പാണക്കാട് തങ്ങൾക്കെതിരായ സി.പി.എം നീക്കത്തിന് പിന്നിൽ ധ്രുവീകരണ അജണ്ട
text_fieldsകോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെയും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെയും വിമർശനം ആസൂത്രിത രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമെന്ന് ലീഗ് വിലയിരുത്തൽ. കുറച്ചുകാലമായി സമസ്തയിലെ ഒരുവിഭാഗത്തെ ഉപയോഗിച്ച് ലീഗിനെയും പാണക്കാട് തങ്ങളെയും താറടിച്ചുകാണിക്കാൻ ശ്രമിക്കുന്നതിന് പിന്നിൽ മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും കരങ്ങളുണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഇപ്പോഴത്തെ നേരിട്ടുള്ള വിമർശനമെന്ന് ലീഗ് നേതൃത്വം കരുതുന്നു.
വടകര ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ കാഫിർ സ്ക്രീൻഷോട്ട് പുറത്തുവിട്ട് ധ്രുവീകരണ രാഷ്ട്രീയം കളിച്ചതിന് സമാനമാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പാണക്കാട് തങ്ങൾക്കെതിരായ പരസ്യ വിമർശനത്തിന് പിന്നിലെന്നാണ് കോൺഗ്രസ് നേതൃത്വവും വ്യക്തമാക്കുന്നത്. ഇത് തിരിച്ചറിഞ്ഞാണ് പി.കെ. കുഞ്ഞാലിക്കുട്ടിയും വി.ഡി. സതീശനും മുഖ്യമന്ത്രിക്കെതിരെ രംഗത്തുവന്നത്.
സാദിഖലി തങ്ങൾക്കെതിരായ പാർട്ടി നീക്കത്തിനെതിരെ പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ശേഷം ശക്തമായ പ്രതിരോധത്തിന് ഒരുങ്ങുകയാണ് ലീഗ്. മുമ്പ് ഉമ്മൻചാണ്ടി-കുഞ്ഞാലിക്കുട്ടി-മാണി കൂട്ടുകെട്ടിനെതിരെ കോടിയേരി ബാലകൃഷ്ണൻ സമാന രീതിയിൽ ആരോപണമുന്നയിച്ചിരുന്നെങ്കിലും പാണക്കാട് തങ്ങൾക്കെതിരെ പാർട്ടി പരസ്യമായി രംഗത്തിറങ്ങിയിരുന്നില്ല. കക്ഷി, രാഷ്ട്രീയത്തിനതീതമായി പാണക്കാട് തങ്ങൾ കുടുംബത്തെ ആദരവോടെയാണ് എല്ലാ പാർട്ടികളും നോക്കിക്കണ്ടിരുന്നത്.
എന്നാൽ, ’85ൽ ഇ.എം.എസ് നമ്പൂതിരിപ്പാട് പയറ്റിയ ധ്രുവീകരണ അജണ്ട ഇപ്പോൾ വീണ്ടും പൊടിതട്ടിയെടുക്കുന്നതിന് പിന്നിൽ സി.പി.എമ്മിന് വ്യക്തമായ രഷ്ട്രീയ ലക്ഷ്യമുണ്ട്. മുസ്ലിം ലീഗിന്റെ മുന്നണി മാറ്റത്തിനായി ചില ചരടുവലികൾ സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി അടക്കം ലീഗിന് മതേതര സർട്ടിഫിക്കറ്റ് പതിച്ചുനൽകുകയും ചെയ്തു. മുസ്ലിം ലീഗിൽ പി.കെ. കുഞ്ഞാലിക്കുട്ടിയെ ലാക്കാക്കിയായിരുന്നു ഈ അനുനയ നീക്കം നടന്നത്.
സമസ്തയിലെ ഒരുവിഭാഗത്തെയും ഇതിനായി സി.പി.എം കൂട്ടുപിടിച്ചു. എന്നാൽ, ഇതിന് ശക്തമായ തടയിടുന്ന നിലപാടാണ് സാദിഖലി തങ്ങളുടെ ഭാഗത്തുനിന്നുണ്ടായത്. തുടർന്നാണ് സാദിഖലി തങ്ങളെ ഉന്നമിടുന്ന രീതിയിലേക്ക് സി.പി.എം ചുവടുമാറ്റിത്. മുക്കം ഉമർ ഫൈസി അടക്കം സമസ്തയിലെ ലീഗ് വിരുദ്ധരെ ഇതിനും പാർട്ടി ഉപയോഗപ്പെടുത്തി. ഇത് ഫലം കാണാതെ വന്നപ്പോഴാണ് മുഖ്യമന്ത്രി തന്നെ സാദിഖലി തങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ചു രംഗത്തുവന്നത്. മാസങ്ങളായി പുകയുന്ന മുനമ്പം വിഷയം പരിഹരിക്കാൻ മുൻകൈയെടുക്കേണ്ട സർക്കാർ ധ്രുവീകരണ അജണ്ട കളിക്കുകയാണെന്ന വിമർശനമുയർത്തി മുസ്ലിം ലീഗ് രംഗത്തുവന്നിരുന്നു.
മുനമ്പം വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് നിസാർ കമീഷനെ നിയോഗിച്ചത് ഉൾപ്പെടെ നിർണായക നീക്കങ്ങളുണ്ടായത് എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണെന്നിരിക്കെ, ഈ വിഷയത്തിലും വഖഫ് ബോർഡ് മുൻ ചെയർമാൻ പാണക്കാട് റഷീദലി തങ്ങളെ പ്രതിക്കൂട്ടിലേറ്റാനാണ് സി.പി.എം ശ്രമം. വിഷയത്തിൽ മുതലെടുപ്പിനുള്ള സി.പി.എം നീക്കത്തിന് തടയിടാൻ കൂടിയാണ് സാദിഖലി തങ്ങൾ മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചതും തിങ്കളാഴ്ച വരാപ്പുഴ ബിഷപ്പ് വർഗീസ് ചക്കാലക്കലുമായി കൂടിക്കാഴ്ച നടത്തിയതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.