പൊലീസ് വാദം പൊളിയുന്നു; വേൽമുരുകന് വെടിയേറ്റത് പിന്നിൽ നിന്ന്
text_fieldsകൽപറ്റ/ മാനന്തവാടി: ഏറ്റുമുട്ടലിലാണ് മാവോവാദിക്ക് വെടിയേറ്റതെന്ന പൊലീസിെൻറയും സർക്കാറിെൻറയും വാദം പൊളിയുന്നു. ചൊവ്വാഴ്ച പടിഞ്ഞാറത്തറ വനമേഖലയിൽ കൊല്ലപ്പെട്ട മാവോവാദി വേൽമുരുകന് വെടിയേറ്റത് പിന്നിൽനിന്നാണെന്ന് വിവരം ലഭിച്ചു. ഇടത് ചെവിയുടെ പിറകിലായി തലക്കും ഇടത് കൈക്കും പുറത്തും വെടിയേറ്റിട്ടുണ്ട്.
പൊലീസിനെ കണ്ടതോടെ തിരിഞ്ഞോടിയ വേൽമുരുകനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ വെടിയുതിർത്തതായി ആരോപണം ഉയർന്നുകഴിഞ്ഞു. ദേഹത്തെ പരിക്കുകളും സംശയം ഉയർത്തുന്നു. മൃതദേഹം കിടന്ന സ്ഥലത്തെ കുറിച്ചും സംശയങ്ങളുണ്ട്.
വേൽമുരുകൻ കൊല്ലപ്പെട്ട കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. കോഴിക്കോട് യൂനിറ്റിലെ ഡിവൈ.എസ്.പി ബെന്നിക്കാണ്ചുമതല. ഏറ്റുമുട്ടലാണെന്ന് വയനാട് ജില്ല പൊലീസ് മേധാവി ജി. പൂങ്കുഴലി ബുധനാഴ്ച കൽപറ്റയിൽ ആവർത്തിച്ചു. മേഖലയിൽ തണ്ടർബോൾട്ടിെൻറ പതിവ് പട്രോളിങ്ങിനിടെയാണ് വെടിവെപ്പുണ്ടായത്. ആദ്യം വെടിവെച്ചത് മാവോവാദികളാണ്. സ്വയം രക്ഷാർഥമാണ് പൊലീസ് തിരിച്ചുവെടിവെച്ചതെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
18 പേരടങ്ങുന്ന തണ്ടർബോൾട്ട് സംഘമാണ് പട്രോളിങ് നടത്തിയത്. സംഭവ സ്ഥലത്തുനിന്ന് തോക്കും തിരകളും കണ്ടെത്തിയിട്ടുണ്ട്. സമീപത്തുനിന്ന് രക്തക്കറകളും കണ്ടെത്തി. ഇത് രക്ഷപ്പെട്ട ആരുടെയെങ്കിലും ആണോയെന്നത് വിദഗ്ധ പരിശോധനക്കുശേഷം മാത്രമേ പറയാനാകൂ. ആരെയും കസ്റ്റഡിയില്ലെടുത്തിട്ടില്ല. പൊലീസിൽ ആർക്കും പരിക്കില്ല.
വേൽമുരുകനെതിരെ വയനാട്ടിലെ വിവിധ സ്റ്റേഷനുകളിൽ ഏഴു യു.എ.പി.എ കേസുകളുണ്ട്. തമിഴ്നാട്, ഒഡിഷ സംസ്ഥാനങ്ങളിലും കേസുകളുണ്ട്. ഇയാളെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്നവർക്ക് രണ്ടു ലക്ഷം തമിഴ്നാട് സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നുവെന്നും ജില്ല പൊലീസ് മേധാവി പറഞ്ഞു.
അതേസമയം, രക്ഷപ്പെട്ട മാവോവാദികൾക്കായി ബുധനാഴ്ചയും മേഖലയിൽ നക്സൽ വിരുദ്ധ സേന തിരച്ചിൽ നടത്തി. ഏറ്റുമുട്ടൽ നടന്നുവെന്ന് പറയപ്പെടുന്ന സ്ഥലത്തെ മരങ്ങളിൽ വെടിയേറ്റ പാടുകൾ ഉണ്ട്. മരം ചിതറിയ നിലയിലാണ്. സംഭവദിവസം മാധ്യമപ്രവർത്തകരെ മണിക്കൂറുകൾ തടഞ്ഞുവെച്ച പൊലീസ് ബുധനാഴ്ച ഏഴ് ഫോേട്ടാഗ്രാഫർമാർക്ക് സ്ഥലത്തേക്ക് പോകാൻ അനുമതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.