പൊലീസും മുഖ്യമന്ത്രിയും പറയുന്നത് കള്ളം; ആദ്യം മർദിച്ചത് പൊലീസ് ഡ്രൈവർ - ഉസ്മാൻ
text_fieldsആലുവ: പൊലീസ് ക്രൂരത അരങ്ങേറിയ സായാഹ്നത്തിെൻറ ഞെട്ടലൊഴിയാതെ ഉസ്മാൻ. അടിയന്തര ശസ്ത്രക്രിയക്ക് ശേഷം ആശുപത്രിയിൽ വിശ്രമിക്കുന്ന ഉസ്മാന് താൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. തനിക്ക് നേരിട്ടത് പറഞ്ഞറിയിക്കാൻ കഴിയുന്നതിനപ്പുറമുള്ള മർദനമുറകളാണെന്ന് ഇദ്ദേഹം ഓർക്കുന്നു. കുഞ്ചാട്ടുകര കവലയിൽ റോഡരികിൽ ടൂവീലറിലിരുന്ന് സുഹൃത്തിനോട് സംസാരിക്കുകയായിരുന്ന തന്നെ ആദ്യം മർദിച്ചത് കാറിെൻറ ഡ്രൈവറാെണന്ന് ഉസ്മാൻ പറഞ്ഞു.
പിന്നീട് വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവരും ഇറങ്ങി വന്നു മർദിച്ചു. സമീപെത്ത കച്ചവടക്കാർ തടയാൻ ശ്രമിച്ചെങ്കിലും കാറിലെടുത്തിട്ട് പൊലീസ് സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു. അതുവരെയും മർദനം തുടർന്നു. അവർ പൊലീസാണെന്നറിയില്ലായിരുന്നു. സ്‌റ്റേഷനിൽ എത്തിയപ്പോഴാണ് ഇക്കാര്യം ബോധ്യമായത്. സ്റ്റേഷെൻറ മുകൾ നിലയിൽ എത്തിച്ച് ക്രൂരമർദനം തുടർന്നു.
ഓർക്കാൻ പോലും ഭയം തോന്നുന്ന മർദനമാണ് ഉണ്ടായത്. അവിടെ വീണ രക്തം പിന്നീടെത്തിയ ഉന്നത ഉദ്യോഗസ്‌ഥൻ കണ്ടിരുന്നു. പൊലീസിെൻറയും മുഖ്യമന്ത്രിയുടെയും ആരോപണങ്ങൾ കള്ളമാണ്. ഇടതുകണ്ണിന് തൊട്ടുതാഴെയുള്ള എല്ലിനാണ് കൂടുതൽ പരിക്കേറ്റത്. മർദനത്തിൽ ഒടിഞ്ഞ് ഉള്ളിലേക്ക് പോയ ഈ എല്ല് നേരെയാക്കാനാണ് ശസ്ത്രക്രിയ വേണ്ടിവന്നത്. ഒരു കണ്ണിെൻറ കാഴ്ച ശരിയായിട്ടില്ല. അസഹ്യമായ ശരീര വേദനയുണ്ടെന്നും ഉസ്മാൻ പറഞ്ഞു.
തെൻറ പേരിൽ ആരോപിക്കുന്ന 2011ലെ കേസിൽ പങ്കാളിയായിട്ടില്ല. കണ്ടാലറിയാവുന്ന 100ഓളം പേരിൽ ഒരാളായാണ് പ്രതിചേർത്തത്. അന്ന് ആലുവ കൊച്ചിൻ ബാങ്ക് കവലയിൽ വാഹനാപകടത്തിൽ മരിച്ചവർ കുഞ്ചാട്ടുകരക്കാരാണെന്നറിഞ്ഞാണ് ചെന്നത്. അവിടെ ലാത്തിച്ചാർജ് കണ്ടതിനെതുടർന്ന് തിരികെ പോന്നെങ്കിലും കേസിൽ പ്രതിയാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.