പൊലീസ് നമുക്ക് രക്തവും തരും; രക്തദാന വിഡിയോ പങ്കുവെച്ച് കേരള പൊലീസ്
text_fieldsപത്തനംതിട്ട: തിരുവല്ല സര്‍ക്കാര്‍ ആശുപത്രിയില്‍ ഒ നെഗറ്റീവ് രക്തം കിട്ടാതെ പ്രയാസപ്പെട്ട യുവതിക്ക് രക്‍തം നൽകാനെത്തിയത് പൊലീസുകാരൻ. പ്രസവസംബന്ധമായ അസ്വസ്ഥതകളെത്തുടര്‍ന്ന് ചികിത്സക്കെത്തിയ യുവതിക്ക് ഉടനടി രക്തം സംഘടിപ്പിക്കണമെന്ന് ഡോക്ടർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. എന്നാൽ, പല പലവാതിലുകളിലും മുട്ടിയെങ്കിലും അത്ര സുലഭമല്ലാത്ത ഒ- നെഗറ്റീവ് ഗ്രൂപ്പ് സംഘടിപ്പിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ, പൊലീസ് സ്റ്റേഷനിലേക്ക് യുവതിയുടെ ഭർത്താവ് വിളിച്ച് സഹായം തേടുകയായിരുന്നു.
കേരളപൊലീസ് പങ്കുവെച്ച കുറിപ്പ് വായിക്കാം:
മെയ് 16 നു രാവിലെയാണ് തൃക്കൊടിത്താനം സ്വദേശിനിയായ യുവതിയെ പ്രസവസംബന്ധമായ അസ്വസ്ഥതകളെത്തുടര്‍ന്ന് തിരുവല്ല സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉടനടി രക്തം സംഘടിപ്പിക്കണമെന്ന് ആശുപത്രിയില്‍ നിന്ന് ബന്ധുക്കളെ അറിയിച്ചു. അത്ര സുലഭമല്ലാത്ത ഒ- നെഗറ്റീവ് ആയിരുന്നു യുവതിയുടെ ബ്ലഡ് ഗ്രൂപ്പ്. അടിയന്തിരമായി എത്തിച്ചതിനാല്‍ രക്തം നല്‍കാമെന്ന് സമ്മതിച്ചിരുന്നവര്‍ക്ക് ആശുപത്രിയില്‍ എത്താന്‍ കഴിഞ്ഞതുമില്ല.
രാവിലെ ഒമ്പത് മണിക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിക്ക് രക്തം അന്വേഷിച്ച് ഭര്‍ത്താവ് അജിത്ത് ഉച്ചയ്ക്ക് 12 മണിവരെ പലയിടങ്ങളിലും അലഞ്ഞു. പലരെയും വിളിച്ചു. ഒരിടത്തുനിന്നും കൃത്യമായ മറുപടി ലഭിച്ചില്ല. ആകെ നിരാശനായി നിന്നപ്പോഴാണ് പോലീസ് സ്റ്റേഷനിലേയ്ക്ക് ഒന്നു വിളിച്ചുനോക്കാം എന്ന് തോന്നിയത്. ആരോ നല്‍കിയ നമ്പരില്‍ പോലീസ് സ്റ്റേഷനിലേയ്ക്ക് വിളിച്ചു. ലൈനില്‍ കിട്ടിയത് തിരുവല്ല പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ സുനില്‍ കൃഷ്ണനെയാണ്. കാര്യം തിരക്കിയ ഇന്‍സ്പെക്ടറോട് അജിത്ത് വിവരം പറഞ്ഞു. "സര്‍ മറ്റൊരു മാര്‍ഗ്ഗവുമില്ല...ലോകം മൊത്തം ഞാന്‍ തപ്പി നടന്നു...ഒ നെഗറ്റീവ് ആണ്... ഒരിടത്തും കിട്ടാനില്ല". തിരികെ വിളിക്കാമെന്ന് പറഞ്ഞ് ഇന്‍സ്പെക്ടര്‍ ഫോണ്‍ കട്ട് ചെയ്തു.
പ്രതീക്ഷ നഷ്ടപ്പെട്ടിരുന്ന അജിത്തിന്‍റെ മുന്നിലേയ്ക്ക് പത്ത് മിനിറ്റിനുളളില്‍ തിരുവല്ല ഇന്‍സ്പെക്ടറുടെ പോലീസ് വാഹനമെത്തി. വാഹനത്തില്‍ നിന്നിറങ്ങിയ പോലീസ് ഉദ്യോഗസ്ഥന്‍ ചോദിച്ചു "ഒ നെഗറ്റീവ് ആണ്, എവിടെയാ ബ്ലഡ് ബാങ്ക്...."
നിങ്ങൾക്ക് അവശ്യസമയത്ത് രക്തലഭ്യത ഉറപ്പാക്കുന്നതിന് കേരളാ പോലീസിന്‍റെ പോല്‍-ബ്ലഡ് സംവിധാനം ഉപയോഗിക്കാം. രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിന് പോലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനായ പോല്‍-ആപ്പിലൂടെ നടപ്പിലാക്കിയിരിക്കുന്ന സംവിധാനമാണ് പോല്‍-ബ്ലഡ്. രക്തദാതാക്കളെയും രക്തം ആവശ്യമുള്ളവരെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്ലാറ്റ്ഫോം ആയി പോല്‍-ബ്ലഡ് പ്രവര്‍ത്തിക്കുന്നു. രക്തദാനത്തിനും നിങ്ങൾ തയ്യാറായാൽ മാത്രമേ ഈ സംവിധാനം വിജയകരമായി നടപ്പിലാക്കാൻ കഴിയൂ എന്നതും വിനീതമായി ഓർമിപ്പിക്കുന്നു.
വീഡിയോക്ക് കടപ്പാട്😍
#keralapolice
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.