പൊലീസ് ആക്ട്: മുഖ്യമന്ത്രിയുടെ വാദം കോടതി നിലപാടിന് വിരുദ്ധം
text_fieldsതിരുവനന്തപുരം: പൊലീസ് ആക്ട് ഭേദഗതി നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയെൻറ പ്രസ്താവന നിയമപരമായി തെറ്റെന്ന് വിദഗ്ധർ. പ്രാബല്യത്തിലുള്ള നിയമം പിൻവലിക്കുന്നതിന് പകരം നടപ്പാക്കില്ലെന്ന് പറയാൻ സർക്കാറിനാകില്ലെന്ന് ഹൈകോടതി മുമ്പുതന്നെ വ്യക്തമാക്കിയതാണ്. അതിന് വിരുദ്ധമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.
പൊലീസ് ഭേദഗതി നടപ്പാക്കില്ലെന്നാണ് മുഖ്യമന്ത്രി ആദ്യം പറഞ്ഞത്. പിന്നീടാണ് ഒാർഡിനൻസ് പിൻവലിക്കുന്ന പുതിയ ഒാർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകിയത്.
ഇൗ ഒാർഡിനൻസിൽ ഗവർണർ അന്തിമതീരുമാനം എടുക്കാത്തതിനാൽ ഇപ്പോഴും നിയമഭേദഗതി നിലവിലുണ്ട്. നിയമത്തിെൻറ അടിസ്ഥാനത്തിലുള്ള പരാതികളിൽ ചാടിക്കയറി നടപടി സ്വീകരിക്കരുതെന്ന് ഡി.ജി.പി നിർദേശം നൽകിയിട്ടുണ്ടെങ്കിലും സർക്കാറിെൻറയും പൊലീസിെൻറയും നടപടിയെ ചോദ്യംചെയ്ത് ആരെങ്കിലും കോടതിയെ സമീപിച്ചാൽ പൊലീസ് പുലിവാല് പിടിക്കുമെന്നുറപ്പ്.
പ്രാബല്യത്തിലുള്ള നിയമം പിൻവലിക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യാതെ നടപ്പാക്കാതിരിക്കാനാകില്ലെന്ന് നിയമവിദഗ്ധർ പറയുന്നു. അതിെൻറ കൂടി അടിസ്ഥാനത്തിലാണ് പിൻവലിക്കൽ ഒാർഡിനൻസിലേക്ക് സർക്കാർ നീങ്ങിയത്. 2008ൽ ഭൂപരിഷ്കരണ നിയമം നടപ്പാക്കുന്നതിൽ ഇളവനുവദിക്കുന്ന വ്യവസ്ഥ മരവിപ്പിച്ച നിവേദിത പി. ഹരെൻറ ഉത്തരവിനെ രൂക്ഷമായി വിമർശിച്ചാണ് നിയമങ്ങൾ മരവിപ്പിക്കാനാകില്ലെന്ന് ഹൈകോടതി വ്യക്തമാക്കിയത്.
അതേ സാഹചര്യമാണ് ഇപ്പോൾ പൊലീസ് ആക്ട് ഭേദഗതിയുടെ കാര്യത്തിലുമുണ്ടായത്. പിൻവലിക്കൽ ഒാർഡിനൻസ് സർക്കാർ ഗവർണർക്ക് കൈമാറിയതായാണ് വിവരം.
പൊതുസമൂഹത്തിൽനിന്ന് വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് സർക്കാർ ഒാർഡിനൻസ് പിൻവലിക്കുന്നതെന്നതിനാൽ ഗവർണർ അംഗീകരിക്കുമെന്നാണ് സൂചന.
ഭേദഗതി പിൻവലിക്കാമെന്ന് സർക്കാർ
കൊച്ചി: സൈബർ ആക്രമണവും അധിക്ഷേപവും തടയാൻ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതി പിൻവലിക്കാൻ തീരുമാനിച്ചതായി സർക്കാർ ൈഹകോടതിയെ അറിയിച്ചു. ഇതിനായി ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശിപാർശ ചെയ്യാൻ മന്ത്രിസഭ അനുമതിയായെന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സമയം ആവശ്യമാണെന്നും വ്യക്തമാക്കി. ഇക്കാര്യത്തിൽ സർക്കാറിനോട് രേഖാമൂലം വിശദീകരണം തേടിയ കോടതി, ഹരജി വീണ്ടും മൂന്നാഴ്ചക്ക് ശേഷം പരിഗണിക്കാൻ മാറ്റി.
പൊലീസ് നിയമത്തിൽ കൂട്ടിച്ചേർത്ത 118 എ വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആർ.എസ്.പി നേതാക്കളായ ഷിബു ബേബി ജോൺ, എൻ.കെ. പ്രേമചന്ദ്രൻ എം. പി, എ. എ അസീസ്, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ എന്നിവരടക്കം നൽകിയ പൊതുതാൽപര്യ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
നിയമ ഭേദഗതി പുനഃപരിശോധിക്കാൻ തീരുമാനിച്ചതിനാൽ ഇതിെൻറ അടിസ്ഥാനത്തിൽ ആർക്കുമെതിരെ കേെസടുക്കില്ലെന്ന് സർക്കാർ ചൊവ്വാഴ്ച കോടതിയെ അറിയിച്ചിരുന്നു. കൂടുതൽ വിശദീകരണത്തിനായി ഹരജികൾ ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. നിയമ ഭേദഗതി പിൻവലിക്കുന്നുവെന്ന് സർക്കാർ അറിയിച്ചിട്ടുണ്ടെങ്കിലും ഓർഡിനൻസിൽ ഗവർണർ ഒപ്പിടുന്നതുവരെ ഇത് നിലനിൽക്കുമെന്ന് ഹരജിക്കാരുടെ അഭിഭാഷകർ വാദിച്ചു.
പരാതികളിൽ നടപടികളുണ്ടാവില്ലെന്ന് കോടതിക്ക് നൽകിയ ഉറപ്പ് മാത്രമാണുള്ളത്. ഈ സാഹചര്യത്തിൽ ഭേദഗതി സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് ഹരജിക്കാർ ഉന്നയിച്ചത്. എന്നാൽ, സർക്കാറിെൻറ ഉറപ്പ് രേഖപ്പെടുത്തിയ കോടതി ഹരജികൾ മൂന്നാഴ്ചക്ക് ശേഷം പരിഗണിക്കാൻ മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.