പോക്‌സോ കോടതികള്‍ക്ക് കുട്ടികളോട് അനുകമ്പ വേണം -ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍
text_fieldsകാസർകോട്: പോക്‌സോ കോടതികള്‍ പൂര്‍ണമായും കുട്ടികളോട് അനുകമ്പ പൂര്‍ണമാവണമെന്ന് ഹൈകോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. വിദ്യാനഗറിലെ സ്‌പെഷല്‍ ഫാസ്റ്റ് ട്രാക്ക് കോടതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അനുകമ്പ പൂര്‍ണവും സ്വീകരണ സന്നദ്ധതയും ഉള്ള സംവിധാനത്തിലൂടെ മാത്രമേ അതിക്രമത്തിനിരയാകുന്ന കുട്ടികള്‍ക്ക് നീതി ലഭ്യമാകൂ. ഒരു കോടതി ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍ നീതി ലഭ്യമാക്കുക എന്ന മൗലികാവകാശത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്.
പോക്‌സോ കോടതികള്‍ മറ്റ് കോടതികളില്‍ നിന്നും വ്യത്യസ്തമായി എത്രയും പെട്ടെന്ന് കേസുകള്‍ തീര്‍പ്പ് കല്‍പിക്കേണ്ട ഇടമാണ്. രക്ഷിതാവില്‍ നിന്ന് ലഭിക്കുന്ന അതേ പരിചരണം ആയിരിക്കണം പോക്‌സോ കോടതികളില്‍ നിന്ന് കുട്ടികള്‍ക്ക് ലഭിക്കേണ്ടത്.
കുട്ടികള്‍ക്കെതിരെ ഓരോ തവണയും നടക്കുന്ന അതിക്രമം രാജ്യത്തിനെതിരായ അതിക്രമമാണ്. കുട്ടികള്‍ അതിക്രമത്തിന് ഇരയാവുമ്പോള്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന ശില ഇളകുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
ജില്ല ആൻഡ് പ്രിൻസിപ്പല്‍ സെഷന്‍സ് ജഡ്ജി സി. കൃഷ്ണ കുമാര്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ സി.എച്ച്. കുഞ്ഞമ്പു, എ.കെ.എം. അഷ്‌റഫ്, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. എന്‍. രാജ്‌മോഹന്‍, മധൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ഗോപാലകൃഷ്ണ, ജില്ല ഗവ. പ്ലീഡര്‍ അഡ്വ. കെ. ദിനേശ് കുമാര്‍, അഡ്വ. ക്ലർക്സ് അസോസിയേഷന്‍ പ്രസിഡന്റ് നാരായണ മണിയാണി എന്നിവര്‍ സംസാരിച്ചു.
കാസര്‍കോട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. എം. നാരായണ ഭട്ട് സ്വാഗതവും കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ.ജി. ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.
ജില്ലയില്‍ മൂന്ന് പോക്‌സോ കോടതികള്‍
കാസർകോട്: വിദ്യാനഗറിലെ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി കൂടി ഉദ്ഘാടനം ചെയ്യപ്പെട്ടതോടെ ജില്ലയില്‍ മൂന്ന് പോക്‌സോ കോടതികളായി. വിദ്യാനഗറിലെ കുടുംബകോടതി കെട്ടിടത്തിന്റെ മുകളിലെ നിലയാണ് പുതിയ ഫാസ്റ്റ് ട്രാക്ക് കോടതി.
പുതിയ കോടതിയില്‍ ജഡ്ജിയും ജീവനക്കാരും ചുമതലയേറ്റു. പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതോടെ കോടതി പ്രവര്‍ത്തനം ആരംഭിക്കും. സംസ്ഥാനത്ത് അനുവദിച്ച 28 കോടതികളില്‍ ഒന്നാണ് വിദ്യാനഗറിലെ പോക്‌സോ കോടതി.
പൂര്‍ണമായും ശിശു സൗഹൃദത്തിലൂന്നിയാണ് കോടതി നിര്‍മിച്ചിരിക്കുന്നത്. ശിശുസൗഹൃദ ഇരിപ്പിടങ്ങളും ചുവരുകളില്‍ ചിത്രങ്ങളും നിറച്ച് ശിശു സൗഹാര്‍ദ അന്തരീക്ഷമാണ് ഒരുക്കിയിരിക്കുന്നത്. ജഡ്ജിക്കും അതിക്രമത്തിന് ഇരയാകുന്ന കുട്ടിക്കും കോടതിയിലേക്ക് പ്രത്യേക പ്രവേശന സൗകര്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.