സൈലൻറ് വാലിയെ തിരിച്ചറിയാൻ വൈകിയെന്ന് സുഗതകുമാരി
text_fieldsതിരുവനന്തപുരം: സൈലൻറ്വാലിയുടെ പ്രാധാന്യം തിരിച്ചറിയാൻ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന് പത്തുവർഷത്തോളം കാത്തിരിക്കേണ്ടിവന്നെന്ന് കവയിത്രി സുഗതകുമാരി.
കേരളത്തിലെ എഴുത്തുകാരുടെ കൂട്ടായ്മയാണ് സൈലൻറ് വാലി സംരക്ഷണത്തിന് ആദ്യം രംഗത്തുവന്നത്. എൻ.വി. കൃഷ്ണവാര്യരുടെ നേതൃത്വത്തിൽ 1978ൽ ഇതിനായി കൂട്ടായ്മയുണ്ടാക്കി. താൻ ഉൾെപ്പടെയുള്ളവർ കവിത ചൊല്ലി സംസ്ഥാനം മുഴുവൻ സഞ്ചരിച്ചു. വൈക്കം മുഹമ്മദ് ബഷീർ നൽകിയ നൂറുരൂപ ഉപയോഗിച്ചാണ് ലഘുലേഖകൾ അച്ചടിച്ചത്. അയ്യപ്പപ്പണിക്കരും വിഷ്ണുനാരായണൻ നമ്പൂതിരിയും ഒ.എൻ.വിയും സുകുമാർ അഴീക്കോടും തുടങ്ങി വലിയവിഭാഗം ഉൾപ്പെട്ടതായിരുന്നു ആ കൂട്ടായ്മയെന്നും അവർ പറഞ്ഞു.
എൻ.വി. കൃഷ്ണവാര്യർ ജന്മദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു സുഗതകുമാരി. പ്രതിഷേധം തുടങ്ങി പത്തുവർഷമെങ്കിലും പിന്നിട്ടശേഷമാണ് പരിഷത്ത് പ്രശ്നത്തിൽ ഇടപെട്ടത്.
ആർ.എസ്.എസിെൻറ ഒളിപ്പോരാളിയാണ് താനെന്നാണ് സക്കറിയ വിമർശിക്കുന്നത്. ആർ.എസ്.എസിെൻറ ആറന്മുള സമരവുമായി സഹകരിച്ചതാണ് അതിനുകാരണം. മുസ്ലിം ലീഗ് ഉൾെപ്പടെ മുഴുവൻ രാഷ്ട്രീയ പാർട്ടികളും ഒരുമിച്ചുനിന്നാണ് ആറന്മുള സമരം നടത്തുന്നത്.
താൻ ആരുടെയും പതാക വഹിക്കുന്നില്ലെന്നും സുഗതകുമാരി കൂട്ടിച്ചേർത്തു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്തു. ഡോ. എം.ആർ. തമ്പാൻ അധ്യക്ഷത വഹിച്ചു. ജി.എം. പിള്ള എൻ.വി. അനുസ്മരണ പ്രഭാഷണം നടത്തി. ആർ. ഗോപീമണിക്ക് വിജ്ഞാനസാഹിത്യ പുരസ്കാരം സുഗതകുമാരി സമ്മാനിച്ചു. പി. നാരായണ കുറുപ്പ്, ജോർജ് വർഗീസ് എന്നിവർ സംസാരിച്ചു. ഡോ. വിളക്കുടി രാജേന്ദ്രൻ സ്വാഗതവും കലാം കൊച്ചേറ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.