പി.സി. ജോർജ് കേസ് കൈകാര്യം ചെയ്തതിൽ വീഴ്ചയെന്ന് പൊലീസും
text_fieldsതിരുവനന്തപുരം: മതസ്പർധ വളർത്തുന്ന പ്രസംഗം നടത്തിയ പി.സി. ജോർജിനെതിരായ കേസ് കൈകാര്യം ചെയ്യുന്നതിൽ വീഴ്ച സംഭവിച്ചതായി പൊലീസ് വിലയിരുത്തൽ. സംസ്ഥാനത്തെ ക്രമസമാധാനനില ചർച്ചചെയ്യാൻ ചേർന്ന എ.ഡി.ജി.പിതല യോഗത്തിലാണ് വിലയിരുത്തലെന്നാണ് വിവരം. ജാമ്യം റദ്ദാക്കാൻ നടത്തുന്ന നീക്കങ്ങളും എറണാകുളത്ത് കേസെടുത്തതും നന്നായെന്ന അഭിപ്രായവും ഉയർന്നു.
വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം ഡി.ജി.പി ഉൾപ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ഓഫിസിലേക്ക് വിളിച്ചുവരുത്തിയിരുന്നു. പി.സി. ജോർജിന്‍റെ കേസ് കൈകാര്യം ചെയ്തതിൽ വീഴ്ചവന്നെന്ന വിലയിരുത്തൽ മുഖ്യമന്ത്രിയുടെ ഓഫിസിനുമുണ്ടായിരുന്നു.
ജോർജിന്‍റെ അറസ്റ്റിലും തുടർന്നുള്ള നടപടികളിലും പൊലീസ് അൽപംകൂടി ജാഗ്രത കാട്ടണമായിരുന്നെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. ജോർജിന് ജാമ്യം ലഭിച്ചത് പൊലീസിന്‍റെ പാളിച്ചമൂലമാണെന്ന പ്രതീതി സമൂഹത്തിലുണ്ടായി. കോടതി ഉത്തരവിൽ പൊലീസ് റിപ്പോർട്ടിലെ വീഴ്ച ചൂണ്ടിക്കാട്ടിയതും പ്രോസിക്യൂട്ടർ ഹാജരാകാതിരുന്നതും ദോഷം ചെയ്തെന്ന വിലയിരുത്തലുമുണ്ടായെന്നറിയുന്നു.
പൊലീസ് ആസ്ഥാനത്ത് നടന്ന ക്രൈം റിവ്യൂ മീറ്റിങ്ങിൽ ഇക്കൊല്ലം ജനുവരി മുതൽ മൂന്ന് മാസത്തെ വിവിധ കേസുകളുടെ അന്വേഷണ പുരോഗതി ഡി.ജി.പി വിലയിരുത്തി. രാവിലെ 11ന് ആരംഭിച്ച യോഗം ഉച്ചക്ക് രണ്ടിന് അവസാനിച്ചു. പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലുണ്ടായ കൊലപാതകങ്ങൾ ആവർത്തിക്കാതിരിക്കുന്നതിന് മുൻകരുതൽ കൈക്കൊള്ളാൻ തീരുമാനിച്ചു. വർഗീയ കലാപങ്ങളിലേക്ക് കാര്യങ്ങൾ പോകരുത്. ഇതിനായി ഇന്‍റലിജൻസ് സംവിധാനം ശക്തമാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.