പോക്സോ: നഷ്ടപരിഹാരം ‘നിഷേധിച്ച്’ സർക്കാർ
text_fieldsതിരുവനന്തപുരം: പോക്സോ കേസ് ഇരകൾ ഉൾപ്പെടെയുള്ളവർക്ക് നൽകേണ്ട നഷ്ടപരിഹാരം ‘നിഷേധിച്ച്’ സർക്കാറിന്റെ ക്രൂരത. 620 ലധികം പേർക്കായി 14.40 കോടി രൂപയാണ് നഷ്ടപരിഹാരമായി നൽകാനുള്ളത്. ഇതിൽ ഭൂരിഭാഗവും വിധി വന്ന് നാല് വർഷത്തിലധികം കഴിഞ്ഞവയാണ്.
ഫണ്ടിന്റെ അപര്യാപ്തതയാണ് നഷ്ടപരിഹാരം വൈകുന്നതിന് കാരണമായി കേരള ലീഗൽ സർവിസ് അതോറിറ്റി (കെൽസ) അധികൃതർ പറയുന്നത്. കെൽസക്കാണ് നഷ്ടപരിഹാര വിതരണത്തിനുള്ള ചുമതല. ഈ വർഷം സംസ്ഥാന സർക്കാറിൽനിന്ന് കെൽസക്ക് കിട്ടിയത് 7.20 ലക്ഷം രൂപ മാത്രമാണ്. 2014 മുതൽ ഡിസംബർവരെ 662 പേർക്കായി 15.91 കോടി രൂപയാണ് കെൽസ നൽകിയത്.
എന്നാൽ, ഇതിൽ 7.60 കോടി കേന്ദ്രസർക്കാർ ഫണ്ടിൽനിന്നാണ്. 2016ൽ ഒറ്റത്തവണയായി കേന്ദ്രം അനുവദിച്ച ഈ തുകപോലും സംസ്ഥാനം കെൽസക്ക് ലഭ്യമാക്കിയത് 2021ലാണ്. ദിവസങ്ങൾക്കുള്ളിൽ നഷ്ടപരിഹാരം ലഭ്യമാക്കേണ്ട വിഭാഗത്തിൽപെട്ടവരും വർഷങ്ങളായി തുകക്കായി കാത്തിരിക്കുകയാണ്.
ആസിഡ് ആക്രമണത്തിൽ പരിക്കേറ്റവർ, പോക്സോ, ബലാത്സംഗ കേസുകളിലെ അതിജീവിതകൾ, അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾ, പ്രതിയെ തിരിച്ചറിയാത്ത കേസുകളിലെ ഇരകൾ തുടങ്ങി നിരവധി പേർ ഇതിൽ ഉൾപ്പെടും. ആസിഡ് ആക്രമണ ഇരകൾക്ക് വിധി വന്ന് 15 ദിവസത്തിനകവും പോക്സോ കേസ് അതിജീവിതർക്ക് 30 ദിവസത്തിനകവും ഇടക്കാല നഷ്ടപരിഹാരം നൽകണമെന്നാണ് നിയമം. എന്നാൽ, ഇത്തരം കേസുകളിലെ ഇരകൾക്കുമാത്രം 8.42 കോടി രൂപയാണ് കുടിശ്ശികയായി നൽകാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.