മിന്നൽ പണിമുടക്ക്; മലപ്പുറത്ത് ബസ് ഡ്രൈവർമാരായി പൊലീസ്!
text_fieldsകോടക്കൽ: സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക് തുടർന്നതോടെ പെരുവഴിയിലായ യാത്രക്കാർക്ക് ആശ്വാസമായി പൊലിസ് ഡ്രൈവർമാർ. തിരൂർ കോട്ടക്കൽ പാതയിലാണ് സ്വകാര്യ ബസ് ഡ്രൈവർമാരായി പൊലീസ് എത്തിയത്.
തിരൂർ സർക്കിൾ ഓഫീസിലെ ജിനേഷ്, ട്രാഫിക് പൊലീസിലെ ഭാഗ്യരാജു കോട്ടക്കൽ എന്നിവരാണ് സേവനവുമായി എത്തിയത്. പാതിവഴിയിൽ യാത്ര ഉപേക്ഷിക്കാൻ തീരുമാനിച്ച യാത്രക്കാർ ഇ തോടെ ആശ്വാസത്തിലായി.പൊലീസ് വാഹനത്തിൻ്റെ അകമ്പടിയോടെയായിരുന്നു ബസ്. പരപ്പനങ്ങാടി മഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന ലീഡർ ബസിലെ ജീവനക്കാരനെ കള്ളകേസിൽ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് സമരം. അതേസമയം സമരം അറിഞ്ഞിട്ടില്ലെന്നാണ് ഉടമകൾ പറയുന്നത്.
യാത്രക്കാർ വലഞ്ഞു
മലപ്പുറം: ജില്ലയിലെ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. യാത്രക്കാർ വലഞ്ഞു. പലരും പാതിവഴിയിൽ യാത്ര ഉപേക്ഷിച്ചു. വിദ്യാർഥികളാണ് കൂടുതൽ ദുരിതത്തിലായത്. പരപ്പനങ്ങാടി മഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന ഒരു സ്വകാര്യ ബസിലെ ജീവനക്കാരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് സമരം. വെള്ളിയാഴ്ച രാവിലെ ആറു മുതൽ പണിമുടക്ക് ആരംഭിച്ചത്. കോട്ടക്കൽ-തിരൂർ, കോട്ടക്കൽ-മലപ്പുറം, മഞ്ചേരി-മലപ്പുറം, മലപ്പുറ-വേങ്ങര-പരപ്പനങ്ങാടി റൂട്ടുകളിലെല്ലാം പണിമുടക്ക് ശക്തമാണ്. രാവിലെ മുന്നറിയിപ്പില്ലാതെ ആരംഭിച്ച ബസ്സമരം വിദ്യാർഥികളേയും ഉദ്യോഗസ്ഥരേയുമടക്കം ബാധിച്ചു. ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയാതെ ഭൂരിഭാഗമാളുകളും വഴിയിൽ കുടുങ്ങി. കെ.എസ്.ആർ.ടി.സി ബസുകളിൽ വൻ തിരക്ക് അനുഭവപ്പെട്ടു.
മഞ്ചേരി: സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്കിൽ വലഞ്ഞ് യാത്രക്കാർ. മഞ്ചേരി - പരപ്പനങ്ങാടി റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ജീവനക്കാരനെതിരെ പൊലിസ് കേസെടുത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തിയത്. മഞ്ചേരിയിൽ നിന്ന് പരപ്പനങ്ങാടിയിലേക്കും തിരൂരിലേക്കും തിരിച്ചും സർവീസ് നിർത്തിവെക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും പണിമുടക്ക് പൂർണമായി. മഞ്ചേരിയിൽ നിന്ന് അരീക്കോട്, നിലമ്പൂർ, വണ്ടൂർ, പാണ്ടിക്കാട്, പെരിന്തൽമണ്ണ, മലപ്പുറം, തിരൂർ ഭാഗങ്ങളിലേക്കൊന്നും ബസുകൾ സർവീസ് നടത്തിയില്ല.
പണിമുടക്ക് അറിയാതെ രാവിലെ സ്‌കൂളിലേക്കും ഓഫീസുകളിലേക്കും മറ്റുമിറങ്ങിയ യാത്രക്കാര്‍ പെരുവഴിയിലായി. മെഡിക്കല്‍ കോളജിലേക്കെത്തിയ രോഗികളും ജീവനക്കാരും ബുദ്ധിമുട്ടിലായി. പണിമുടക്ക് വിവരം അറിയാതെ ജോലിക്കിറങ്ങിയ പലരും വീട്ടിലേക്ക് തന്നെ മടങ്ങേണ്ടി വന്നു. സ്കൂളുകളിലെത്താനാകാതെ വിദ്യാർഥികൾ ദുരിതത്തിലായി. സ്കൂളുകളിൽ വിദ്യാർഥികളുടെ ഹാജർ നിലയിലും കുറവുണ്ടായി. സമാന്തര ഓട്ടോ സര്‍വീസുകളെയാണ് വിദ്യാര്‍ഥികളടക്കമുള്ളവര്‍ ആശ്രയിച്ചത്. കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തിയത് ആശ്വാസമായി. കോഴിക്കോട് - വഴിക്കടവ് - മലപ്പുറം ഭാഗത്തേക്കുള്ള ബസുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.