10 ലക്ഷം രക്തദാതാക്കളെ കണ്ടെത്താൻ പൊലീസും എൻ.എസ്.എസും കൈകോർക്കുന്നു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഒരു വർഷത്തിനകം 10 ലക്ഷം രക്തദാതാക്കളെ കണ്ടെത്താൻ പൊലീസും ഹയർ സെക്കൻഡറി എൻ.എസ്.എസ് വിഭാഗവും കൈകോർക്കുന്നു.
രക്തദാതാക്കളെ കണ്ടെത്താനും ആവശ്യമുള്ളവർക്ക് കാലതാമസമില്ലാതെ നൽകാനും ലക്ഷ്യമിട്ട് കേരള പൊലീസ് ആവിഷ്കരിച്ച ‘പോൾ ബ്ലഡ്’ (Pol Blood) ആപ് പ്രവർത്തനം എൻ.എസ്.എസിന്റെ ജീവദ്യുതി പരിപാടിയുമായി ഏകോപിപ്പിക്കുന്നതാണ് പദ്ധതി.
സംസ്ഥാന പൊലീസ് മേധാവി സമർപ്പിച്ച നിർദേശവും പൊതുവിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച ശിപാർശയും പരിഗണിച്ച് പദ്ധതിക്ക് അംഗീകാരം നൽകി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഹയർ സെക്കൻഡറി എൻ.എസ്.എസ് വളന്റിയർമാരെ ഉപയോഗപ്പെടുത്തി പോൾ ആപ് നൽകുന്ന സേവനങ്ങളിൽ പൊതുജനങ്ങൾക്ക് അവബോധം നൽകും. ഒന്നര ലക്ഷം എൻ.എസ്.എസ് വളന്റിയർമാരെ ഉപയോഗിച്ച് 2023-24ൽ കുറഞ്ഞത് 10 ലക്ഷം രക്തദാതാക്കളെ കണ്ടെത്താൻ പദ്ധതി ലക്ഷ്യമിടുന്നു.
ഓൺലൈൻ, ഓഫ്ലൈൻ പരിശീലന ക്ലാസുകൾ, പ്രചാരണ പരിപാടികൾ, രക്തദാന സന്ദേശം പ്രമേയമാക്കിയുള്ള ഹ്രസ്വ ചിത്രനിർമാണ മത്സരം, രക്തദാന ക്യാമ്പുകളുടെ സംഘാടനം തുടങ്ങിയ പരിപാടികൾ ഇതിനായി സംഘടിപ്പിക്കും. എൻ.എസ്.എസ്, പോൾ ബ്ലഡ് എന്നിവക്കുപുറമെ, സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും പദ്ധതിയിൽ പങ്കാളികളാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.