സി.പി.എം മേധാവിത്വം ഉറപ്പിച്ച് പൊലീസ് അസോസിയേഷൻ തെരഞ്ഞെടുപ്പ് നാളെ
text_fieldsകണ്ണൂർ: സി.പി.എമ്മിനെ അനുകൂലിക്കുന്ന നിലവിലെ ഭരണനേതൃത്വം വീണ്ടും പിടിമുറുക്കി പൊലീസ് അസോസിയേഷൻ തെരഞ്ഞെടുപ്പിന് നാളെ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകൾ വേദിയാവുന്നു.
19 പൊലീസ് ജില്ലകൾ, ഏഴ് ബറ്റാലിയനുകൾ, ടെലികമ്യൂണിക്കേഷൻസ്, അക്കാദമി എന്നീ വിഭാഗങ്ങളിൽനിന്നായി 1262 പേരെ തെരഞ്ഞെടുക്കുന്നതിന് 1574 പേരാണ് മത്സരരംഗത്തുള്ളത്. സി.പി.എമ്മിെൻറ ഫ്രാക്ഷൻ സന്നാഹവും നിരീക്ഷണവും ശക്തമായി നടപ്പാക്കിയിട്ടും ഇക്കുറി 312 സീറ്റുകളിൽ മത്സരം രൂപപ്പെട്ടു. 950 പ്രതിനിധികൾക്ക് എതിരില്ല. കോഴിക്കോട് സിറ്റിയിലെ 56 സീറ്റിൽ 49ലും മത്സരമാണ്. തൃശൂർ സിറ്റിയിൽ 47 സീറ്റുകളിൽ 25ലും മത്സരം നടക്കുന്നുണ്ട്. മറ്റു പൊലീസ് ജില്ലകളിൽ ഭൂരിപക്ഷം സീറ്റുകളിലും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരുടെ എണ്ണമാണ് കൂടുതൽ.
എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരെല്ലാം നിലവിലെ അസോസിയേഷൻ നേതൃത്വത്തെ അനുകൂലിക്കുന്നവരാണെന്നാണ് നേതൃത്വത്തിെൻറ അവകാശവാദം. എന്നാൽ, തങ്ങളെ അനുകൂലിക്കുന്ന ചിലരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്ന് യു.ഡി.എഫ് അനുകൂലവൃത്തങ്ങൾ അവകാശപ്പെട്ടു. ഇടത് മുന്നണി അധികാരത്തിൽ വന്ന ഉടനെ നടന്ന തെരഞ്ഞെടുപ്പെന്നനിലയിൽ കഴിഞ്ഞതവണ കൂടുതൽ സീറ്റുകളിൽ എതിരില്ലായിരുന്നു.
ഇക്കുറി ചിലേടത്ത് മത്സരം രൂപപ്പെട്ടു. ചില ജില്ലകളിൽ മത്സരിക്കുന്നവരുടെ എണ്ണവും കൂടി. ഇത് ഭരണനേതൃത്വത്തെ അസ്വസ്ഥമാക്കിയിട്ടുണ്ടെങ്കിലും നാളെ നടക്കുന്ന തെരഞ്ഞെടുപ്പിൽ ശേഷിച്ച സീറ്റ് കൂടി നേടിയെടുത്ത് കൂടുതൽ എതിർശബ്ദമില്ലാത്തവിധം അസോസിയേഷൻ കൈയടക്കാനുള്ള നീക്കത്തിലാണ് ഒൗദ്യോഗികവിഭാഗം. ജില്ല ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ഇൗമാസം 27നാണ്. അടുത്തമാസം 30ന് സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും. അസോസിയേഷൻ ഭരണം ഒരുവർഷത്തേക്ക് എന്നത് രണ്ട് വർഷമാക്കി നീട്ടിയശേഷമുള്ള രണ്ടാമത്തെ തെരഞ്ഞെടുപ്പാണിത്. 2018-20 വരെ പുതിയ കമ്മിറ്റികൾക്ക് തുടരാം.
അതിനിടെ ഒാഫിസേഴ്സ് അസോസിയേഷനും ഏതാണ്ട് സി.പി.എം നിയന്ത്രണത്തിൽതന്നെ വരുമെന്നുറപ്പായി. യൂനിറ്റ് തല തെരഞ്ഞെടുപ്പ് കഴിഞ്ഞദിവസം അവസാനിച്ചപ്പോൾ 29 ജില്ല കമ്മിറ്റികളിൽ 13ലും എതിരില്ല. ഇൗമാസം 25ന് ജില്ല ഭാരവാഹികളുടെയും ആഗസ്റ്റ് 10ന് ഒാഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളുടെയും തെരഞ്ഞെടുപ്പ് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.