് കുട്ടികൾ, രക്ഷിതാക്കൾ ഉൾപ്പെടെയുള്ള പൊതുജനങ്ങളെ ബോധവത്ക്കരിക്കാൻ മാധ്യമങ്ങൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. വ്യക്തികൾ അറിഞ്ഞാലും വിവരം പൊലീസിനെ അറിയിക്കണം.
എറണാകുളം ഹോട്ടൽ അബാദ് പ്ലാസയിൽ സംഘടിപ്പിച്ച സെമിനാറിൽ ബാലാവകാശ കമീഷൻ ചെയർപേഴ്സൺ കെ.വി മനോജ്, കമീഷൻ അംഗങ്ങളായ ടി.സി ജലജ മോൾ, എൻ. സുനന്ദ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.