മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് വിരൽചൂണ്ടി വീണ്ടും സ്വർണക്കടത്ത്
text_fieldsതിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയെ നോക്കുകുത്തിയാക്കി ‘സൂപ്പർ ഡി.ജി.പി’ ചമയുന്ന എ.ഡി.ജി.പി എം.ആർ. അജിത്ത്കുമാറിനോടും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയോടുമുള്ള സി.പി.എമ്മിലെ പിണറായി വിരുദ്ധ ഗ്രൂപ്പിനുള്ള അതൃപ്തിയും പൊലീസ് തലപ്പത്തെ തമ്മിലടിയുമാണ് പി.വി. അൻവർ എം.എൽ.എയുടെ ആരോപണങ്ങളിലൂടെ പുറത്തുവന്നത്. ലോക്സഭ തെരഞ്ഞെടുപ്പോടെ പ്രതിപക്ഷമടക്കം മറന്നുതുടങ്ങിയ സ്വർണക്കടത്തിനെ അൻവറിലൂടെ സജീവമാക്കാനും പിണറായി വിരുദ്ധപക്ഷത്തിന് കഴിഞ്ഞു.
ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് തൃശൂരിനിപ്പുറം തലസ്ഥാനത്തേക്ക് അടുപ്പിക്കാതെ സി.പി.എം മാറ്റിനിർത്തിയ ഉദ്യോഗസ്ഥനായ അജിത്ത്കുമാർ, പി. ശശി മുഖ്യമന്ത്രിയുടെ ഓഫിസിൽ വന്നതോടെയാണ് സുപ്രധാന പദവികളിലേക്ക് എത്തുന്നത്. ആദ്യം വിജിലൻസ് തലപ്പത്ത്. അവിടെ ഇരുന്ന് സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച സ്വപ്ന സുരേഷിനെ അനുനയിപ്പിക്കാൻ ഇടനിലക്കാരനായ ഷാജ് കിരണിനെ അയക്കുകയും സ്വപ്നയെ വരുതിയിലാക്കാൻ കേസിലെ ഒന്നാംപ്രതി സരിത്തിനെ ഫ്ലാറ്റിൽനിന്ന് തട്ടിക്കൊണ്ടുപോകുകയും ചെയ്തതോടെയാണ് കസേര തെറിച്ചത്. മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ തുറന്നുപറച്ചിലിന് പിന്നാലെ തന്നെ ഭീഷണിപ്പെടുത്തിയും അനുനയിപ്പിച്ചും ഷാജ്കിരൺ വഴി ‘ഡീൽ’ നടന്നെന്നും അതിന് പിന്നിൽ എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറാണെന്നും സ്വപ്ന ആരോപിച്ചിരുന്നു. സ്വപ്നയുടെ ആരോപണം ശരിവെച്ച് ഷാജ് കിരണും അജിത്ത്കുമാറും തമ്മിൽ നിരവധി തവണ സംസാരിച്ചെന്ന് ഇന്റലിജൻസ് കണ്ടെത്തി.
സ്വന്തം നിലക്ക് ഷാജ് കിരണുമായി സംസാരിച്ച് സ്വപ്നയെ അനുനയിപ്പിക്കാൻ അജിത്ത്കുമാറിന് എന്ത് വ്യക്തിപരമായ ബാധ്യതയാണ് ഉണ്ടായിരുന്നെന്ന പ്രതിപക്ഷ ചോദ്യത്തിന് സർക്കാർ ഉത്തരം പറഞ്ഞില്ല. പകരം സിവിൽ റൈറ്റ്സ് പ്രൊട്ടക്ഷനെന്ന അപ്രധാന തസ്തികയിലേക്ക് അജിത്ത്കുമാറിനെ മാറ്റി മുഖ്യമന്ത്രിയുടെ ഓഫിസ് തടിതപ്പി. വകുപ്പുതല അന്വേഷണംപോലും അജിത്ത്കുമാറിനെതിരെ ഉണ്ടായില്ല. എന്നാൽ ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ പൊലീസ് ആസ്ഥാനത്ത് സംസ്ഥാന പൊലീസ് മേധാവിക്ക് തൊട്ടുതാഴെ ക്രമസമാധന ചുമതലയുള്ള എ.ഡി.ജി.പി പദവിയിലേക്ക് അജിത്ത്കുമാറിനെ പി. ശശി തിരികെയെത്തിച്ചു. ഇതോടെ പി. ശശി-അജിത്ത്കുമാർ എന്ന അധികാര കേന്ദ്രം അഭ്യന്തരവകുപ്പിൽ രൂപംകൊണ്ടു.
