പൊലീസ് ആക്ടിലെ ഭേദഗതി: ലക്ഷ്യം മാധ്യമങ്ങൾക്ക് മൂക്കുകയർ
text_fieldsതിരുവനന്തപുരം: സൈബർ അധിക്ഷേപങ്ങളുടെ മറവിൽ രൂപവത്കരിച്ച നിയമഭേദഗതിയിലൂടെ പിണറായി സർക്കാർ ലക്ഷ്യം വെക്കുന്നത് മുഖ്യധാര മാധ്യമങ്ങളെ വിരട്ടിനിർത്താൻ.
സർക്കാറിന് ദോഷമായ വാർത്തകളെയും വിമർശനങ്ങളെയും എന്തുവിലകൊടുത്തും തടയാൻ നേരത്തെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിനെ ഉപയോഗിച്ച് വാർത്തകൾക്കുമേൽ 'വ്യാജ വാർത്ത' ചാപ്പകുത്തിയ ബുദ്ധികേന്ദ്രങ്ങൾ തന്നെയാണ് പുതിയ നിയമ ഭേദഗതിക്ക് പിന്നിലും.
കോടതിയിൽ ചോദ്യംചെയ്യപ്പെടുമെന്ന് ഉറപ്പുണ്ടായിട്ടും തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുംവരെയെങ്കിലും മാധ്യമപ്രവർത്തകരുടെ വായടപ്പിക്കാമെന്ന പ്രതീക്ഷയാണ് സർക്കാറിനുള്ളത്. സൈബർ ഇടങ്ങളിൽ സ്ത്രീകൾ നേരിടുന്ന വ്യക്തി അധിക്ഷേപങ്ങളുടെ പശ്ചാത്തലത്തിലാണ് നിയമം എന്ന് മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും ഓണ്‍ലൈന്‍ മാധ്യമം വഴി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരായ നിയമഭേദഗതിയാണിതെന്ന് വ്യക്തമാക്കിയിട്ടില്ല.
പരാതിയില്ലെങ്കിലും പൊലീസിന് സ്വമേധയാ കേസെടുക്കാനാകുമെന്നതുകൊണ്ടുതന്നെ വ്യത്യസ്ത രാഷ്ട്രീയാഭിപ്രായങ്ങള്‍ പറയുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന മാധ്യമങ്ങളെയും വ്യക്തികളെയും നിശബ്ദരാക്കാന്‍ സര്‍ക്കാറിന് കഴിയും.
നേരത്തെ വിവിധ വകുപ്പുകളിലെ ക്രമക്കേടുകൾ, ഉദ്യോഗസ്ഥ വീഴ്ച എന്നിവ സംബന്ധിച്ച മാധ്യമവാർത്തകളെ വ്യാജവാർത്തയായി ചിത്രീകരിച്ച് പി.ആർ.ഡി ഫാക്ട് ചെക്ക് ഡിവിഷൻ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പ്രദർശിപ്പിച്ചിരുന്നു. വസ്തുതകൾ പരിശോധിക്കാതെയാണ് 'ഫേക്ക് ന്യൂസ്' എന്ന് മുദ്രകുത്തി മുഖ്യമന്ത്രിക്ക് കീഴിലെ വിവര പൊതുജന സമ്പർക്ക വകുപ്പ് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്.
സർക്കാർ പ്രസിൽ പി.എസ്.സി ഒ.എം.ആർ ഷീറ്റ് രഹസ്യഫയലുകൾ നഷ്ടപ്പെട്ടെന്ന മാധ്യമം വാർത്ത ഇത്തരത്തിൽ വ്യാജ വാർത്തയായി ചാപ്പകുത്തി സമൂഹമാധ്യമങ്ങളിൽ പ്രദർശിച്ചു. രേഖകൾ 'മാധ്യമം' പുറത്തുവിട്ടതോടെയാണ് പോസ്റ്റുകൾ പിൻവലിച്ച് പി.ആർ.ഡി തടിയൂരിയത്.
ഓര്‍ഡിനന്‍സ് പ്രകാരം ഭരണകൂടത്തിനെതിരെ പത്രസമ്മേളനം നടത്തുന്ന പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയും പരാതിയിൽ പൊലീസിന് കേസെടുക്കാം. അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുന്ന എന്ന് ആവർത്തിക്കുന്ന പാർട്ടിയുടെ സർക്കാറിൽ നിന്നുതന്നെ ഇത്തരമൊരു നീക്കം വരുംദിവസങ്ങളിൽ സി.പി.എമ്മിനെ കൂടുതൽ പ്രതിസന്ധിയിലാക്കും.
പ്രത്യേക നടപടിക്രമം തയാറാക്കും –പൊലീസ് മേധാവി
തിരുവനന്തപുരം: പൊലീസ് ആക്ടിൽ വരുത്തിയ ഭേദഗതി പ്രകാരം നടപടികൾ സ്വീകരിക്കുന്നതിനുമുമ്പ് പ്രത്യേക നടപടിക്രമം (സ്റ്റാൻഡേർഡ് ഒാപറേറ്റിങ് പ്രൊസീജയർ -എസ്.ഒ.പി) തയാറാക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
നിയമവിദഗ്ധരുമായി കൂടിയാലോചിച്ചാകും ഇത്. ഓർഡിനൻസ് ഒരുവിധത്തിലും ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനാണിതെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.