പോക്സോ പരാതി വ്യാജം; സസ്പെൻഷനിലായ അധ്യാപകനെ തിരിച്ചെടുക്കാൻ ഉത്തരവ്
text_fieldsകണ്ണൂർ: പോക്സോ പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ സസ്പെൻഷനിലായ അധ്യാപകനെ തിരിച്ചെടുക്കാൻ ഉത്തരവ്. കടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിലെ എച്ച്.എസ്.ടി സോഷ്യൽ സ്റ്റഡീസ് അധ്യാപകനായിരുന്ന പി.ജി. സുധിയെയാണ് സർവിസിൽ തിരിച്ചെടുക്കാൻ വിദ്യാഭ്യാസ ഉപഡയറക്ടർ ഉത്തരവിട്ടത്. പരാതിയെ തുടർന്ന് 2022 നവംബർ ഒന്നിനാണ് സ്കൂൾ മാനേജർ സർവിസിൽനിന്നു സസ്പെൻഡ് ചെയ്തത്.
സസ്പെൻഷന് ആധാരമായ വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പും പൊലീസും വ്യത്യസ്ത അന്വേഷണം നടത്തിയിരുന്നു. എടക്കാട് സ്റ്റേഷൻ ഹൗസ് ഓഫിസറും കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ അഡീഷനൽ പൊലീസ് കമീഷണറും നടത്തിയ അന്വേഷണത്തിൽ അധ്യാപകനെതിരായ ആരോപണം ഗൂഢാലോചനയുടെ ഭാഗമാണെന്ന് കണ്ടെത്തിയിരുന്നു.
ഇതേതുടർന്ന് മാർച്ച് 31ന്റെ ഉത്തരവു പ്രകാരം പി.ജി. സുധിയെ തിരിച്ചെടുക്കാൻ വിദ്യാഭ്യാസ ഉപഡയറക്ടർ നിർദേശിച്ചിരുന്നു. എന്നാൽ, ഉത്തരവ് ചോദ്യം ചെയ്ത് സ്കൂൾ മാനേജർ ഹൈകോടതിയെ സമീപിച്ചു.
ഹൈകോടതിയുടെ നിർദേശപ്രകാരം സർക്കാർ അപ്പീൽ ഹിയറിങ് നടത്തുകയും അതിന്റെ അടിസ്ഥാനത്തിൽ സസ്പെൻഷൻ റദ്ദാക്കിയ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഉത്തരവ് ശരിവെക്കുകയും ചെയ്തു. ഇതോടെയാണ് മാനേജർ സർക്കാർ മുമ്പാകെ സമർപ്പിച്ച റിവിഷൻ ഹരജി തീർപ്പാക്കിയും ഹൈകോടതി വിധിന്യായം നടപ്പിലാക്കിയും ഉത്തരവായത്.
അധ്യാപകനെതിരെ വ്യാജ പരാതി ചമച്ചവർക്കെതിരെ പൊതു വിദ്യാഭ്യാസ ഡയറക്ടർ തലത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. വ്യാജ പരാതിയിൽ കുട്ടിയുടെ മാതാവ്, സ്കൂൾ പ്രധാനാധ്യാപകൻ സുധാകരൻ മഠത്തിൽ, സ്കൂളിലെ ഫിസിക്കൽ എജുക്കേഷൻ അധ്യാപകനായ പി.എം. സജി, പി.ടി.എ ഭാരവാഹി കെ. രഞ്ചിത്ത് എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.