പൊലീസ് ആക്ട് ഭേദഗതി പ്രാബല്യത്തിൽ; സംസ്ഥാനം പൊലീസ് രാജിലേക്കെന്ന് വിമർശനം
text_fieldsതിരുവനന്തപുരം: അപകീർത്തി കേസിൽ പൊലീസിന് അമിതാധികാരം നൽകുന്ന പൊലീസ് ആക്ട് ഭേദഗതിക്കെതിരെ വിമർശനം രൂക്ഷമാകുന്നു. വ്യക്തികൾക്ക് അപമാനകരമായ രീതിയിൽ ഏതെങ്കിലും കാര്യങ്ങൾ പ്രചരിപ്പിച്ചാൽ അഞ്ച് വർഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കും വിധമാണ് ഭേദഗതി. ചട്ട ഭേദഗതിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടതോടെ നിയമം പ്രാബല്യത്തിലായി. ഇതുസംബന്ധിച്ച വിജ്ഞാപനവും പുറത്തിറങ്ങി.
സൈബർ ഇടങ്ങളിലെ അധിക്ഷേപം തടയാൻ എന്ന പേരിലാണ് നിയമഭേദഗതി കൊണ്ടുവന്നതെങ്കിലും വിജ്ഞാപനത്തിൽ എല്ലാ തരം മാധ്യമങ്ങളെയും ഉൾപ്പെടുത്തുന്നുണ്ട്. സൈബര്‍ മീഡിയ എന്ന് പ്രത്യേക പരാമര്‍ശമില്ല. ഇതുപ്രകാരം ഏത് തരം വിനിമയോപാധിയിലൂടെയുള്ള വ്യാജപ്രചാരണവും കുറ്റകരമാകും. ഇതിൻെറ മറവിൽ മാധ്യമസ്വാതന്ത്ര്യത്തിന് തന്നെ കൂച്ചുവിലങ്ങിടാനാണ് നീക്കമെന്ന് പ്രതിപക്ഷവും നിയമ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.
വ്യക്തികൾക്ക് നേരെയുള്ള അധിക്ഷേപത്തിൽ വാറൻറില്ലാതെതന്നെ അറസ്റ്റ് ചെയ്യാൻ ഇനി പൊലീസിന് കഴിയും. പൊലീസ് ആക്ടിൽ 118 (എ) എന്ന ഉപവകുപ്പ് ചേർത്താണ് ഭേദഗതി. സ്ത്രീകള്‍ക്കെതിരായ സൈബർ അതിക്രമം ചെറുക്കാൻ പര്യാപ്തമായ നിയമം കേരളത്തിലില്ലാത്ത സാഹചര്യത്തിലാണ് ഭേദഗതിയെന്നാണ് ഒൗദ്യോഗിക വിശദീകരണം. 'വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ ലക്ഷ്യമിട്ട് ഉള്ളടക്കം നിര്‍മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ' വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് വകുപ്പിൽ ഉൾക്കൊള്ളിച്ചത്.
2000ലെ ഐ.ടി ആക്ടിലെ 66എ വകുപ്പും 2011ലെ കേരള പൊലീസ് ആക്ടിലെ 118 (ഡി) വകുപ്പും അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്ന് കണ്ട് നേരത്തേ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഈ വകുപ്പുകൾ ജനാധിപത്യത്തെ തന്നെ ദുർബലപ്പെടുത്തുന്നതാണ് എന്നായിരുന്നു സി.പി.എമ്മിൻെറ നിലപാട്. അന്ന് സി പി എം പോളിറ്റ് ബ്യൂറോ ഇതിനെ വിശേഷിപ്പിച്ചത് 'നാഴികക്കല്ലാകുന്ന വിധി' എന്ന് ആയിരുന്നു. സീതാറാം യെച്ചൂരി കോടതിവിധിയെ വലിയ ആശ്വാസമെന്ന് വിശേഷിപ്പിച്ചിരുന്നു.
എന്നാൽ, അതിനേക്കാൾ അപകടകാരിയായ, ദുരുപയോഗം ചെയ്യാൻ ഏറെ സാധ്യതയുള്ള നിയമഭേദഗതിയാണ് ഇടതുസർക്കാർ ഇപ്പോൾ നടപ്പിലാക്കുന്നതെന്ന് നിയമരംഗത്തെ പ്രമുഖർ ചൂണ്ടിക്കാട്ടുന്നു. പ്രശാന്ത് ഭൂഷൺ അടക്കമുള്ളവർ ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. വിയോജിപ്പുകളെ നിശബ്ധമാക്കാൻ ഇൗ കരിനിയമം ദുരുപയോഗം ചെയ്യപ്പെടുമെന്ന് അദ്ദേഹം ആരോപിച്ചു.
66എ വകുപ്പ് റദ്ദാക്കിയതിന് പകരം മറ്റ് നിയമവ്യവസ്ഥകളൊന്നും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിട്ടില്ല. ആ സാഹചര്യത്തിൽ സമൂഹമാധ്യമങ്ങള്‍ വഴി നടക്കുന്ന കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി നേരിടാന്‍ പൊലീസിന് കഴിയാത്ത സാഹചര്യമുണ്ടെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്.
സുപ്രീംകോടതി വിധി മറികടക്കാനുള്ള നിയമഭേദഗതി അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കൾ നേരത്തേ ഗവർണറെ കണ്ടിരുന്നു. സി.പി.ഐയും ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. നിയമം കേരളത്തിൽ ഡീപ് പൊലീസ് സ്റ്റേറ്റ് സൃഷ്ടിക്കുമെന്ന് ഡോ. എം.കെ. മുനീർ ആരോപിച്ചു. ഇൻറർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ, സോഫ്റ്റ്‍വെയർ ഫ്രീഡം ലോ സെൻറർ, സ്വതന്ത്ര മലയാളം കംപ്യൂട്ടിങ് തുടങ്ങിയവരും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
പുതിയ ഭേദഗതി പ്രകാരം അപകീർത്തികരമായ വാർത്തക്കെതിരെ ആർക്കുവേണമെങ്കിലും ആ മാധ്യമത്തിനോ ഉത്തരവാദിയായ മാധ്യമപ്രവർത്തകർക്കെതിരെയോ ഏത് പൊലീസ് സ്റ്റേഷനിലും പരാതി നൽകാം. ജാമ്യം ലഭിക്കാത്ത കുറ്റമായതിനാൽ പരാതി ലഭിച്ചാൽ പൊലീസിന് കേസെടുത്ത് അറസ്റ്റ് ചെയ്യാനും സാധിക്കും. എന്നാൽ, വാർത്ത വ്യാജമാണോ സത്യമാണോയെന്ന് പൊലീസിന് എങ്ങനെ കണ്ടെത്താനാകുമെന്നതിൽ ഇപ്പോഴും വ്യക്തതയില്ല.
ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ളവർക്കെതിരെ നടന്ന സൈബർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് യമം ശക്തിപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. വാറൻറ് ഇല്ലാതെ കേസെടുക്കാൻ കഴിയുന്ന കൊഗ്നിസിബിൾ വകുപ്പായാണ് 118 (എ) കൂട്ടിച്ചേർത്തത്. ആർക്കും പരാതിയില്ലെങ്കിലും പൊലീസിനു സ്വമേധയാ കേസെടുക്കാം. കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്ന് ഉറപ്പുണ്ടായിട്ടും ഭേദഗതി കൊണ്ടുവന്നത് തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട്, സർക്കാരിനെതിരെ നിലപാട് എടുക്കുന്നവരെ കുടുക്കാനാണെന്ന് ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.