പോക്സോ കേസുകൾ: ശിക്ഷയുറപ്പിക്കാൻ നിർദേശങ്ങളുമായി പൊലീസ്
text_fieldsകോട്ടയം: പോക്സോ കേസുകളിൽ അതിജീവിത കൂറുമാറിയാൽ മുമ്പ് നൽകിയ നഷ്ടപരിഹാരം തിരികെ പിടിക്കണമെന്നും ഇരയുടെയും പ്രധാന സാക്ഷികളുടെയും രഹസ്യമൊഴി രേഖപ്പെടുത്തണമെന്നും പൊലീസിന്റെ ശിപാർശ. പോക്സോ കേസുകളിൽ ശിക്ഷയുറപ്പിക്കാൻ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മനുഷ്യാവകാശ കമീഷന് നൽകിയ ശിപാർശകളിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
പോക്സോ കേസുകളിൽ ശിക്ഷാനിരക്ക് കുറയാൻ കാരണമാകുന്ന പാളിച്ചകൾ അക്കമിട്ടുള്ള വിശദ റിപ്പോർട്ടാണ് എ.ഡി.ജി.പി സമർപ്പിച്ചത്. വിചാരണ വേളയിൽ അതിജീവിതയും സാക്ഷികളും മൊഴി മാറ്റുന്നതാണ് പല കേസിലും പ്രതികൾ രക്ഷപ്പെടാൻ കാരണമായി പൊലീസ് ചൂണ്ടിക്കാട്ടുന്നത്. പലപ്പോഴും പൊലീസിന്റെ വീഴ്ചയായി ഇത് വ്യാഖ്യാനിക്കപ്പെടുന്ന നിർഭാഗ്യകരമായ സാഹചര്യമുണ്ടെന്നും റിപ്പോർട്ടിലുണ്ട്. എ.ഡി.ജി.പിയുടെ റിപ്പോർട്ട് തുടർ നടപടികൾക്കായി മനുഷ്യാവകാശ കമീഷൻ ഹൈകോടതി രജിസ്ട്രാർക്കും ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്കും അയച്ചു.
പ്രതികൾ രക്ഷപ്പെടാനുള്ള കാരണങ്ങളായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്
● വിചാരണ വേളയിൽ അതിജീവിതയും സാക്ഷികളും പ്രതിക്ക് അനുകൂലമായി മൊഴി മാറ്റുന്നു
● അതിജീവിതയും ബന്ധുക്കളും കോടതിക്ക് പുറത്ത് പ്രതിയിൽനിന്ന് പണവും ആനുകൂല്യങ്ങളും കൈപ്പറ്റി കേസ് തീർപ്പാക്കുന്നു
● കേസന്വേഷണം പൂർത്തിയാക്കുന്നതിലുണ്ടാകുന്ന കാലതാമസം
● പ്രതിക്കെതിരെ തെളിവുകൾ ശേഖരിക്കുന്നതിലുണ്ടാകുന്ന വീഴ്ച
● മേലുദ്യോഗസ്ഥരിൽനിന്ന് അന്വേഷണ വേളയിലും വിചാരണ വേളയിലും മേൽനോട്ടത്തിലുണ്ടാകുന്ന വീഴ്ച
● കേസ് നടപടികൾ പൂർത്തിയാക്കുന്നതിലെ കാലതാമസം
നിർദേശങ്ങൾ
● മൊഴി മാറ്റുന്നത് ഒഴിവാക്കാൻ അതിജീവിതയുടെയും പ്രധാന സാക്ഷികളുടെയും സി.ആർ.പി.സി 164 പ്രകാരം രഹസ്യമൊഴി രേഖപ്പെടുത്തണം
● അതിജീവിത കൂറുമാറിയാൽ നേരത്തേ നൽകിയ നഷ്ടപരിഹാരം തിരിച്ചുപിടിക്കണം
● അതിജീവിതയുടെ ബന്ധുക്കൾ പ്രതിയാകുന്ന കേസിൽ ഇരയെ സുരക്ഷിതമായി പാർപ്പിക്കണം
● അതിജീവിതയെ വിക്ടിം ലെയ്സൻ ഓഫിസർ സ്ഥിരമായി സന്ദർശിക്കണം
● കുറ്റകൃത്യം തെളിയിക്കാൻ വാക്കാലുള്ള തെളിവുകളെക്കാൾ സാഹചര്യ / ശാസ്ത്രീയ തെളിവുകൾ കണ്ടെത്തി കുറ്റകൃത്യം നടന്നെന്ന് ഉറപ്പിക്കണം
● കുറ്റപത്രം സമർപ്പിക്കും മുമ്പ് ചർച്ച നടത്തി തെളിവുകളുടെ പ്രസക്തിയെക്കുറിച്ച് നിയമോപദേശം വാങ്ങണം
● കെമിക്കൽ എക്സാമിനേഷൻ ഫലം, സീൻപ്ലാൻ, ജനന സർട്ടിഫിക്കറ്റ്, വൈദ്യപരിശോധന സർട്ടിഫിക്കറ്റ് എന്നിവ സമയബന്ധിതമായി ശേഖരിച്ച് കുറ്റപത്രത്തിനൊപ്പം സമർപ്പിക്കണം
● ഇരയെ പ്രതി സ്വാധീനിക്കാൻ ശ്രമിച്ചാൽ അക്കാര്യം കോടതിയെ അറിയിക്കണം
● പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് പൊലീസ് ആസ്ഥാനത്തുനിന്നുള്ള 2021ലെ സർക്കുലർ കൃത്യമായി പാലിക്കണം
● പ്രതിമാസ ക്രമസമാധാന അവലോകന യോഗത്തിൽ ജില്ല പൊലീസ് മേധാവികൾ പോക്സോ കേസുകളുടെ അന്വേഷണ പുരോഗതി വിലയിരുത്തണം
● അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ച തെളിവുകൾ പോക്സോ കേസുകളുടെ ജില്ല നോഡൽ ഓഫിസർ സൂക്ഷ്മപരിശോധന നടത്തണം
● പോക്സോ കോടതിയിൽ വിചാരണ നടപടികളിൽ സഹായിക്കാൻ പോക്സോ നിയമത്തിൽ പരിജ്ഞാനമുള്ള വനിത പൊലീസ് ഉദ്യോഗസ്ഥയെ സ്ഥിരം സഹായിയായി നിയോഗിക്കണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.