കെ.എസ്.യു-യൂത്ത് കോൺഗ്രസ് രാജ്ഭവൻ മാർച്ചിന് നേരെ പൊലീസ് ലാത്തി വീശി; പ്രവർത്തകർക്ക് പരിക്ക്
text_fieldsതിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരായ കോടതി വിധിയിലും എം.പി സ്ഥാനത്തുനിന്ന് ആയോഗ്യനാക്കിയ നടപടിയിലും പ്രതിഷേധിച്ച് കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ രാജ്ഭവൻ മാർച്ചിൽ സംഘർഷം. വെള്ളിയാഴ്ച രാത്രി എട്ടോടെയായിരുന്നു മാർച്ച്.
വെള്ളയമ്പലം ജങ്ഷനിൽ പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കിയും ലാത്തിച്ചാർജും പ്രയോഗിച്ചു. നിരവധി പ്രവർത്തകരുടെ തലക്കുൾപ്പെടെ പരിക്കേറ്റു. യൂത്ത് കോൺഗ്രസ് അമ്പലത്തറ മണ്ഡലം പ്രസിഡന്റ് ഫൈസൽ, കെ.എസ്.യു ജില്ല സെക്രട്ടറി ആദേഷ്, രഞ്ജിത്ത് രവീന്ദ്രൻ ഉൾപ്പെടെ പത്തുപേർക്ക് പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിലും ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
രണ്ടുപേർക്ക് തലക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. പൊലീസിന്റെ ബാരിക്കേഡ് പ്രതിരോധം മറികടന്നതോടെ പ്രവർത്തകർക്കുനേരെ മൂന്നുതവണ ജലപീരങ്കി പ്രയോഗിച്ചു. പൊലീസിനുനേരെ പ്രവർത്തകർ തിരിഞ്ഞതോടെയാണ് ലാത്തിച്ചാർജുണ്ടായത്. ഇതിനിടെ ചില കോണുകളിൽനിന്ന് കല്ലേറുമുണ്ടായി. ചിതറിയോടിയ പ്രവർത്തകർക്ക് പിന്നാലെ പോയി പൊലീസ് ലാത്തിവീശുകയായിരുന്നു.
സമാധാനപരമായി പ്രകടനം നടത്തിയ പ്രവർത്തകരെ പൊലീസ് മൃഗീയമായി മർദിച്ചെന്നും ആർ.എസ്.എസിനെതിരെ സമരവുമായി വന്നാൽ കേരള പൊലീസ് അസ്വസ്ഥരാകുമെന്നും യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് സുധീർഷാ പാലോട് പറഞ്ഞു. യൂത്ത് കോൺഗ്രസ് മാർച്ചിനുശേഷമാണ് കെ.എസ്.യു പ്രവർത്തകർ രാജ്ഭവനിലേക്ക് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.