‘സൂപ്പർ ഡി.ജി.പി’യും ചേരിപ്പോരും
പൊലീസ് ആസ്ഥാനത്ത് സുപ്രധാന തസ്തികയിലേക്ക് എത്തിയതോടെ സേനയുടെ പരിഷ്കരണത്തിന് അജിത്ത്കുമാർ സ്വയം ശ്രമിച്ചത് ഐ.പി.എസുകാർക്കിടയിൽ അമർഷത്തിനിടയാക്കി. തനിക്കൊപ്പം നിൽക്കാത്ത ഉദ്യോഗസ്ഥരെ അരിഞ്ഞുവീഴ്ത്തി. എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നാരോപിച്ച് ഐ.ജിയായിരുന്ന പി. വിജയനെ സസ്പെൻഡ് ചെയ്യുകയും അദ്ദേഹത്തിന്റെ സ്ഥാനക്കയറ്റം തടഞ്ഞുവെച്ചതും ഇതിനുദാഹരണമാണ്. അജിത്ത് കുമാറിന്റെ റിപ്പോർട്ടിൽ വിശദീകരണംപോലും ചോദിക്കാതെയായിരുന്നു വിജയന്റെ സസ്പെൻഷൻ. ഒടുവിൽ ചീഫ് സെക്രട്ടറിയായിരുന്ന പി. വേണുവിന്റെ ശക്തമായ ഇടപെടലാണ് എ.ഡി.ജി.പിയായി അദ്ദേഹത്തെ വീണ്ടും സർവിസിലേക്ക് തിരികെ എത്തിച്ചത്. ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബിനെ നോക്കുകുത്തിയാക്കി സർക്കുലറുകളും ഉത്തരവുകളും അജിത്ത് കുമാർ നേരിട്ടിറക്കിയതോടെ പൊലീസ് ആസ്ഥാനത്തും ചേരിപ്പോര് രൂക്ഷമായി.
ഡി.ജി.പി വിദേശയാത്ര നടത്തുന്നതിനിടെ പൊലീസിലെ മാനസികസമ്മര്‍ദം കുറയ്ക്കാന്‍ നിര്‍ദേശങ്ങളും നടപടികളുമായി അജിത്ത്കുമാര്‍ ഇറക്കിയ സര്‍ക്കുലര്‍ ഡി.ജി.പി വെട്ടി. യാത്രകഴിഞ്ഞ് തിരിച്ചെത്തിയ പൊലീസ് മേധാവി ഈ സര്‍ക്കുലറിനെതിരേ മറു സര്‍ക്കുലര്‍ ഇറക്കി. ഇനി യൂനിറ്റ് മേധാവികളും മറ്റ് ഓഫിസര്‍മാരും സര്‍ക്കുലര്‍ ഇറക്കരുതെന്ന കര്‍ശന ഉത്തരവാണ് ഡി.ജി.പി പുറപ്പെടുവിച്ചത്. ഇതില്‍ ഇരുവരും തമ്മില്‍ വാക്ക്പോരുമുണ്ടായി. വയനാട് ഉരുൾപൊട്ടലിൽ സംസ്ഥാന പൊലീസ് മേധാവിക്ക് പകരം രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് ചുമതലപ്പെടുത്തിയത് അജിത്ത്കുമാറിനെയായിരുന്നു. പ്രധാനമന്ത്രി വയനാട് സന്ദർശിച്ചവേളയിൽപോലും ഡി.ജി.പിയെ മുഖ്യമന്ത്രിയുടെ ഓഫിസ് അടുപ്പിച്ചില്ല. ഇതും സേനക്കുള്ളിൽ പ്രശ്നങ്ങൾ വഷളാക്കി.
പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാത്തതിന് ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ് അജിത്ത് കുമാറിനെ താക്കീത് ചെയ്തു. വയനാട്ടിലെ ദുരന്ത മേഖലയിലായിരുന്നിട്ടും ഓണ്‍ലൈനായി പോലും യോഗത്തില്‍ പങ്കെടുത്തില്ലെന്നും പങ്കെടുക്കാന്‍ കഴിയാത്തതിന്റെ കാരണം അറിയിച്ചില്ലെന്നും വ്യക്തമാക്കിയായിരുന്നു ഡി.ജി.പിയുടെ താക്കീത്. അജിത്ത്കുമാറിന്റെയും ഭാര്യയുടെയും ഫോൺ സംഭാഷണങ്ങൾ താൻ ചോർത്തിയെന്നും ഫോണിന്റെ മറുതലക്കൽ കള്ളക്കടത്തുകാരായിരുന്നുവെന്നാണ് അൻവറിന്റെ ആരോപണം ആഭ്യന്തരവകുപ്പിനെയും സർക്കാറിനെയും ഉലച്ചിട്ടുണ്ട്. സംസ്ഥാനത്തെ ക്രമസമാധന ചുമതലയുള്ള എ.ഡി.ജി.പിയുടെ ബന്ധുക്കളുടെ ഫോൺ സംഭാഷണം ചോർത്തിയതിന് പിന്നിൽ പൊലീസിലെ ഉന്നതരുടെ സഹായം അൻവറിന് ലഭിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ ഇതുസംബന്ധിച്ചും ആഭ്യന്തരവകുപ്പ് പരിശോധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.