പൊല്ലാപ്പല്ല; പൊലീസ് ആപ്പിന് പേര് ‘പൊൽ-ആപ്’
text_fieldsഅങ്ങനെ പൊലീസ് ആപ്പിന് പേരായി. കേരള പൊലീസിന്‍റെ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കാൻ നിലവിലുള്ള മൊബൈൽ ആപ്പുകൾ സംയോജിപ്പിച്ച് തയാറാക്കിയ പുതിയ മൊബൈൽ ആപ്പിന് ‘പൊൽ-ആപ്’ എന്നാണ് പേര് നൽകിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ നിർദേശിക്കപ്പെട്ട പേരാണ് ആപ്പിന് നൽകിയത്.
തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയായ ശ്രീകാന്ത് നിർദേശിച്ച പേര് ചെറുതായൊന്ന് പരിഷ്കരിച്ചെടുത്താണ് പുതിയ ആപ്പിന് പേര് നൽകിയത്. പൊലീസിന്‍റെ പോലും ആപ്പിന്‍റെ ആപ്പും ചേർത്ത് ‘പൊല്ലാപ്പ്’ എന്ന പേര് നൽകാമെന്നാണ് ശ്രീകാന്ത് ഫേസ്ബുക്കിലൂടെ നിർദേശിച്ചിരുന്നത്. ഈ കമന്‍റ് വൻ ഹിറ്റായി മാറുകയും ചെയ്തു.
തുടർന്നാണ് ഏറ്റവും ജനപ്രീതി നേടിയ ഈ പേര് തന്നെ പൊലീസ് തിരഞ്ഞെടുത്തത്. പേര് നിർദേശിച്ചയാൾക്ക് സംസ്ഥാന പൊലീസ് മേധാവി ഉപഹാരം നൽകും. ജൂൺ 10ന് ഓൺലൈൻ റിലീസിങിലൂടെ ‘പൊൽ-ആപ്’ ഉദ്ഘാടനം ചെയ്യും.
പൊതുജനസേവന വിവരങ്ങൾ, സുരക്ഷാമാർഗ നിർദ്ദേശങ്ങൾ, അറിയിപ്പുകൾ, കുറ്റകൃത്യ റിപ്പോർട്ടിങ്, എഫ്.ഐ.ആർ ഡൗൺലോഡ്, പൊലീസ് സ്റ്റേഷനിലേക്കുള്ള നാവിഗേഷൻ, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷാനിർദ്ദേശങ്ങൾ, ജനമൈത്രി സേവനങ്ങൾ, സൈബർ ബോധവൽക്കരണം, ട്രാഫിക് നിയമങ്ങൾ, ബോധവൽക്കരണ ഗെയിമുകൾ, പൊലീസ് ഓഫിസുകളുടെയും ഉദ്യോഗസ്ഥരുടെയും ഫോൺനമ്പറുകൾ, ഇ-മെയിൽ വിലാസങ്ങൾ, ഹെൽപ് ലൈൻ നമ്പറുകൾ, വെബ്‌സൈറ്റ് ലിങ്കുകൾ, സോഷ്യൽ മീഡിയ ഫീഡുകൾ തുടങ്ങി 27 സേവനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് സമഗ്രമായ മൊബൈൽ ആപ് തയ്യാറാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.