പോക്സോ കേസ് പ്രതിയെ പീഡിപ്പിച്ച സംഭവം: മുൻ സി.ഐയെ സർവീസിൽനിന്ന് നീക്കി
text_fieldsതിരുവനന്തപുരം: പോക്സോ കേസ് പ്രതിയെ പീഡിപ്പിച്ച അയിരൂർ പൊലീസ് സ്റ്റേഷനിലെ മുൻ സി.ഐ ആർ.ജയസനിലിനെ സർവീസിൽനിന്ന് നീക്കി. സർവീസിൽനിന്ന് നീക്കം ചെയ്യാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ ഡി.ജി.പി നോട്ടിസ് നൽകി. ഏഴ് ദിവസത്തിനകം മറുപടി നൽകണം. വിശദീകരണം തൃപ്തികരമല്ലെങ്കിൽ സർവീസിൽനിന്ന് പിരിച്ചുവിട്ടതായി കണക്കാക്കും.
പോക്സോ കേസിൽ പ്രതിയായ 27 വയസുകാരനെ കേസിൽനിന്ന് ഒഴിവാക്കി തരാമെന്ന് പറഞ്ഞ് ജയസനിൽ ക്വാർട്ടേഴ്സിലേക്ക് വിളിച്ചുവരുത്തി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട 17 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായിരുന്നു യുവാവ്. പീഡനത്തിന് ഇരയായ വിവരം യുവാവ് ബന്ധുക്കളോട് പറഞ്ഞിരുന്നു.
പ്രതിയിൽനിന്ന് പണം തട്ടിയെടുത്തെങ്കിലും സി.ഐ കേസ് പിൻവലിച്ചില്ലെന്ന് എഫ്.ഐ.ആറിൽ പറയുന്നു. തുടർന്ന് സി.ഐയുടെ നിർദേശപ്രകാരം യുവാവിനെതിരെ പോക്സോ കേസ് ചുമത്തി റിമാൻഡ് ചെയ്തു. ജാമ്യം ലഭിച്ചയുടൻ യുവാവ് പൊലീസിൽ സിഐയ്ക്കെതിരെ പരാതി നൽകുകയായിരുന്നു.
2010 മുതൽ ജയസനിൽ വിവിധ കേസുകളിൽ ആരോപണ വിധേയനും വകുപ്പുതല നടപടികൾ നേരിട്ടയാളുമാണെന്ന് ഡിജിപിയുടെ നോട്ടിസിൽ പറയുന്നു. കുപ്രസിദ്ധ ഗുണ്ട കരാട്ടെ സുരേഷിൽനിന്ന് കൈക്കൂലി വാങ്ങിയതും റിസോർട്ട് ഉടമകൾക്കെതിരെ വ്യാജക്കേസ് റജിസ്റ്റർ ചെയ്തതും അടക്കം വകുപ്പുതല നടപടികൾ നേരിട്ട അഞ്ച് കേസുകളുടെ കാര്യം നോട്ടിസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.