മുരുകൻ നായർ എന്ന് വന്നത് സാങ്കേതിക പ്രശ്‌നമാണെന്ന് കവി മുരുകൻ കാട്ടാക്കട
text_fieldsതിരുവനന്തപുരം: മലയാളം മിഷൻ ഡയരക്ടറായി നിയമിതനായ തന്റെ പേര് മുരുകൻ നായർ എന്ന് വന്നത് സാങ്കേതിക പ്രശ്‌നം മാത്രമാണെന്ന് കവി മുരുകൻ കാട്ടാക്കട. സർട്ടിഫിക്കറ്റിലെ പേര് നോക്കി വെച്ചതുകൊണ്ടായിരിക്കും അങ്ങനെ സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മലയാളം മിഷൻ ഡയറക്ടറായി ചുമതലയേറ്റ കവിക്ക് മലയാളം മിഷൻ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ആശംസ അറിയിച്ചതാണ് ചർച്ചയായത്. 'മലയാളം മിഷൻ ഡയറക്ടറായി ചുമതലയേറ്റ മലയാളത്തിന്റെ പ്രിയ കവി മുരുകൻ നായർക്ക് (മുരുകൻ കാട്ടാക്കട) മലയാളം മിഷനിലേക്ക് ഹാർദ്ദമായ സ്വാഗതം' എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്. ഇതിനെതിരെയാണ് സമൂഹമാധ്യമങ്ങളിൽ വിവാദം കൊഴുക്കുന്നത്. കോൺഗ്രസ് നേതാവ് വി.ടി ബൽറാം അടക്കമുള്ളവർ മലയാളം മിഷന്റെ ഫേസ്ബുക്ക് കുറിപ്പ് വിമർശനപരമായി പങ്കുവെച്ചിട്ടുണ്ട്.
''ഇത് മനപ്പൂർവമായി സംഭവിക്കുന്നതല്ല എന്ന് ആർക്കും മനസിലാവും. എനിക്ക് വരുന്ന എല്ലാ ഉത്തരവുകളും ഔദ്യോഗിക പേരിലാണ് വരിക. എന്നെ സ്വാഗതം ചെയ്തുകൊണ്ടുള്ള ബോർഡിലും ഔദ്യോഗിക പേര് ഉപയോഗിച്ചതാവാം. മത-ജാതി സങ്കുചിതത്വങ്ങൾക്കെതിരെ പോരാടുന്ന ഒരാളെന്ന നിലയിൽ തന്നെ സ്‌നേഹിക്കുന്നവർക്ക് അതിൽ വിഷമം തോന്നിയിരിക്കാം. അത് സ്വാഭാവികമാണ്. തികച്ചും സാങ്കേതികമായ ഇക്കാര്യത്തിൽ വിവാദമാക്കേണ്ട ഒന്നുമില്ല''- കാട്ടാക്കട പറഞ്ഞു.
മുരുകൻ കാട്ടാക്കട എന്ന കവിക്ക് ഇടതുപക്ഷം ജാതിവാൽ തുന്നിച്ചേർത്തു എന്ന നിലക്കുള്ള വിമർശനങ്ങൾ ഉയർന്നതോടെ, മലയാളം മിഷൻ ആശംസാപോസ്റ്റ് തിരുത്തി. നായർ എന്ന ഭാഗം ഒഴിവാക്കിയാണ് പുതിയ പോസ്റ്റർ ഇറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.