ഡി.ജി.പി ഓഫിസിലേക്കുള്ള കെ.എസ്.യു മാർച്ചിൽ സംഘർഷം; ലാത്തിച്ചാർജ്ജിൽ നിരവധി പ്രവർത്തകർക്ക് പരിക്ക്
text_fieldsതിരുവനന്തപുരം: പ്രതിഷേധക്കാരെ മർദിച്ച പൊലീസ് നടപടിക്കെതിരെ കെ.എസ്.യു നടത്തിയ ഡി.ജി.പി ഓഫിസ് മാർച്ചിൽ സംഘർഷം. സമരം ഉദ്ഘാടനം ചെയ്ത മാത്യു കുഴൽനാടൻ എം.എൽ.എക്കും വനിതകളടക്കം നിരവധി പ്രവർത്തകർക്കും മർദനമേറ്റു. അടിയേറ്റ് നിലത്തുവീണ പ്രവർത്തകരെ വീണ്ടും തല്ലുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് എം.എൽ.എക്ക് അടിയേറ്റത്. കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ പൊലീസ് വാനിലുള്ളിൽ വെച്ചും മർദിച്ചു.
കെ.പി.സി.സി ആസ്ഥാനത്തുനിന്നാണ് മാർച്ച് ആരംഭിച്ചത്. മാർച്ചിനിടെ നവകേരള സദസ്സിന്‍റെ നിരവധി ബാനറുകളും ബോർഡുകളും പ്രവർത്തകർ തകർത്തു. മാത്യു കുഴൽനാടൻ എം.എൽ.എയാണ് ഉദ്ഘാടനം ചെയ്തത്. അടിച്ചാൽ തിരിച്ചടിക്കുമെന്ന കഴിഞ്ഞ ദിവസത്തെ പ്രതിപക്ഷ നേതാവിന്‍റെ നിലപാട് തുടരുമെന്ന മുന്നറിയിപ്പോടെയായിരുന്നു മാത്യു കുഴൽനാടന്‍റെ ഉദ്ഘാടന പ്രസംഗം. പ്രസംഗം കഴിഞ്ഞയുടൻ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർ പൊലീസിന് നേരെ മുളകുപൊടി, ഗോലികൾ തുടങ്ങിയവ വലിച്ചെറിഞ്ഞു. ആദ്യം ജലപീരങ്കി പ്രയോഗിച്ചെങ്കിലും സമരക്കാൻ പിൻവാങ്ങിയില്ല. ഇതോടെ ലാത്തി വീശി.
ഓടിമാറുന്നതിനിടെ നിലത്തുവീണവരെ പൊലീസ് നിലത്തിട്ടു തല്ലി. കടകളിലേക്ക് ഓടിക്കയറിയവരെയും പിന്തുടർന്ന് മർദിച്ചു. അടിയേറ്റ് നിലത്തുവീണവരെ യഥാസമയം ആശുപത്രിയിലെത്തിക്കാനും പൊലീസ് തയാറായില്ല. ബലപ്രയോഗത്തിലൂടെ പിടികൂടി പൊലീസ് വാനിലേക്ക് കയറ്റിയ ശേഷവും പ്രവർത്തകർക്ക് നേരെ മർദനം തുടർന്നു. അകത്തുനിന്നും പൊലീസ് വാനിന്‍റെ പിൻവാതിൽ തുറക്കാൻ ശ്രമിച്ച പ്രവർത്തകർക്കും മർദനമേറ്റു. മുതിർന്ന നേതാക്കൾ ഇത് ചോദ്യം ചെയ്തതതോടെയാണ് പൊലീസ് പിൻവാങ്ങിയത്.
കെ.എസ്.യു മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് 16 പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ഇവർക്കെതിരെ പൊതുമുതൽ നശീകരണമടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. പരിക്കേറ്റ മാത്യു കുഴൽനാടൻ എം.എൽ.എയും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ, അഭിജിത്ത് കുര്യാത്തി, അമൽ എൽദോസ്, ബൈജു കാസ്ട്രോ, വൈസ് പ്രസിഡന്റ് ആൻ സെബാസ്റ്റ്യൻ, മിവ ജോളി, തനുദേവ്, അബ്ദുൽ ഹമീദ് എന്നിവരും ജനറൽ ആശുപത്രിയിൽ ചികിത്സതേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.