പോക്സോ കേസ്: വിചാരണ കോടതി വിധിക്കെതിരെ മോൻസൺ മാവുങ്കലിന്‍റെ അപ്പീൽ
text_fieldsകൊച്ചി: പോക്സോ കേസിലെ വിചാരണ കോടതി വിധിക്കെതിരെ പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോൻസൺ മാവുങ്കൽ ഹൈകോടതിയിൽ അപ്പീൽ ഹരജി നൽകി. ജീവിതാന്ത്യംവരെ കഠിനതടവും 5.25 ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ച ജൂൺ 17ലെ എറണാകുളം പോക്സോ കോടതി ഉത്തരവിനെതിരെയാണ് ഹരജി. അപ്പീൽ ഫയലിൽ സ്വീകരിച്ച ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് സർക്കാറിന് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു.
വീട്ടുജോലിക്കാരിയുടെ 17കാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും പിന്നീട് നിർബന്ധിച്ച് ഗർഭഛിദ്രം നടത്തുകയും ചെയ്തെന്ന കേസിലാണ് വിവിധ വകുപ്പുകളിലായി ജീവപര്യന്തമുൾപ്പെടെ ശിക്ഷവിധിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അവളുടെ കുടുംബത്തിന്റെ സാമ്പത്തിക പരാധീനതകൾ ചൂഷണംചെയ്ത് വാഗ്ദാനങ്ങൾ നൽകി പീഡിപ്പിച്ച പ്രതി ദയ അർഹിക്കുന്നില്ലെന്ന് വിലയിരുത്തിയായിരുന്നു ഉത്തരവ്.
വ്യാജ പുരാവസ്തുക്കളുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ മോൻസൺ 2021 സെപ്റ്റംബർ 25ന് അറസ്റ്റിലായിരുന്നു. തുടർന്നാണ് പോക്സോ കേസ് ഉൾപ്പെടെയുള്ളവ പുറത്തുവന്നത്. തുടർന്ന് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് സംഘമാണ് മോൻസണിനെതിരെ കുറ്റപത്രം നൽകിയത്. വിചാരണ കോടതി വിധിച്ച ശിക്ഷ നടപ്പാക്കുന്നത് സസ്പെൻഡ് ചെയ്ത് ജാമ്യം നൽകണമെന്നും അപ്പീലിൽ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.