പോക്സോ നിയമപ്രകാരം ജാമ്യമില്ലാതെ ജയിലിലടച്ച സംഭവം പരിശോധിക്കും –മന്ത്രി
text_fieldsതിരുവനന്തപുരം: വയനാട്ടിൽ ബാലവിവാഹം നടത്തിയ ആദിവാസികളെ പോക്സോ നിയമപ്രകാരം ജാമ്യമില്ലാതെ ജയിലിലടച്ച സംഭവം അന്വേഷിക്കുമെന്നും നിയമം തെറ്റായി ഉപയോഗിക്കുന്ന കാര്യം പുനഃപരിശോധിക്കുമെന്നും മന്ത്രി എ.കെ. ബാലൻ അറിയിച്ചു.
വയനാട്ടിൽ വിദ്യാർഥികൾക്ക് എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ കഴിയാതെവന്ന സംഭവം അന്വേഷിക്കും. സർക്കാറിെൻറ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് ആദിവാസികളുടെ ഭൂപ്രശ്നം പരിഹരിക്കും. 12,277 വീടുകളുടെ നിർമാണം പട്ടികവർഗ വകുപ്പ് പൂർത്തിയാക്കി. ഇതിൽ 5484 വീടുകൾ ലൈഫ് പദ്ധതിയിലാണ് പൂർത്തിയാക്കിയത്. ആദിവാസികൾക്കുള്ള എല്ലാ ആനുകൂല്യങ്ങളും ബാങ്ക് അക്കൗണ്ട് വഴിയാണ് നൽകുന്നത്. ടി.എസ്.പി ഫണ്ട് ലാപ്സ് ആകാതിരിക്കാൻ ജില്ല ആസൂത്രണ സമിതി യോഗങ്ങളിൽ അവലോകനം നടത്തുന്നുണ്ട്.
പട്ടികവർഗ വിഭാഗത്തിൽ 26,770 ഭവനരഹിതരുമുണ്ട്. അവർക്ക് ലൈഫ് മിഷൻ വഴി വീട് നൽകും. പ്രാക്തന ഗോത്രവർഗ പദ്ധതിയിൽ പൂർത്തിയാക്കാനുള്ള വീടുകളുടെ നിർമാണത്തിന് നടപടി സ്വീകരിക്കും. ആറളം ഫാമിെൻറ വികസനത്തിനായി 42 കോടിയുടെയും വയനാട് സുഗന്ധഗിരിക്ക് 35 കോടിയുടെയും പദ്ധതി നടപ്പാക്കും. അട്ടപ്പാടിയിലെ അഗളി, പുതൂർ, ഷോളയൂർ എന്നീ പഞ്ചായത്തുകളിലായി 193 ആദിവാസി ഉൗരുകളിലും വയനാട് ജില്ലിയിലെ തിരുനെല്ലി, നൂൽപ്പുഴ, കണിയാമ്പറ്റ എന്നീ പഞ്ചായത്തുകളിലും കമ്യൂണിറ്റി കിച്ചൻ പദ്ധതി നടപ്പാക്കുന്നുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.