പൊതുപ്രവർത്തകന് പൊലീസ് സ്റ്റേഷനിൽ മർദനമേറ്റെന്ന് പരാതി
text_fieldsതിരൂരങ്ങാടി: പരാതിക്കാരെൻറ കൂടെവന്ന പൊതുപ്രവർത്തകന് പൊലീസ് സ്റ്റേഷനിൽ മർദനമേറ്റതായി പരാതി. തിരൂരങ്ങാടി സ്റ്റേഷനിലാണ് പൊതുപ്രവർത്തകൻ വെന്നിയൂർ സ്വദേശി തെന്നിയാട്ടിൽ റംഷീദിനെ മർദിച്ചതായി പരാതിയുള്ളത്.
ഇയാളുടെ അയൽവാസിയായ കെട്ടിട ഉടമയുടെ കൂടെ താമസക്കാർക്കെതിരെ പരാതി പറയാൻ സ്റ്റേഷനിലെത്തിയതായിരുന്നു റംഷീദ്. ഡ്യൂട്ടിയിലുണ്ടായിരുന്ന അഡി. എസ്.ഐയോട് സംഭവത്തെക്കുറിച്ച് പറഞ്ഞതിന് ശേഷം സി.ഐയെ കാത്തിരിക്കുന്നതിനിടെ പാറാവുകാരനായ പൊലീസുകാരൻ ഇയാൾക്ക് നേരെവന്ന് നീ കലക്ടറോട് പരാതി പറയുന്ന ആളാണെന്ന് പറഞ്ഞ് ആക്രോശിക്കുകയും കൂടെയുള്ള മറ്റു പൊലീസുകാരും ചേർന്ന് തന്നെ ക്രൂരമായി മർദിക്കുകയായിരുന്നെന്ന് റംഷീദ് പറഞ്ഞു.
അവശനായ താൻ തളർന്നിരിക്കെ സ്ഥലത്തെത്തിയ സി.ഐയും എസ്.ഐയും സംഭവത്തിൽ തന്നോട് ഖേദം പ്രകടിപ്പിക്കുകയും ക്ഷമിക്കാനും പറഞ്ഞു. തുടർന്ന് തന്നെ മർദിച്ച പൊലീസുകാരോട് സംസാരിച്ച ഉദ്യോഗസ്ഥർ പിന്നീട് തന്നെ സമീപിച്ച് ചെറിയ ഒരു പെറ്റികേസ് എടുക്കുന്നുവെന്ന് പറഞ്ഞ് തന്നെ ജാമ്യമില്ലാ കേസ് ചുമത്തിയതായും റംഷീദ് പറഞ്ഞു. തുടർന്ന് ഇയാളെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, ഇയാളെ പൊലീസ് മർദിച്ചിട്ടില്ലെന്നും സ്റ്റേഷനിൽ വന്ന് ബഹളംവെച്ചതിന് കേസെടുക്കുക മാത്രമാണ് ചെയ്തതെന്നും എസ്.ഐ നൗഷാദ് ഇബ്രാഹിം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.