പൊലീസ്, ആരോഗ്യ സംവിധാനങ്ങൾ പ്രതിസന്ധിയിൽ;താളംതെറ്റി ജീവിതം
text_fieldsതിരുവനന്തപുരം: കോവിഡിന്റെ അതിവ്യാപനം പൊലീസ്, ആരോഗ്യ മേഖലകളുടെ പ്രവർത്തനം താളംതെറ്റിക്കുന്നു. രണ്ടാഴ്ചക്കിടെ 610 പൊലീസുകാർ രോഗബാധിതരായി. ഇതുമൂലം മുപ്പതിലധികം സ്റ്റേഷനുകളുടെ പ്രവർത്തനം പ്രതിസന്ധിയിലാണ്.
തിരുവനന്തപുരത്താണ് കൂടുതൽ പൊലീസുകാർ രോഗബാധിതരായത്. നഗരത്തിലെ എട്ട് സ്റ്റേഷനുകളിൽ സി.ഐമാരടക്കം രോഗബാധിതരാണ്. ശബരിമല ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കും കോവിഡ് പിടിപെട്ടു. ആദ്യ രണ്ട് തരംഗ സമയത്തും സമ്പർക്ക വ്യാപനം ഒഴിവാക്കാൻ ഡ്യൂട്ടി ക്രമീകരണവും ജോലിയിൽ പ്രത്യേക മാർഗനിർദേശങ്ങളും ഡി.ജി.പി നൽകിയിരുന്നു. സാനിറ്റൈസറും മാസ്കും കൈയുറകളും വിതരണവും ചെയ്തിരുന്നു. ഇപ്പോൾ പ്രതിരോധ നടപടികളൊന്നും കാര്യമായില്ല.
കോവിഡ് ഡ്യൂട്ടിയിലിരിക്കെ രോഗം ബാധിച്ച വർക്കല താലൂക്ക് ആശുപത്രിയിലെ നഴ്സിങ് ഓഫിസർ സരിത (52) മരിച്ചത് ആരോഗ്യ പ്രവർത്തകർക്കിടയിൽ ആശങ്കയുണ്ടാക്കി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർമാർക്കും മെഡിക്കൽ വിദ്യാർഥികൾക്കും രോഗംബാധിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രിയിലും പ്രതിസന്ധി രൂക്ഷമാണ്. 10 ഡോക്ടർമാർ ഉൾപ്പെടെ 17 പേരിൽ രോഗം കണ്ടെത്തി. ഇവിടെ ഡെന്റൽ, ഇ.എൻ.ടി വിഭാഗങ്ങൾ താൽക്കാലികമായി അടച്ചു.
കെ.എസ്.ആർ.ടി.സി ജീവനക്കാരിൽ രോഗം പടരുന്നത് മറ്റൊരു പ്രതിസന്ധിയാണ്. 150 ജീവനക്കാർക്ക് കോവിഡ് ബാധിച്ചതായാണ് വിവരം. ആറ് സർവിസ് റദ്ദാക്കി. കൂടുതൽ സർവിസുകൾ റദ്ദാക്കേണ്ടിവരുമെന്നാണ് വിവിധ ഡിപ്പോ മാനേജർമാർ നൽകുന്ന മുന്നറിയിപ്പ്. എന്നാൽ, പ്രതിസന്ധിയില്ലെന്നും ചില ജീവനക്കാർ വ്യാജ പ്രചാരണം നടത്തുകയാണെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. കെ.എസ്.ആർ.ടി.സി ജീവനക്കാർ ഇത് ഖണ്ഡിക്കുകയാണ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഡിപ്പോകളിലാണ് സ്ഥിതി ഗുരുതരം. തലസ്ഥാനത്ത് സിറ്റി ഡിപ്പോയിൽ മാത്രം 30 പേർക്ക് കോവിഡ് ബാധിച്ചു. ജില്ലയിലാകെ 80 പേർ രോഗികളാണ്. എറണാകുളം, കോഴിക്കോട് ഡിപ്പോകളിൽ 15 പേർക്ക് വിതം കോവിഡ് സ്ഥിരീകരിച്ചതായി കെ.എസ്.ആർ.ടി.സി വൃത്തങ്ങൾ പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ക്ലസ്റ്റർ രൂപപ്പെടുന്നതും ആശങ്ക വർധിപ്പിക്കുന്നു. സംസ്ഥാന വനം കായികമേളയിൽ പങ്കെടുത്തവരിൽ പലർക്കും കോവിഡ് ബാധിച്ചത് ആ വകുപ്പിന്റെ പ്രവർത്തനത്തെയും ബാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.