എറണാകുളത്തെ പോക്സോ കോടതി ഇനി ശിശുസൗഹൃദം
text_fieldsകൊച്ചി: കുഞ്ഞുമനസ്സിൽ പോറൽപോലും ഏൽക്കാതെ നീതിയുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനത്തെ ആദ്യ ശിശുസൗഹൃദ പോക്സോ കോടതി തുറന്നു. സൈക്കിളും കളിപ്പാട്ടങ്ങളും ചുവരുകളിൽ മിക്കി മൗസും സ്പൈഡർമാനും ഛോട്ടാ ഭീമും അടക്കം കാർട്ടൂൺ കഥാപാത്രങ്ങളും നിറച്ച് വീട്ടിലെ അന്തരീക്ഷം ഒരുക്കി എറണാകുളം അഡീഷനല്‍ ഡിസ്ട്രിക്‌ട് ആൻഡ് സെഷന്‍സ് കോടതിയോട് ചേർന്ന താഴത്തെ നിലയിലാണ് പ്രവർത്തനം. മൊഴി കൊടുക്കാനെത്തുന്ന കുട്ടികൾ പ്രതികളെ നേരിൽ കാണുമ്പോഴുണ്ടാകുന്ന മാനസിക പ്രശ്നങ്ങളും ബാഹ്യസമ്മർദങ്ങളും ഒഴിവാക്കാനാണിത്.
കുട്ടികളുടെ വിസ്താരം പ്രത്യേക കോടതിമുറിയിൽ വിഡിയോ കോൺഫറൻസ് വഴിയാക്കി. വനിത-ശിശു വികസനവകുപ്പ് നടപ്പാക്കുന്ന സംയോജിത ശിശുസംരക്ഷണ പദ്ധതിയിലൂടെ 69 ലക്ഷം ചെലവഴിച്ചാണ് കെട്ടിടം നവീകരിച്ചത്. സംസ്ഥാനത്തെ പോക്‌സോ കോടതികൾ ശിശുസൗഹൃദമാക്കുന്നതിന്‍റെ തുടക്കമാണിത്. ജസ്റ്റിസ് കെ. വിനോദ്ചന്ദ്രന്‍ ഉദ്ഘാടനം നിർവഹിച്ചു.
ശിശുസൗഹൃദ പോക്സോ കോടതി രാജ്യത്തിന് മാതൃകയാണെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കെയര്‍ഹോമുകളില്‍ 18 വയസ്സുവരെ കഴിയുന്നവര്‍ തിരിച്ച് കുടുംബങ്ങളിലെത്തുമ്പോള്‍ സമ്മര്‍ദങ്ങളെ അതിജീവിക്കാനാവാതെ വരുന്നുണ്ട്. ഇതിനെല്ലാം പരിഹാരമെന്ന നിലക്കാണ് കൂടുതല്‍ പോക്സോ കോടതികള്‍ സ്ഥാപിച്ച് കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.