അന്തർ സംസ്ഥാന തൊഴിലാളികൾ പ്രതിയായ പോക്സോ കേസുകൾ, പൊലീസിന് തലവേദന
text_fieldsകൊച്ചി: അന്തർ സംസ്ഥാന തൊഴിലാളികൾക്കിടയിലെ പോക്സോ കേസുകൾ പൊലീസിന് തലവേദന. കഴിഞ്ഞ രണ്ടു വർഷത്തിനിടെ അന്തർ സംസ്ഥാന തൊഴിലാളികൾ പ്രതിയായ പോക്സോ കേസുകളിലെ വർധനയും ഇതിന്റെ തുടർനടപടി ക്രമങ്ങളുമാണ് പൊലീസിന് തലവേദനയാകുന്നത്. ജോലിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെത്തുന്നവർ പ്രതികളാകുന്ന കേസുകൾക്കൊപ്പം ശൈശവ വിവാഹത്തിന്റെ പേരിലുള്ള പോക്സോ കേസുകളും ഇവർക്കെതിരെ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ, കേസുകളിൽ പ്രതികളെ പിടികൂടുന്നത് മുതൽ വിചാരണയും വിധി പ്രഖ്യാപനവും വരെ മുഴുവൻ സമ്മർദവും അനുഭവിക്കേണ്ടി വരുന്നത് പൊലീസ് ഉദ്യോഗസ്ഥരാണ്. പോക്സോ കേസുകളിൽ പ്രതി ചേർക്കപ്പെടുന്നവർക്ക് സാധാരണ ഗതിയിൽ രണ്ട് മാസത്തിനു ശേഷമാണ് ജാമ്യം ലഭിക്കുന്നത്.
എന്നാൽ, ഇങ്ങനെ ജാമ്യത്തിലിറങ്ങി മുങ്ങുന്നവരെ വിചാരണ ഘട്ടത്തിൽ കണ്ടെത്തലാണ് പൊലീസ് നേരിടുന്ന പ്രധാന പ്രതിസന്ധി. പശ്ചിമബംഗാൾ, ഒഡിഷ, ഝാർഖണ്ഡ്, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ അവികസിത മേഖലകളിൽ നിന്നുള്ളവരാണ് സംസ്ഥാനത്ത് തൊഴിലെടുക്കുന്ന അന്തർ സംസ്ഥാനക്കാരിൽ ഭൂരിപക്ഷവും. ഇത്തരം കേസുകളിൽ പ്രതിയാകുന്നവർ ജാമ്യമെടുത്ത് നാട്ടിലേക്ക് മുങ്ങുകയോ തൊഴിലിടം മാറുകയോ ചെയ്താലും പൊലീസിന് വെല്ലുവിളിയാണ്. പലപ്പോഴും ഉൾപ്രദേശങ്ങളിലെ കുഗ്രാമങ്ങളിൽ ചെന്ന് ഇവരെ പിടികൂടുന്നതും അസാധ്യമാണ്. ഇത് കേസുകളുടെ വിചാരണയെയും ബാധിക്കുന്നുണ്ട്. വാറന്റായ കേസുകളിൽ പ്രതിയെ അന്വേഷിച്ച് പോകുന്നതിന്റെ ചെലവും ഉദ്യോഗസ്ഥർക്ക് നഷ്ടമാണ്. ആചാരങ്ങളുടെ ഭാഗമായും മറ്റും ഉത്തരേന്ത്യയിലെ ഗ്രാമങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്ന ശൈശവ വിവാഹങ്ങളും അന്തർ സംസ്ഥാന തൊഴിലാളികളുടെ തള്ളിക്കയറ്റത്തോടെ കേരള പൊലീസിന് തലവേദനയായിട്ടുണ്ട്. ഇങ്ങനെ വിവാഹിതരാകുന്ന ദമ്പതികൾ കേരളത്തിലെത്തി ഗർഭിണികളാകുമ്പഴോ മറ്റോ വൈദ്യപരിശോധനക്ക് എത്തുമ്പോഴാണ് ഭർത്താവിന് പൊല്ലാപ്പാകുന്നത്. വൈദ്യപരിശോധനയിൽ പെൺകുട്ടിക്ക് പ്രായം കുറവാണെന്ന് വ്യക്തമാകുന്നതോടെ ചികിത്സിക്കുന്ന ഡോക്ടർ പൊലീസിന് റിപ്പോർട്ട് ചെയ്യുകയും ഭർത്താവ് പോക്സോ കേസിൽ ജയിലിലാകുകയും ചെയ്യും. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഇത്തരത്തിൽ നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഈ കേസുകളിൽ ഇരയുടെ സംരക്ഷണമടക്കം പിന്നീട് പൊലീസിന്റെ തലയിലാകും.
കൂടാതെ വിചാരണഘട്ടത്തിൽ ഇര മൊഴിമാറ്റുന്നത് കേസിനെയും ബാധിക്കും. ഫലത്തിൽ പൊതുവെ അംഗസംഖ്യ കുറവായ പൊലീസ് ജോലി ഭാരത്തിൽ വലയുമ്പോൾ തന്നെ ഇത്തരം കേസുകളുടെ നടത്തിപ്പും പൊലീസ് ഉദ്യോഗസ്ഥർക്ക് വെല്ലുവിളിയാകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.