പോക്സോ കേസ് ഇരയുടെ ആത്മഹത്യ: വേശ്യയെന്ന് വിളിച്ച് സി.ഐ അപമാനിച്ചെന്ന് പെൺകുട്ടി, കുറിപ്പ് പുറത്ത്
text_fieldsമലപ്പുറം: പോക്സോ കേസിലെ ഇരയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. വേശ്യയെന്ന് വിളിച്ച് ഫറോക്ക് സി.ഐ അപമാനിച്ചതായി കത്തിൽ പറയുന്നു. തന്റെ അവസ്ഥക്ക് കാരണം പ്രതികളും സി.ഐയുമാണെന്ന് കത്തിലുണ്ട്. പീഡനകാര്യം നാട്ടുകാരോട് മുഴുവൻ പറഞ്ഞതിനാൽ പുറത്തിറങ്ങാൻ കഴിയുന്നില്ല. പ്രതിശ്രുത വരനെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തതായും കത്തിലുണ്ട്. മുമ്പ് ആത്മഹത്യക്ക് ശ്രമിച്ചപ്പോൾ എഴുതിയ കത്താണ് പുറത്തുവന്നത്.
ബന്ധുക്കൾ ഉൾപ്പെടെ ആറുപേരാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ചേലേമ്പ്രയിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന പെൺകുട്ടിയെ ബുധനാഴ്ച തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഏഴുമാസം മുമ്പാണ് പെൺകുട്ടിയും കുടുംബവും ചേലേമ്പ്രയിൽ വാടക ക്വാർട്ടേഴ്സിൽ താമസമാക്കിയത്. അതിനുമുമ്പ് ഫറോക്ക് സ്റ്റേഷൻ അതിർത്തിയിലായിരുന്നു താമസം. അവിടെവെച്ചാണ് ഇവരുടെ ബന്ധുക്കളടക്കമുള്ളവർ പീഡിപ്പിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടിയായിരുന്നു അന്ന്.
ആ സംഭവത്തിൽ ഫറോക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. പിന്നീട് കൊണ്ടോട്ടി സ്റ്റേഷൻ പരിധിയിലും കേസുകളെടുത്തു. കേസിൽ ആറുപേർ ഇപ്പോഴും റിമാൻഡിലാണ്.
പീഡനത്തിനിരയായ യുവതിയും ബന്ധുക്കളും പലതവണ സർക്കാർ സഹായത്തിനായി അപേക്ഷ നൽകിയിരുന്നെങ്കിലും ലഭിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. പൊലീസിന്‍റെ ഭാഗത്തുനിന്നും സഹായം ലഭിച്ചിട്ടില്ലെന്ന് അവർ പറഞ്ഞു. പെൺകുട്ടി പലതവണയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.